ജന്തർമന്തറിൽ സി.ജെ.പി നടത്തുന്ന സമരത്തിന്റെ ഭാഗമായി നിരാഹാരം അനുഷ്ഠിക്കുന്ന സോനം വാങ്‌ചുക്
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യവുമായി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന സമരം ഞായറാഴ്ച 16 ദിവസം പിന്നിട്ടു.
സമരത്തിന്‍റെ ഭാഗമായി കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുക് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്‍റെ ശരീരഭാരം ആറ് കിലോ കുറഞ്ഞു.
ആവർത്തിച്ചുള്ള ചോദ്യപേപ്പർ ചോർച്ചകളും പരീക്ഷാ ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് മന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ സി.ജെ.പി ഉറച്ചുനിൽക്കുന്നത്. ചോദ്യച്ചോർച്ചയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത റിയ കുമാരി ഥാപ്പ എന്ന വിദ്യാർഥിനിയുടെ മാതാപിതാക്കൾ ഞായറാഴ്ച സമരവേദിയിൽ എത്തിയെന്ന് സി.ജെ.പി നേതാവ് അഭിജിത് ദീപ്‍കെ എക്‌സിലെ പോസ്റ്റിൽ അറിയിച്ചു.
അതിനിടെ, സി.ജെ.പിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സംയുക്ത കിസാൻ മോർച്ചയുടെ പ്രതിനിധി സംഘം ചൊവ്വാഴ്ച സമരവേദിയിലെത്തും. സമരമിരിക്കുന്ന ജെ.എൻ.യു വിദ്യാർഥി യൂനിയൻ ജോയന്‍റ് സെക്രട്ടറി ഡാനിഷ് അലിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ശനിയാഴ്ച ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.