യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചില വിദ്വേഷ പ്രസ്താവനകൾ ഒറ്റനോട്ടത്തിൽ

ഗൊരഖ്പൂർ ക്ഷേത്രത്തിൽ പൂജാരിയായി കഴിയവെ കാഷായ വസ്ത്രം ധരിച്ച് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശി​ന്റെ മുഖ്യമന്ത്രി പദവിയിലേക്ക് നടന്നുകയറിയ തീവ്രഹിന്ദുത്വവാദിയാണ് യോഗി ആദിത്യനാഥ്. ഈ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത് ഈ 50കാരനായ 'സന്യാസി'യെ തന്നെയാണ്. അതിതീവ്ര ഹിന്ദുത്വ നിലപാടുകളാലും മുസ്‍ലിം വിരുദ്ധ പ്രസ്താവനകളാലും യു.പിയിലെ തെരുവുകളെ കൂടുതൽ മലീമസമാക്കിക്കൊണ്ടിരിക്കുകയാണ് യോഗി. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള യോഗിയുടെ പ്രസ്താവനകൾ വായിക്കാം:

1. ഇന്ത്യ ശരീഅത്ത് നിയമമനുസരിച്ച് പ്രവർത്തിക്കുന്ന രാജ്യമല്ലെന്ന് താലിബാൻ ചിന്താഗതിയുള്ള മതഭ്രാന്തന്മാർ മനസിലാക്കണം. 'ഗസ്വായെ ഹിന്ദ' എന്ന സ്വപ്നം ഖിയാമത്ത്നാൾ (അന്ത്യനാൾ) വരെ നടക്കില്ല. ഇത് ഇന്ത്യ വേറെയാണ്. ഭരണഘടനയനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. ജയ് ശ്രീറാം -കർണാടക ഹിജാബ് നിരോധന വിഷയത്തിൽ

2. യു.പിയിലെ ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ സംസ്ഥാനം ബംഗാളോ കശ്മീരോ കേരളമോ ആയി മാറും. ഇന്ത്യയിൽ ഹിന്ദുക്കൾ സമാധാനത്തോടെ കഴിയുമ്പോൾ അവർക്കും (മുസ്‍ലിംകൾക്കും) സമാധാനത്തോടെ കഴിയാം

3. 80 ശതമാനവും 20 ശതമാനവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. 20 ശതമാനം ഇന്ത്യയിലെ എല്ലാ പ്രവർത്തനങ്ങൾക്കും എതിരാണ്. അവർക്ക് നെഗറ്റീവ് മാനസികാവസ്ഥയാണുള്ളത്.

4. സംസ്ഥാനത്തെ ഫറൂഖാബാദ് ജില്ലയിലെ മണ്ഡലമായ ഭോജ്പൂർ 'ഇസ്‍ലാമാബാദ്' ആക്കാനാണ് സമാജ്‌വാദി പാർട്ടി സർക്കാർ ആഗ്രഹിക്കുന്നത് -തെരഞ്ഞെടുപ്പ് റാലികളിൽ നടത്തിയ പ്രസംഗം.

5. മുഹമ്മദലി ജിന്നയെയും പാകിസ്താനെയുമാണ് സമാജ്‍വാദി പാർട്ടി പിന്തുണക്കുന്നത്.

6. മുലായം സിങ് യാദവിനെ മുസ്‍ലിംകൾ പിതാക്കൻമാരെ വിളിക്കുന്നതുപോലെ 'അബ്ബാജാൻ' എന്നാണ് പരിഹാസത്തോടെ യോഗി പരാമർശിക്കുന്നത്.

7. എനിക്ക് അയോധ്യ വിശ്വാസത്തിന്റെ കേന്ദ്രമാണ്, രാഷ്ട്രീയമല്ല.

8. മുസ്‍ലിംകൾക്ക് ഞാനുമായുള്ള ബന്ധം എങ്ങനെയാണോ അതുപോലെയാണ് എനിക്ക് മുസ്‍ലിംകളുമായുള്ള ബന്ധം.

9. പാകിസ്താൻ ശത്രുവാണെന്ന് കരുതാത്തവർക്ക് ജിന്ന ഒരു സുഹൃത്താണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെയും കാഴ്ചപ്പാടിനെയും കുറിച്ച് എന്ത് പറയാൻ കഴിയും? അവർ സ്വയം സോഷ്യലിസ്റ്റ് എന്ന് വിളിക്കുന്നു, പക്ഷേ അവരുടെ സിരകളിൽ 'തോക്ക് സംസ്കാരം' ആണെന്നതാണ് വാസ്തവം.

10. അവരുടെ തൊപ്പികൾ നിഷ്കളങ്കരായ രാമ ഭക്തരുടെ ചോരയാൽ ചുവന്നിരിക്കുന്നു. എസ്.പിയുടെ തൊപ്പി പാപത്തിന്റെ അടയാളമാണ് -എസ്.പിയുടെ ചിഹ്നം പരാമർശിച്ച് പറഞ്ഞത്.

11. അയോധ്യയിൽ ഭഗവാൻ ശ്രീരാമന്റെ മന്ദിരവും കാശിയിൽ ഭഗവാൻ വിശ്വനാഥ് ധാമും നിർമ്മിക്കപ്പെടുന്നു. പിന്നെ എങ്ങനെ മഥുരയും വൃന്ദാവനവും ഉപേക്ഷിക്കും?

12. അവർ ഒരു ഹിന്ദു പെൺകുട്ടിയെ എടുത്താൽ നമ്മൾ 100 മുസ്‍ലിം പെൺകുട്ടികളെ എടുക്കുക -ലൗ ജിഹാദ് പരാമർശിച്ച് പറഞ്ഞത്

13. രാഹുലിനും പ്രിയങ്കക്കും ഇന്ത്യക്കാരില്‍ വിശ്വാസമില്ലാതായി. അതുകൊണ്ടാണ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇരുവരും സ്വന്തം രാജ്യത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

14. മുസഫര്‍നഗര്‍ കലാപം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ഒന്നുരണ്ടു ആണ്‍കുട്ടികളെ കാണാതായി. ഒരാള്‍ ലഖ്നൗവില്‍ കലാപം നടത്തി. മറ്റൊരാള്‍ ഡല്‍ഹിയില്‍ നിന്ന് അത് കണ്ടിരുന്നു. അവര്‍ ഇപ്പോള്‍ എവിടെയാണ്? ഇന്ന്, ബി.ജെ.പിക്ക് അവരുടെ കോപം തണുപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാം

15. മുമ്പ്​ ഗാസിയാബാദിൽ നിർമ്മിച്ചത്​ ഹജ്ജ്​ ഹൗസ്​; ഞങ്ങൾ നഗരത്തിൽ നിർമ്മിച്ചത്​ കൈലാസ് മാനസരോവർ

16. യു.പിയിലെ മുൻ സർക്കാർ ഖബറിസ്ഥാനായി ഫണ്ട്​ ചെലവഴിച്ചപ്പോൾ എന്‍റെ സർക്കാർ ക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണം നടത്തി

17. ഭഗവാൻ കൃഷ്ണൻ വായിച്ചിരുന്നത് പിലിബിത്തിൽ നിർമിച്ച പുല്ലാങ്കുഴൽ ആയിരുന്നു. ഇപ്പോൾ ഈ കീർത്തി ലോകമെങ്ങും എത്തിയിരിക്കുന്നു. 5000 വർഷങ്ങൾക്കു മുൻപ് തന്നെ പിലിബിത്ത് പുല്ലാങ്കുഴലിനെ കൃഷ്ണൻ അംഗീകരിച്ചതാണ്. എന്നാൽ മുൻപുള്ള സർക്കാരുകൾ ഇക്കാര്യം മറന്നുപോയി. പക്ഷേ ബിജെപി സർക്കാർ വന്നശേഷം ഇതിന്റെ കീർത്തി ലോകമെങ്ങും എത്തി. ഒപ്പം ലോകരാജ്യങ്ങൾ ഇത് ചർച്ച ചെയ്യുന്നു.

18. ചരിത്രം അശോകനെയോ ചന്ദ്രഗുപ്ത മൗര്യനെയോ മഹാനെന്ന് വിളിച്ചില്ല, മറിച്ച് ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ അലക്‌സാണ്ടറെയാണ് മഹാൻ എന്ന് വിളിച്ചത്. ഇത് രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. ഈ വിഷയങ്ങളിലെല്ലാം ചരിത്രകാരന്മാർ നിശബ്ദരാണ്, ഇന്ത്യയിലെ ജനങ്ങളുടെ മനസ്സ് സത്യം തിരിച്ചറിഞ്ഞാൽ, സമൂഹവും രാജ്യവും നിലനിൽക്കും- യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൗവിൽ. -പ്രസ്താവന വിവാദമായി. യോഗി പറഞ്ഞത് കളവാണെന്ന് തെളിഞ്ഞു. ചന്ദ്രഗുപ്ത മൗര്യൻ ജീവിച്ചിരുന്നത് 321 -297 BCE കാലഘട്ടത്തിലാണ്. എന്നാൽ ഗ്രീക്ക്-മാസിഡോണിയൻ രാജാവായ അലക്‌സാണ്ടർ ജീവിച്ചിരുന്നത് ആകട്ടെ 356-323 BCE കാലഘട്ടത്തിലും. അലക്‌സാണ്ടർ, തന്റെ മുപ്പത്തിരണ്ടാം വയസിൽ മരിക്കുമ്പോൾ, വടക്ക് മാസിഡോണിയ മുതൽ തെക്ക് ഈജിപ്ത് വരെയും, പടിഞ്ഞാറ് ഏഥൻസ് മുതൽ കിഴക്ക് ഇന്ത്യ വരെ ഉൾപ്പെടുന്ന വലിയ സാമ്രാജ്യം സ്ഥാപിച്ചിരുന്നു.

19. മുസ്‍ലിം ലീഗ് പച്ച വൈറസ് -പരാമർശം ലീഗിന്റെ പരാതിയെ തുടർന്ന് ട്വീറ്റർ നീക്കംചെയ്തു.

20. നിങ്ങൾക്ക് അലിയെയാണ് വിശ്വാസമെങ്കിൽ ഞങ്ങൾക്ക് ബജ്‍രംഗ് ബലിയെയാണ് വിശ്വാസം

Tags:    
News Summary - Some hateful remarks by UP Chief Minister Yogi Adityanath at a glance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.