മുംബൈ: 400ലേറെ സാക്ഷികളെ വിസ്തരിക്കാതെ സൊഹ്റാബുദ്ദീൻ ശൈഖ്-തുൾസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ പ്രോസിക്യൂഷൻ വാദം അവസാനിപ്പിച്ചു. ആവശ്യത്തിന് സാക്ഷികളെ വിസ്തരിച്ചതായും ഇനിയാരെയും വിസ്തരിക്കുന്നില്ലെന്നും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. രാജു സി.ബി.െഎ കോടതി ജഡ്ജി എസ്.ജെ. ശർമയെ രേഖാമൂലം അറിയിച്ചു. തുടക്കത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെ 38 പ്രതികളാണ് വ്യാജ ഏറ്റുമുട്ടൽ കേസിലുണ്ടായിരുന്നത്. അമിത് ഷാ, െഎ.പി.എസ് ഉന്നതരായിരുന്ന വൻസാര, അഭയ് ചുദാസാമ, രാജ്കുമാർ പാണ്ഡ്യൻ തുടങ്ങി 16 പേരെ പിന്നീട് കോടതി കേസിൽനിന്ന് ഒഴിവാക്കി.
ഇതിനെതിരെ സി.ബി.െഎ അപ്പീൽ നൽകിയില്ല. പ്രോസിക്യൂഷൻ വാദം അവസാനിപ്പിച്ചതോടെ പ്രതിഭാഗം വാദം ആരംഭിക്കും. മൊത്തം 700ഒാളം സാക്ഷികളെയാണ് സി.ബി.െഎ കണ്ടെത്തിയത്. എന്നാൽ, 210 പേരെ മാത്രമാണ് വിസ്തരിച്ചത്. അവരിൽ 92 പേർ കൂറുമാറി. സൊഹ്റാബുദ്ദീൻ, കൗസർബി, പ്രജാപതി എന്നിവരെ ഹൈദരാബാദിലേക്കുള്ള ആഡംബര ബസിൽനിന്ന് പൊലീസ് സംഘം പിടിച്ചുകൊണ്ടുപോയതിന് ദൃക്സാക്ഷികളായിരുന്ന ബസിലെ ജീവനക്കാരും സഹയാത്രികരും പൊലീസ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും കോടതിയിൽ കൂറുമാറി. ജീവന് ഭീഷണിയുണ്ടെന്ന് പ്രജാപതി പറഞ്ഞതായി നേരേത്ത അവകാശപ്പെട്ട അഭിഭാഷകനും മൊഴിമാറ്റി. സമൻസ് അയച്ചിട്ടും തുൾസിറാം പ്രജാപതിയുടെ അമ്മ നർമദ സാക്ഷി പറയാൻ എത്തിയില്ല. അവർക്കെതിരെ വാറൻറ് നടപ്പാക്കാനായില്ലെന്ന് സി.ബി.െഎ കോടതിയിൽ പറഞ്ഞിരുന്നു.
സൊഹ്റാബുദ്ദീൻ കൊലക്ക് സാക്ഷിയായ തെൻറ ജീവന് ഭീഷണിയുണ്ടെന്ന് പ്രജാപതി പറഞ്ഞതായി അമ്മ നർമദ നേരേത്ത മൊഴി നൽകിയിരുന്നു. കേസിലെ സാക്ഷികളായ ബിൽഡർ സഹോദരന്മാരായ ദശരഥ് പേട്ടൽ, രമൺ പേട്ടൽ എന്നിവരെയും വിസ്തരിച്ചിട്ടില്ല. ബിൽഡർമാരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ സൊഹ്റാബുദ്ദീനെ ഉപയോഗിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. പേട്ടൽ സഹോദരന്മാരിൽനിന്ന് അമിത് ഷാ 70 ലക്ഷവും ഗുജറാത്ത് െഎ.പി.എസ് ഉദ്യോഗസ്ഥൻ ഡി.ജി. വൻസാര 60 ലക്ഷവും സാമ്പത്തിക നേട്ടമുണ്ടാക്കിയതായി സൊഹ്റാബുദ്ദീൻ കേസ് അന്വേഷിച്ച സി.ബി.െഎ ഉദ്യോഗസ്ഥൻ അമിതാഭ് ഠാകുർ സി.ബി.െഎ കോടതിയിൽ മൊഴി നൽകിയിരുന്നു. രാഷ്ട്രീയ, ക്രിമിനൽ, പൊലീസ് റാക്കറ്റിലെ രാഷ്ട്രീയ കണ്ണികളാണ് അമിത് ഷായും രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കഠാരിയയുമെന്ന് പ്രജാപതി കേസ് അന്വേഷിച്ച സി.ബി.െഎ ഉദ്യോഗസ്ഥൻ സന്ദീപ് തംഗഡ്ഗെയും കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.