ഓടവെള്ളം യമുനയിലേക്ക്; മഥുര കോർപ്പറേഷനിൽ ‘കോക്രോച്ച്’ സമരവുമായി സാമൂഹിക പ്രവർത്തകൻ

മഥുര: യമുനാനദിയിലെ മലിനീകരണത്തിനെതിരെ മഥുരയിൽ വേറിട്ട പ്രതിഷേധവുമായി സാമൂഹിക പ്രവർത്തകൻ. കോക്രോച്ച് വേഷം ധരിച്ച് പാട്ടുപാടിയും നൃത്തം ചെയ്തുമാണ് മഥുര മുൻസിപ്പൽ കോർപ്പറേഷൻ ഓഫിസിൽ ഇദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. നഗരസഭാ ഓഫിസിലെത്തിയ ആളുകളിൽ ഈ പ്രതിഷേധം കൗതുകമുണർത്തി.

യമുനയിലെ മലിനീകരണത്തിന് നേരെയും നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങൾക്ക് നേരെയും കണ്ണടക്കുന്ന ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിക്കാനാണ് താൻ ഇത്തരമൊരു വേഷം ധരിക്കാൻ നിർബന്ധിതനായതെന്ന് സാമൂഹിക പ്രവർത്തകനായ ദീപക് ശർമ്മ പറഞ്ഞു. പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ യമുനാനദിയുടെ അവസ്ഥ കൂടുതൽ വഷളാകുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ സംഭവത്തോട് പ്രതികരിക്കാൻ നഗരസഭാ അധികൃതർ തയ്യാറായിട്ടില്ല.

അടുത്തിടെ രൂപവത്കരിക്കപ്പെട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പ്ലാറ്റ്‌ഫോമിന് പിന്നാലെയാണ് ഈ പ്രതിഷേധം എന്നത് ശ്രദ്ധേയമാണ്.

മഥുര നഗരസഭാ ഓഫിസിൽ ശർമ്മയുടെ പ്രതിഷേധം കാണാൻ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. പലരും ഇത് മൊബൈൽ ഫോണുകളിൽ പകർത്തി.

ജല മലിനീകരണ പ്രതിരോധ നിയന്ത്രണ നിയമം ഉദ്ധരിച്ച് സംസാരിച്ച അദ്ദേഹം, നദികളെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കാനാണ് ഇത് നിർമിച്ചതെന്നും നദിയിലേക്ക് മലിനജലമോ അഴുക്കുചാലുകളോ തുറന്നുവിടുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി.

നദികളിലേക്ക് മലിനജലവും ഓടയിലെ വെള്ളവും നേരിട്ട് ഒഴുക്കുന്നത് കുറ്റകരമായ പ്രവൃത്തിയാണെന്ന് സുപ്രീം കോടതിയും നാഷണൽ ഗ്രീൻ ട്രൈബ്യൂണലും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Social Activist Deepak Sharma Stages Cockroach Costume Protest at Mathura Municipal Corporation Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.