(ഇൻസൈറ്റിൽ വെർണൻ ഗൊൺസാൽവസ്)

ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിഞ്ഞ വെർണൻ ഗൊൺസാൽവസ് എഴുതുന്നു; ഇന്ത്യൻ ജയിലുകളിലെ ആതുര പരിചരണരംഗത്തെ ഞെട്ടിക്കുന്ന അനുഭവങ്ങൾ...

ഭീമ കൊറേഗാവ് കേസിൽ നീണ്ട അഞ്ചു വർഷം വിചാരണയില്ലാതെ ജയിലിൽ കഴിഞ്ഞതിനൊടുവിൽ കഴിഞ്ഞ വർഷം സുപ്രീം കോടതി ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയ വെർണൻ ഗൊൺസാൽവസ് ഇന്ത്യൻ ജയിലുകളിലെ ആധിയുണർത്തുന്ന ആതുര പരിചരണത്തിന്റെ പരിഭവങ്ങൾ പങ്കുവെക്കുന്നു.

ഏ​കദേശം 11 വർഷം ഞാൻ ജയിലിൽ കഴിഞ്ഞിട്ടുണ്ട്, അതും മഹാരാഷ്ട്രയിലെ ഏറ്റവും കൂടുതൽ അന്തേവാസികളുള്ള ജയിലുകളിൽ ഒന്നിലേറെ ഘട്ടങ്ങളിലായി. 2007 മുതൽ 2013 വരെയുള്ള ആദ്യ തടവറക്കാലം എനിക്ക് 50 വയസ് തികഞ്ഞ ഉടനായിരുന്നു. രണ്ടാമത്തേത് 2018 മുതൽ 2023 വരെ. അത് എന്റെ 60കളിലും.

പ്രായം ഇത്തിരി കൂടുതലായതിനാലാകണം, ഞാൻ കഴിഞ്ഞ ജയിലുകളിലെ ആതുര പരിചരണത്തിലേക്ക് എ​ന്റെ സവിശേഷ ശ്രദ്ധ പതിഞ്ഞത്. കോവിഡ് മഹാമാരി കാലത്ത്,വലിയ കാലയളവ് ഞാൻ കഴിച്ചുകൂട്ടിയത് ടലോജ സെൻട്രൽ ജയിൽ ആശുപത്രിയിൽ പ്രായം 80 പിന്നിട്ട രണ്ട് സഹതടവുകാരുടെ കൂട്ടിയിരിപ്പുകാരനായിട്ടായിരുന്നു. പ്രഫ. വരവരറാവു, ഫാദർ സ്റ്റാൻ സ്വാമി എന്നിവരായിരുന്നു അവർ. ജയിലിലെ ആരോഗ്യ സംവിധാനം കൂടുതൽ അടുത്തുകാണാൻ ഇത് അവസരമായി.

മറ്റു ജയിലുകളിലും കഴിയേണ്ടിവന്ന സഹതടവുകാർ പറഞ്ഞുതന്ന കഥകൾ കൂടിയായപ്പോൾ മഹാരാഷ്ട്രയിലെ ജയിലുകളിൽ ആതുരശുശ്രൂഷയെ കുറിച്ചുള്ള ഏകദേശ ചിത്രമാകും. ഈ നിരീക്ഷണങ്ങളത്രയും ഏകപക്ഷീയമാകാം. ചിലപ്പോൾ പക്ഷപാതപരമെന്നും ചിലർക്ക് മുദ്രകുത്താം.

അഴികൾക്കുള്ളിൽനിന്നുള്ള കാഴ്ചയാണിത്. വേണേൽ യഥാർഥമോ ആരോപിതനോ ആയ ഒരു ‘ക്രിമിനലി’ന്റെ അഭി​പ്രായമെന്നും വിളിക്കാം. എന്നാൽ, മറുവശത്തുനിന്നുള്ള ശബ്ദങ്ങൾ കൂടി ശ്രവിക്കുന്നത് വസ്തുത കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും.

വെർണൻ ഗൊൺസാൽവസ് 

പീഡനവും ഡോക്ടറും

ജയിൽ ഡോക്ടർമാരെ കുറിച്ച എന്റെ പക്ഷപാതപരമായ നിലപാടിൽനിന്ന് തുടങ്ങാം. അന്ന്, 2018ൽ യെർവാഡ ജയിലിലേക്ക് ഞാൻ ആദ്യമായി എത്തുകയാണ്. കൂടെ സഹപ്രതി അരുൺ ഫെരേരയുമുണ്ട്, അഭിഭാഷകനാണ് അദ്ദേഹം. പൊലീസ് കസ്റ്റഡിയിൽ അടിയേറ്റതിനെ കുറിച്ച് അരുൺ കോടതിയിൽ പരാതി ബോധിപ്പിച്ചിരുന്നു. അതിനാൽ തന്നെ, ഡ്യൂട്ടിയിലുള്ള മെഡിക്കൽ ഓഫീസറുടെ മുമ്പിൽ ഹാജരാക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. രാത്രി 10 മണിയായിട്ടുണ്ട്. ഡോക്ടർ അപ്പോൾ കാമ്പസിൽ ഇല്ല. പ്രത്യേകം വിളിച്ചുവരുത്തിയതായിരുന്നു.

ജയിലിന്റെ ചെറുവാതിലുകളിലൂടെ അകത്തുകടക്കുമ്പോൾ ഇരുവശത്തും ഗാർഡുമാർ നിന്ന് താങ്ങിയാണ് ഡോക്ടറുടെ നിൽപ് എന്ന് ഞങ്ങൾ ശ്രദ്ധിച്ചു. മുമ്പും തടവറകളിൽ കഴിഞ്ഞതിനാൽ പൊതുവെ ജയിൽ ഡോക്ടർമാരെ കുറിച്ച് ഞങ്ങൾക്ക് അത്ര നല്ല അഭിപ്രായമൊന്നുമല്ല. മദ്യപിച്ച് പിടിവിട്ടുപോയെന്ന് തോന്നിയെങ്കിലും ശരിക്കും തെറ്റിയത് ഞങ്ങൾക്കാണ്.

തന്റെ ജോലി കൃത്യമായി തന്നെ അദ്ദേഹം നിർവഹിച്ചു. ശാരീരിക അവശതകളാലാണ് നേരെ നിൽക്കാനാകാത്തതെന്നും മനുഷ്യത്വമുള്ള, സമർപണ മനോഭാവമുള്ള അദ്ദേഹം ജയിൽ ആതുരശുശ്രൂഷ രംഗത്തെ ശരിക്കും തനിത്തങ്കമെന്നു വിളിക്കാവുന്ന അപൂർവം വ്യക്തിത്വമാണെന്നും മനസ്സിലായി.

മുമ്പുണ്ടായ പീഡാനുഭവങ്ങളായിരുന്നു തെറ്റിദ്ധാരണ സൃഷ്ടിച്ചത്. 2008ൽ ഒരു തടവുകാരനായിരിക്കെ, ആർതർ റോഡ് ജയിലിൽ ചില മുസ്‍ലിം തടവുകാർക്കെതിരെ ജയിൽ അധികൃതർ ക്രൂരമായ മർദനം നടത്തുന്നതിന് സാക്ഷിയായിരുന്നു. മുംബൈ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്, മെഡിക്കൽ സർട്ടിഫിക്കറ്റിൽ ജയിൽ ഡോക്ടർമാർ അവരുടെ പരിക്കുകൾ ‘ജയിൽ അധികൃതരെ രക്ഷിക്കാനായി കൃത്രിമത്വം വരുത്തി’യെന്നാണ്.

ഈ ഡോക്ടർമാരുടെ പങ്ക് അപമാനകരവും നിന്ദ്യവുമാണെണ് ബോംബെ ഹൈകോടതി പിന്നീട് കണ്ടെത്തി. സമാനമായി, ബൈകുള വനിത ജയിലിൽ മഞ്ജുള ഷേട്ടി എന്ന വനിത തടവുകാരി ജയിൽ ജീവനക്കാരുടെ കഠിന മർദനത്തിൽ മരണപ്പെട്ടിരുന്നു. അവിടെയും ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ അവരുടെ ശരീരത്തിൽ പരിക്കേറ്റ പാടില്ലെന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണവും കോടതിയുമൊക്കെ കാണുന്ന അപൂർവ കേസുകളിൽ ചിലതു മാത്രമാണിവ.

വെർണൻ ഗൊൺസാൽവസ്

മോഡൽ ജയിൽ മാന്വൽ 2003 പ്രകാരം രൂപം നൽകിയ മഹാരാഷ്ട്ര ജയിലുകൾ (ജയിൽ ആശുപത്രി) (ഭേദഗതി) നിയമം 2015ലെ 3(2)(38) വകുപ്പ് പ്രകാരം ജയിൽ മെഡിക്കൽ ഓഫീസറുടെ ചുമതലയിങ്ങനെ: ‘‘തടവുകാരുടെ ശരീരത്തിൽ ജയിൽ ജീവനക്കാർ വരുത്തിയതെന്ന് കരുതുന്ന മുറിവുകൾ കണ്ടാൽ ജയിൽ അഡീഷനൽ പൊലീസ് ഡയറക്ടർ ജനറലിനെയോ ജയിൽ ഇൻസ്​പെക്ടർ ജനറലിനെയോ അറിയിക്കുക’’.

ജയിൽ ജീവനക്കാർ വക മർദനവും അടിയും പതിവു സംഭവമാണ്. ചിലപ്പോഴൊക്കെ ഞാൻ കണ്ണുകൊണ്ടും പലപ്പോഴും കാതുകൊണ്ടും അതിന് സാക്ഷിയുമാണ്. യെർവാഡ ജയിലിൽ ശാരീരിക ദണ്ഡനങ്ങൾക്ക് ഇഷ്ട സ്ഥലമായ ഗാന്ധി യാർഡ്, എ​ന്നെ പാർപിച്ച ഫാൻസി യാർഡിന് തൊട്ടടുത്താണ്.

തൊട്ടടുത്ത മുറിയിൽ ഇരകളുടെ ചെവി തുളക്കുന്ന അട്ടഹാസങ്ങൾ എന്റെ അവിടുത്തെ പതിവ് അനുഭവമായിരുന്നു. മർദനങ്ങൾക്കിടെ പരിക്ക് ഗുരുതരമാകുകയും തളരുകയും ചെയ്യുമ്പോൾ അയാളെ ജയിൽ ആശുപത്രിയിലേക്ക് മാറ്റും. പക്ഷേ, 2015ൽ നിയമമായി എട്ടു വർഷം കഴിഞ്ഞെങ്കിലും ഏതെങ്കിലും മെഡിക്കൽ ഓഫീസർ തന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി 3(2)(38) നിയമം പാലിച്ചതായി ഞാൻ കേട്ടിട്ടില്ല.

അതേ സമയം, പീഡനങ്ങളിൽ ഡോക്ടർമാരുടെ പങ്കാളിത്തം നിരവധി കേസുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജയിൽ ജീവനക്കാരുടെയും ഡോക്ടർമാരുടെയും താൽപര്യം ഒന്നാകുന്നതാണ് ഈ പങ്കാളിത്തത്തിലേക്ക് നയിക്കുന്നതെന്നാണ് പൊതു ധാരണ. എന്നാൽ, അത്തരം സമ്മർദങ്ങളില്ലാത്ത ജയിലുകൾക്ക് പുറത്തെ ഡോക്ടർമാരിലും ഈ സ്വഭാവം കാണാം. പൊലീസ് പീഡന ഇരകളിൽ പലരുമായും ജയിലിൽ ഞാൻ സംസാരിച്ചതിൽ മനസ്സിലായത്, സർക്കാർ, മുനിസിപ്പൽ ആശുപത്രികളിലെത്തുമ്പോൾ അവിടങ്ങളിലെ ഡോക്ടർമാരും 1973ലെ ക്രിമിനൽ ​ചട്ടം 54 പ്രകാരം അവരുടെ ശരീരത്തിലെ മുറിവുകളോ അക്രമത്തിന്റെ പാടുകളോ രേഖപ്പെടുത്താൻ താൽപര്യപ്പെടാറില്ലെന്നാണ്.ഇരകൾ പരാതിപ്പെട്ടാൽ പോലും പലപ്പോഴും താൽപര്യക്കുറവു കാട്ടുമെന്ന് മാത്രമല്ല, പൊതുവെ ഇവ രേഖപ്പെടുത്താൻ വിസമ്മതിക്കുകയും ചെയ്യും. എന്റെ അനുഭവവും പറയേണ്ടതാണ്. തടവുകാരനായിരിക്കെ മെഡിക്കൽ രംഗ​ത്തുള്ളവരുമായി ആദ്യ മുഖാമുഖം 2007ൽ എന്നെ കസ്റ്റഡിയിലെടുത്ത ദിവസം ​മുംബൈ കെ.ഇ.എം ആശുപത്രിയിലാണ്. എന്നെ നന്നായി അടിച്ചുവശാക്കിയിരുന്നു. ഞാൻ കടുത്ത സമ്മർദത്തിലുമായിരുന്നു. എന്നിട്ടും, കാഷ്വൽറ്റി ഡോക്ടറോട് ധൈര്യം സംഭരിച്ച് സംഭവിച്ചതെല്ലാം ഞാൻ പറഞ്ഞു. ചട്ടപ്പടി പാലിച്ച് ‘എല്ലാം ശരിയാണ്’ എന്ന സർട്ടിഫിക്കറ്റാണ് അദ്ദേഹവും എഴുതി തുടങ്ങിയത്. എന്റെ പരിഭവങ്ങൾക്ക് അവരോട് താനും വല്ലതും ചെയ്തുകാണും എന്ന മറുപടിയും പറഞ്ഞു.


ഇവിടെ സൂചനയിതാണ്. ഞാൻ അറസ്റ്റിലായതിനാൽ ക്രിമിനലാണ്. നിരപരാധിയെന്നു തെളിയിക്കുംവരെ കുറ്റവാളി തന്നെ. അതിനാൽ, അൽപം പീഡനമേൽക്കാം. കണ്ണുകളിൽ നിരാശ പടർന്ന്, അകത്ത് രോഷം ​തിളച്ചുമറിഞ്ഞെങ്കിലും ഒന്നും പുറത്തുകാട്ടാതെ അ​യാളോട് തന്റെ പണി ചെയ്തോളാൻ ആവശ്യപ്പെട്ടു.

എന്റെ ശരീരഭാഷ കൃത്യമായി വായിച്ചെടുത്ത് ഇവിടെ അവസാനിപ്പിക്കാൻ പോകുന്നില്ലെന്നും കോടതിയിൽ വിഷയമെത്തുമെന്നും മനസ്സിലാക്കിയ ​അദ്ദേഹം അത് രേഖപ്പെടുത്താൻ തുടങ്ങി. പക്ഷേ, താൽപര്യപൂർവമല്ലെന്ന് എന്റെ കൂടെയുണ്ടായിരുന്ന പൊലീസുകാർക്ക് സൂചന നൽകിയ ശേഷമായിരുന്നു നടപടി.

ജയിലിലെ മരുന്ന്- അയുക്തികം, ക്രമരഹിതം

സ്വന്തമായ യുക്തി പ്രകാരം ചലിക്കുന്ന സ്ഥാപനങ്ങളാണ് ജയിലുകൾ. അവയെ അയുക്തിക​മെന്ന് എനിക്ക് വിളിക്കാമോ? ജയിൽ ചുമരുകൾക്കകത്ത് പുലർന്നുപോരുന്ന മരുന്ന് വിതരണ സംവിധാനമാണത്. ജയിൽ സൂപ്രണ്ടും ചീഫ് മെഡിക്കൽ ഓഫീസറും സംയുക്തമായാണ് ഈ നിയമങ്ങൾ നടപ്പാക്കുന്നത്. അലോപതിക് മരുന്നുകളല്ലാത്തവയെല്ലാം നിരോധിക്കലാണ് അതിലൊന്ന്. ജയിലിലെ മെഡിക്കൽ ഓഫീസർമാരിൽ പലരും അലോപതിയിൽ അല്ലാത്ത യോഗ്യതയുള്ളവരായിരിക്കെയാണ് ഈ വിലക്ക്.

ഞാൻ നാഗ്പൂർ സെൻട്രൽ ജയിലിലായിരിക്കെ മൂലക്കുരുവിന് മുമ്പ് ഉപയോഗിച്ചുപോന്ന ആയുർവേദ മരുന്ന് കൈയിൽ കരുതിയിരുന്നു. അതുപക്ഷേ, ഗെയ്റ്റിൽ തടഞ്ഞ് പിടികൂടി.


അത് കണ്ടുകെട്ടിയ ഡോക്ടർ ആകട്ടെ, ആയുർവേദ ബിരുദധാരിയായിരുന്നു. ഇതേ കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല. ചെറുതായൊന്ന് പുഞ്ചിരിയിൽ എല്ലാമൊതുങ്ങി. എനിക്കുപക്ഷേ, തിരിച്ച് പുഞ്ചിരിക്കാനായില്ല. അവിടെ പക്ഷേ, അഭിഭാഷകനായ എന്റെ സഹതടവുകാരൻ സുരേന്ദ്ര ഗാഡ്‍ലിങ് മൗനിയായിരിക്കാൻ ഇഷ്ടപ്പെട്ടില്ല. തന്റെ അറസ്റ്റിന് മുമ്പ് അദ്ദേഹം ഏറെയായി ആയുർവേദ ഡോക്ടറുടെ ചികിത്സയിലായിരുന്നു.

പുണെയിൽ ജയിലിലായിരിക്കെ അദ്ദേഹം മരുന്ന് കൂടെ കരുതാൻ കോടതി ഉത്തരവ് വാങ്ങി. അവിടുന്ന് ടലോജ ജയിലി​ലേക്ക് മാറ്റിയപ്പോൾ അലോപ്പതി മാത്രമേ ഇവിടെ അനുവദിക്കൂ എന്നു പറഞ്ഞ് ആയുർവേദ മരുന്നുകൾക്ക് വീണ്ടും വിലക്കു വീണു. ഈ സമയം, ആശുപത്രിയിലുണ്ടായിരുന്ന മൂന്ന് ഡോക്ടർമാരും ബി.എ.എം.എസ് ബിരുദധാരികളായിരുന്നുവെന്നതാണ് വൈരുധ്യം.

സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെതിരെ ഗാഡ്‍ലിങ് ക്രിമിനൽ പരാതി (Civil and Criminal Court, Panvel. Surendra Pundlik Gadling versus Umaji Tolaram Pawar and Ors. Cri M. A. No 261/2022) നൽകി. പെട്ടെന്ന് മരുന്ന് വിലക്കുന്നത് ലൈഫ് സപ്പോർട്ട് സംവിധാനം എടുത്തുകളയുന്നതിന് തുല്യമാണെന്നും അങ്ങനെ കൊലപാതകം നടത്തുക്യാണെന്നുമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. അദ്ഭുതം തോന്നരുത്, ആ കേസ് 2022 മുതൽ ഇപ്പോഴും തുടരുകയാണ്.

അലോപതി മരുന്നുകൾ അല്ലാത്തവക്ക് വിലക്കു​ണ്ടെന്നുവെച്ച് അലോപതി മരുന്ന് വിതരണത്തിന് കൃത്യമായ വ്യവസ്ഥയുണ്ടെന്നൊന്നും ധരിച്ചുവശാകരുത്. അലർജി, ജലദോഷം, കണ്ണുരോഗം, തലവേദന, വയറിളക്കം, മലബന്ധം തുടങ്ങിയവക്കൊക്കെ പതിവായി മരുന്ന് ലഭിക്കും. തടവുകാരും ജയിൽ ഗാർഡുമാരും ബാരകിൽനിന്ന് ബാരകിലേക്ക് ഗുളികളുടെ പെട്ടികളുമായി ഇതും പിടിച്ച് നടക്കുന്നുണ്ടാകും. ഈ രണ്ട് വിഭാഗങ്ങളാണ് രോഗ നിർണയം നടത്തുന്നതും മരുന്ന് നൽകുന്നതും. കൂടുതൽ സ്റ്റോക്കുള്ള, അവധി അവസാനിക്കാനടുത്ത മരുന്നുകൾ നൽകാനാകും കൂടുതൽ താൽപര്യം.

ആന്റിബയോട്ടിക്കുകൾ പലതരം രോഗത്തിനും ലഭിക്കും. ശരാശരി രണ്ടു ദിവസത്തേക്കാകും ഇവ ഉപയോഗിക്കുക. മരുന്നുകൾക്ക് സ്വന്തം ഉപയോഗം തിരിച്ചറിഞ്ഞവരുമുണ്ട്. അമോക്സിലിൻ വിരേചനത്തിന് ഉപയോഗിക്കുന്നത് ഉദാഹരണം. അതേ സമയം, രോഗത്തിന് വർഷങ്ങളായി സ്ഥിരം മരുന്ന് കഴിക്കുന്നവർക്ക് അതുലഭിക്കാൻ ശരിക്കും പ്രയാസപ്പെടണം. ഇത്തരം മാറാവ്യാധികൾക്ക് മരുന്ന് തരപ്പെടുത്താൻ നിരന്തരമുള്ള അപേക്ഷ സമർപിക്കൽ കൂടിയായിരുന്നു എന്റെ ജയിൽ കാലം.

ജയിലുകളിലെ തളർച്ചയും മരണവും

പെട്ടെന്ന് ശരീരം തളർന്നുപോയി മരണം വരെ സംഭവിക്കുന്നതായിരുന്നത് ജയിൽ ജീവിതത്തിൽ ഞാൻ പ​ലപ്പോഴും സാക്ഷ്യം വഹിച്ചതാണ്. പ്രായമേറിയവരുള്ള ‘ബുഡ്ഡ ബാരകി’ലായിരുന്നു ഇത് കുടുതൽ. പ്രമേഹം, രക്താതിസമ്മർദം, ആസ്ത്മ, ആർത്രൈറ്റിസ് തുടങ്ങിയ രോഗ ബാധിതരായിരുന്നു പലരും. വീട്ടിലും നാട്ടിലും ഇത് സ്വയമേവ കൈകാര്യം ചെയ്തവർ പക്ഷേ, ജയിലിലെത്തിയപ്പോൾ ശരിക്കും പ്രയാസപ്പെട്ടു. മരുന്നു ലഭ്യത കുറവടക്കം അവരെ വേട്ടയാടി.

Courtesy: Arun Ferreira

70 പിന്നിട്ട ഒരാൾ പ്രമേഹ, രക്താതിസമ്മർദ രോഗിയായിരുന്നു. പക്ഷേ, ഉറക്കവും ഭക്ഷണവും പരിസര ശുചിത്വവുമടക്കം എല്ലാം ചിട്ടയായി ചെയ്തുവരികയായിരുന്നു. എന്നാൽ,​ പെട്ടെന്നൊരുനാൾ വന്ന അണുബാധയും കൂടെ ജാമ്യാപേക്ഷ തള്ളിയതുമായപ്പോൾ അദ്ദേഹം തളർന്നുപോയി. ഏറെ വേണ്ടിവന്നില്ല, അദ്ദേഹം മരിച്ചുപോകാൻ. സമാനമായി, വേറെയും സംഭവങ്ങൾ.

തടവുകാരെ അനുഗമിക്കാർ ഗാർഡുമാർ വളരെ കുറവായതിനാൽ പലപ്പോഴും കൈക്കൂലി നൽകാൻ കൈയിലുള്ളവർക്കേ ആശുപത്രികളിലേക്ക് ഇടക്ക് പോകൽ നടക്കൂ. അല്ലാത്തവർ എത്ര കടുത്ത ആവശ്യക്കാരായാലും മരണം വന്നുവിളിക്കുംവരെ കാത്തിരിപ്പ് മാത്രമാകും ഫലം.

2022 മഴക്കാലത്ത് എനിക്കുമുണ്ടായി സമാനമായൊരു അനുഭവം. അണുബാധ വന്ന് ശ്വാസമെടുക്കൽ തടസ്സമായി. പുറത്തെ ആശുപത്രിയിലെത്തിക്കണമെന്ന് ഞാൻ ജയിൽ സ്റ്റാഫിനോട് കെഞ്ചി. ചീഫ് മെഡിക്കൽ ഓഫീസർ പക്ഷേ, അത്യാവശ്യമില്ലെന്നായിരുന്നു വിധി പറഞ്ഞത്. കൂടെയുള്ള തടവുകാരൻ പ്രശ്നമുണ്ടാക്കിയതോടെ അധികൃതർ എ​​ന്നെ ഇവിടെ വരുന്ന സ്​പെഷലിസ്റ്റ് ഡോക്ടറെ കാണിച്ചു. അദ്ദേഹം അടിയന്തരമായി ഓക്സിജൻ നൽകിയും മറ്റു സേവനങ്ങൾ ഉറപ്പാക്കിയും ജെ.ജെ ആശുപത്രിയിലേക്ക് മാറ്റാൻ പറഞ്ഞു. അവസാനം രോഗം ഭേദമാകുംവരെ മാധ്യമ ശ്രദ്ധയും കോടതി ഇടപെടലുമുണ്ടായി. പ്രഫ. വരവരറാവുവും ഇതുപോലെ രക്ഷപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

മാറണം, വ്യവസ്ഥ

ഒരു ശരാശരി തടവുകാരന്, പോംവഴി അടിസ്ഥാനപരമായ മാറ്റമാണ്. ‘‘പ്രായം ചെന്ന, അനുഭവ സമ്പന്നനായ ഒരു തടവുകാരനെന്ന നിലക്ക് എന്റെ വിശ്വാസം മാറ്റം തുടങ്ങേണ്ടത് ഭരണകൂടങ്ങളാണ് എന്നാണ്. ജീവകാരുണ്യ പ്രവർത്തകർക്ക് സർക്കാർ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ മാത്രമേ ആകൂ’’- ‘ജയിലുകളോ ആശുപത്രികളോ’ എന്ന പേരിൽ മുമ്പ് മഹാത്മ ഗാന്ധി എഴുതിയ കുറിപ്പിലെ വരികൾ.

1947നു ശേഷം സർക്കാർ നിയമിച്ച നിരവധി ജയിൽ പരിഷ്‍കരണ സമിതികൾ വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. 1983 മാർച്ച് 31ന് മുല്ല കമീഷൻ റിപ്പോർട്ട് അതിലൊന്ന്. അതുപോലും കേന്ദ്ര സർക്കാർ പ്രാബല്യത്തിലാക്കാൻ 20 വർഷമെടുത്തു. മോഡൽ ജയിൽ മാന്വൽ 2003നൊപ്പമായിരുന്നു അത്. മഹാരാഷ്ട്ര സർക്കാർ പിന്നെയും 12 വർഷമെടുത്താണ് മഹാരാഷ്ട്ര ജയിൽ മാന്വൽ പരിഷ്‍കരിച്ചത്.

അതിലെ നിർദേശങ്ങൾ​ പ്രകാരം സെൻട്രൽ ജയിലുകൾക്ക് 50+ കട്ടിലുകളുള്ള ‘എ’ വിഭാഗം ആശുപത്രി കൂടി വേണം. ഒരു ചീഫ് മെഡിക്കൽ ഓഫീസർ, അഞ്ച് മെഡിക്കൽ ഓഫീസർമാർ, മൂന്ന് സ്റ്റാഫ് നഴ്സ്, രണ്ട് ഫാർമസിസ്റ്റ്, മൂന്ന് നഴ്സിങ് അസിസ്റ്റന്റ്, രണ്ട് ലാബ് ടെക്നീഷ്യൻസ് എന്നിവരുള്ളതാകണം ആശുപത്രി. നിയമം വന്ന് ഒമ്പതാം വർഷമായെങ്കിലും ഒരു ജയിൽ പോലും ഇത് നടപ്പാക്കിയിട്ടില്ല. അതിനിടെ, എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കാൻ ബാധ്യതയുള്ള, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറ​ത്തിറക്കിയ ​മോഡൽ പ്രിസൺസ് ആന്റ് കറക്ഷനൽ സർവീസസ് നിയമം 2023 പ്രകാരം ഒരു ആശുപത്രിയും ഒരു മെഡിക്കൽ ഓഫീസറും വേണം. എന്നാൽ, ഈ നിയമം ഒരു മെഡിക്കൽ ഓഫീസ് ഉണ്ടായാൽ നന്ന് എന്നേ പറയുന്നുള്ളൂ. ഇതേ അവസ്ഥ തുടരാൻ ഔദ്യോഗിക അനുമതിയാകുമോ എന്നാണ് ആശങ്ക. അന്ന് 1926ലെ ഒരു ‘മുതിർന്ന, അനുഭവ സമ്പന്നനായ തടവുകാരന്റെ’ വാക്കുകൾ ഓർക്കുമ്പോൾ എനിക്ക് പ്രതീക്ഷ കാണാനാകുന്നില്ല.




Tags:    
News Summary - Some Personal Reflections on Prison Medical Care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.