സോനത്തിന് ഒളിച്ചോടി പോകാമായിരുന്നില്ലേ? എന്തിനെന്‍റെ സഹോദരനെ കൊന്നു; ഹണിമൂൺ കൊലപാതകത്തോട് പ്രതികരിച്ച് സഹോദരി

ഇൻഡോർ: ഇൻഡോറിലെ വ്യവസായിയായ രാജ രഘുവംശിയെ ഭാര്യ സോനം കൊലപ്പെടുത്തിയതിൽ പ്രതികരിച്ച് രാജയുടെ സഹോദരി.  അവൾക്ക് ഇഷ്ടപ്പെട്ട പുരുഷനൊപ്പം ഒളിച്ചോടി പോകാമായിരുന്നില്ലേ? എന്തിനെന്‍റെ സഹോദരനെ കൊന്നുകളഞ്ഞു? എന്നാണ് രാജ രഘുവംശിയുടെ സഹോദരി ശ്രാസ്തിയുടെ ചോദ്യം.

"ഏഴു ജന്മങ്ങൾ അവളോടൊപ്പം ജീവിക്കാമെന്നാണ് രാജ രഘുവംശി പ്രതിജ്ഞയെടുത്തത്. എന്നാൽ ഏഴു ദിവസം പോലും ഒരുമിച്ച് ജീവിക്കാൻ അവൾ സമ്മതിച്ചില്ലല്ലോ. ആരുടെ കൂടെ വേണമെങ്കിലും അവൾക്ക് ജീവിക്കാമായിരുന്നു. അതിന് മറ്റാരുടെയെങ്കിലും മകനെയോ സഹോദരനെയെ കൊല്ലുന്നതെന്തിന്?- ശ്രാസ്തി ചോദിക്കുന്നു.

മേഘാലയയിൽ ഹണിമൂൺ ആഘോഷത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ സോനമടക്കം അഞ്ച് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സോനത്തിന്‍റെ കാമുകൻ രാജ് കുശ്വാഹയുമായി ചേര്‍ന്നാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തത്.

ജൂൺ രണ്ടിനാണ് മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം അദ്ദേഹത്തിന്‍റെ ജന്മനാടായ ഇൻഡോറിലേക്ക് സംസ്കാരത്തിനായി കൊണ്ടുവന്നു. മേയ് 23 നാണ് ദമ്പതികളെ കാണാതാകുന്നത്. രാജയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സോനത്തിനെ കണ്ടെത്താനായില്ല. ഒടുവിൽ കഴിഞ്ഞ ദിവസം യുവതി ഉത്തര്‍പ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങുകയായിരുന്നു.

അബോധാവസ്ഥയിലായിരുന്ന സോനം തങ്ങളെ ഒരു സംഘം ആക്രമിച്ചു കൊള്ളയടിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. കൊലപാതകത്തിലെ മറ്റ് മൂന്ന് പ്രതികളായ വിശാൽ ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് കുർമി എന്നിവരെ കുശ്വാഹ വാടകക്കെടുത്തതാണെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.