ഇംഫാൽ: മൂന്ന് വർഷത്തോളമായി തുടരുന്ന വംശീയ സംഘർഷങ്ങൾക്ക് വിരാമമിട്ട് മണിപ്പൂരിലെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിങ്. സംസ്ഥാനത്തെ ഏക മുസ്‍ലിം ഭൂരിപക്ഷ മണ്ഡലമായ ലിലോങ്ങിൽ ബി.ജെ.പി സംഘടിപ്പിച്ച ഏകദിന മണ്ഡലം തല രാഷ്ട്രീയ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകർക്കപ്പെട്ട സമാധാനം വീണ്ടെടുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാൻ ചില തൽപരകക്ഷികൾ ശ്രമിക്കുന്നുണ്ടെന്നും മണിപ്പൂരിൽ സമാധാനം തകർത്തവരെ ദൈവം പൊറുക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദുഷ്ടലാക്കോടെ പ്രവർത്തിക്കുന്ന ഇത്തരം ശക്തികൾക്ക് സാധാരണക്കാരുടെ ജീവിതം അനിശ്ചിതമായി തടസ്സപ്പെടുത്താൻ കഴിയില്ല. ആത്മാർഥതയും സത്യസന്ധതയും ഒടുവിൽ വിജയം കാണുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന മുഹമ്മദ് അലിമുദ്ദീന്റെ ധീരതയെയും നിശ്ചയദാർഢ്യത്തെയും മണിപ്പൂരിനോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സ്നേഹത്തെയും മുഖ്യമന്ത്രി ചടങ്ങിൽ പ്രകീർത്തിച്ചു. 1972ൽ മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിന് ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായിരുന്നു ലിലോങ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അലിമുദ്ദീൻ. എല്ലാ വിഭാഗം ജനങ്ങൾക്കും പരസ്പര സൗഹാർദ്ദത്തോടെയും സമാധാനത്തോടെയും സഹവർത്തിത്വത്തോടെയും ജീവിക്കാൻ കഴിയുമെന്ന അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസത്തെ ഖേംചന്ദ് സിങ് അനുസ്മരിച്ചു.
സമാധാന ശ്രമങ്ങളുടെ ഭാഗമായി അസം അതിർത്തിയോട് ചേർന്നുകിടക്കുന്ന ജിരിബാം ജില്ലയിൽ താൻ രണ്ട് തവണ സന്ദർശനം നടത്തിയതായും വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ആദ്യ സന്ദർശനത്തിൽ ഹെലികോപ്റ്റർ മാർഗ്ഗമെത്തി ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആഭ്യന്തരമായി പലായനം ചെയ്യേണ്ടി വന്നവരെ അദ്ദേഹം നേരിൽ കണ്ടിരുന്നു. കൂടാതെ സംഘർഷങ്ങളിൽ ഇരകളായ മെയ്തേയ്, ഹമർ സമുദായങ്ങളിൽപ്പെട്ടവരുടെ കുടുംബങ്ങളെയും അദ്ദേഹം സന്ദർശിച്ചു.
തുടർന്ന് റോഡ് മാർഗ്ഗം നടത്തിയ രണ്ടാമത്തെ ജിരിബാം സന്ദർശനത്തിൽ കുക്കി, ഹമർ, പൈതെയ്, മെയ്തേയ്, മെയ്തേയ് മുസ്ലിം, റോങ്മേയ് നാഗ സമുദായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ചർച്ചകൾ നടത്തിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വംശീയ കലുഷിതമായ അന്തരീക്ഷത്തിൽനിന്ന് സംസ്ഥാനത്തെ സമാധാന പാതയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നിർണായക ചുവടുവെപ്പായാണ് ഈ ജനസമ്പർക്ക പരിപാടിയെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.