സെക്യൂരിറ്റി ഡ്രിൽ, മൊബൈൽ ജാമർ, '30 സെക്കൻഡ്' ഓപറേഷൻ; വാങ്‌ചുക്കിനെ നീക്കം ചെയ്തത് കൃത്യമായ ആസൂത്രണത്തിലൂടെ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാരമിരിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ സമരപ്പന്തലിൽ നിന്ന് നീക്കിയത് രഹസ്യവും കൃത്യവുമായ ആസൂത്രണത്തിലൂടെയെന്ന് റിപ്പോർട്ട്. കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദിപ്‌കെ രാവിലെ പ്രാഥമിക കൃത്യങ്ങൾക്കായി പുറത്തുപോകുന്ന സമയം മനസ്സിലാക്കിയാണ് അറസ്റ്റ് ആസൂത്രണം ചെയ്തത്.

വാങ്‌ചുക്കിനെ ഡൽഹി പൊലീസ് നീക്കം ചെയ്യുന്നതിന് ഏകദേശം നാല് മണിക്കൂർ മുമ്പ്, ശനിയാഴ്ച പുലർച്ചെ 3 മണിക്ക്, ന്യൂഡൽഹി ജില്ലാ പൊലീസ് ഉദ്യോഗസ്ഥരെല്ലാം വിളിച്ചുവരുത്തി. പാർലമെന്റിലെ സുരക്ഷാ പരിശീലനത്തിന്റെ പേരിലായിരുന്നു ഇത്. തുടർന്ന് അവരെ മന്ദിർ മാർഗ്  സ്റ്റേഷനിലേക്ക് മാറ്റി. അവിടെ വെച്ചാണ് വാങ്‌ചുക്കിനെ "30 സെക്കൻഡിനുള്ളിൽ" ജന്തർ മന്തറിൽ നിന്ന് നീക്കം ചെയ്യുമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചത്. വാങ്‌ചുക്കിനെ നീക്കം ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, പോലീസ് പ്രദേശത്ത് ഫോൺ ജാമർ സ്ഥാപിക്കുകയും ചെയ്തു.

പുലർച്ചെ 6.30-ഓടെ, പൊലീസ് പെട്ടെന്നെത്തി സ്റ്റേജിന് കുറുകെ ഒരു വെളുത്ത തിരശ്ശീല തീർത്തു. ടി-ഷർട്ടും ട്രാക്ക് പാന്റും ധരിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥർ, സമര വേദിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും കാണാൻ കഴിയാത്ത വിധം വാങ്‌ചുക്കിനെ അവിടെ നിന്ന് നീക്കിയെന്നും പേരുവെളിപ്പെടുത്താത്ത പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൽച്ചയെ പെട്ടെന്ന് സ്ഥലംമാറ്റുകയും പകരം അനുരാഗ് കുമാറിനെ നിയമിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു വാങ്‌ചുക്കിന്‍റെ അറസ്റ്റ്. ജന്തർ മന്തറിലെ പ്രതിഷേധം കൈകാര്യം ചെയ്ത രീതിയുമായി ബന്ധപ്പെട്ടാണ് ഗോൽച്ചയുടെ സ്ഥാനമാറ്റം എന്നാണ് റിപ്പോർട്ടുകൾ.

ചുമതലയേറ്റെടുത്തതിന് ശേഷം, അനുരാഗ് കുമാർ പ്രത്യേക പൊലീസ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും വാങ്‌ചുക്കിനെ നീക്കം ചെയ്യാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. "കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജിത് ദിപ്‌കെ രാവിലെ പ്രാഥമിക കൃത്യങ്ങൾക്കായി പുറത്തുപോകുന്നത് പൊലീസ് മനസ്സിലാക്കിയിരുന്നു. കൃത്യം ആ സമയത്ത് തന്നെ വാങ്‌ചുക്കിനെ നീക്കം ചെയ്യാൻ അവർ തീരുമാനിച്ചു," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

'30 സെക്കൻഡ്' പദ്ധതി

വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ശനിയാഴ്ച രാവിലെ സുരക്ഷാ പരിശീലനം നടക്കുമെന്ന് ന്യൂഡൽഹി ജില്ലയിലെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സന്ദേശം ലഭിച്ചത്. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ വെച്ച് ഡൽഹി ഡി.സി.പി സച്ചിൻ ശർമ്മ അറസ്റ്റ് നീക്കം വിശദീകരിച്ചു. ദിപ്‌കെയുടെ നീക്കങ്ങൾ നിരീക്ഷിച്ച്, 30 സെക്കൻഡിനുള്ളിൽ വാങ്‌ചുക്കിനെ നീക്കം ചെയ്യണമെന്നായിരുന്നു നിർദ്ദേശം. ഇതിനായി റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും വിന്യസിച്ചു. മെഡിക്കൽ സഹായത്തിന് എന്ന വ്യാജേന ചില പൊലീസ് ഉദ്യോഗസ്ഥരോട് ടി-ഷർട്ടും ട്രാക്ക് പാന്റും ധരിക്കാൻ നിർദേശിക്കുകയും ജന്തർ മന്തറിലെ കേരള ഹൗസിന് സമീപം ഒരു ആംബുലൻസ് പാർക്ക് ചെയ്യുകയും ചെയ്തു," ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

പുലർച്ചെ 6.30-ഓടെ ദിപ്‌കെ പോയ സമയം നോക്കി പൊലീസ് വേദിയിലെത്തി വെളുത്ത തുണികൊണ്ട് മറച്ച് വാങ്‌ചുക്കിനെ നീക്കി. "രണ്ട് മിനിറ്റിനുള്ളിൽ ഇൻസ്പെക്ടർമാരും പോലീസ് സംഘവും സ്റ്റേജിനടുത്തെത്തി. നാലോ അഞ്ചോ പൊലീസുകാർ ചേർന്ന് വാങ്‌ചുക്കിനെ ആംബുലൻസിൽ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഉടൻ തന്നെ മറ്റ് പ്രതിഷേധക്കാരെയും നീക്കം ചെയ്യാൻ തുടങ്ങി. അതേസമയം, മറ്റൊരു പൊലീസ് സംഘം ദിപ്‌കെയെ തടഞ്ഞു," ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു

Tags:    
News Summary - Security drill’, phone jammer and a white curtain: How Sonam Wangchuk was removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.