മമത ബാനർജി

ബിർഭും അക്രമങ്ങൾക്ക് പിന്നിൽ വൻ ഗൂഡാലോചന -മമത

കൊൽക്കത്ത: എട്ട് പേരെ ചുട്ടെരിച്ചു കൊന്ന പശ്ചിമ ബംഗാളിലെ ബിർഭുമിൽ മുഖ്യമന്ത്രി മമത ബാനർജി സന്ദർശിച്ചു. കൊലപാതകങ്ങൾക്ക് പിന്നിൽ വലിയ ഗൂഡാലോചന നടന്നതായി മമത ആരോപിച്ചു.

ആധുനിക ബംഗാളിൽ ഇതുപോലൊരു അക്രമം സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അമ്മമാരും കുട്ടികളും കൊല്ലപ്പെട്ടു. കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. ഇത് എന്‍റെ ഹൃദയത്തെ മുറിവേൽപിച്ചിരിക്കുകയാണെന്ന് മമത പറഞ്ഞു.

സംഭവത്തിൽ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും കൊലപാതകങ്ങൾ എല്ലാ കോണിൽ നിന്നും അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പരാതികളോട് പ്രതികരിക്കുന്നതിൽ അനാസ്ഥ കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് സംസ്ഥാന പൊലീസ് അധികാരിയോട് നിർദേശിച്ചു.

അക്രമികൾ രക്ഷപ്പെട്ടതിന് തനിക്ക് ഒഴികഴിവൊന്നും കേൾക്കെണ്ടെന്നും ഉത്തരവാദികളെ പിടികൂടാതെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് നേരെ നടപടി എടുക്കുമെന്നും മമത കൂട്ടിച്ചേർത്തു. സാക്ഷികൾക്ക് സംരക്ഷണമേർപ്പെടുത്തും. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വീടുകളുടെ അറ്റകുറ്റ പണിക്ക് രണ്ടുലക്ഷം രൂപയും ​ജോലിയും നൽകും.

സംഭവത്തിന് ശേഷം നിരവധി ഗ്രാമീണരാണ് പ്രതികാരമോ അറസ്റ്റോ ഭയന്ന് ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തത്. രണ്ട് സംഭവങ്ങളും രാഷ്ട്രീയ സംഘർഷത്തിന് വഴിവെച്ചെങ്കിലും പ്രാദേശിക വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.

തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവിന്‍റെ മരണത്തിന് പിന്നാലെ നടന്ന അക്രമത്തിൽ ക്രമസമാധാനം നിയന്ത്രിക്കാൻ സാധിക്കാത്ത മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - "Something Big" Behind Bengal Killings: Mamata Banerjee Amid Political Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.