ന്യൂഡൽഹി: നിരവധി അന്തേവാസികൾ ക്രൂര ലൈംഗിക പീഡനത്തിനിരയായെന്ന് ആരോപണമുയർന്ന മുസഫർപുർ അഭയകേന്ദ്രം കേസിൽ ഇര യെന്ന് സംശയിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അസ്തികൂടം കണ്ടെത്തിയതായി സി.ബി.െഎ സുപ്രീംകോടതിയെ അറിയിച്ചു. ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടികളിൽ ചിലർ കൊല്ലപ്പെട്ടുവെന്ന സംശയം സ്ഥിരീകരിക്കുന്നതാണ് പുതിയ കണ്ടെത്തൽ.
മുസഫർപുരിൽ സന്നദ്ധ സംഘടന നടത്തിയ അഭയകേന്ദ്രത്തിലാണ് പ്രായപൂർത്തിയെത്താത്ത 30ഒാളം പെൺകുട്ടികൾ ക്രൂര പീഡനത്തിനിരയായത്. ഇവരിൽ ചില പെൺകുട്ടികളെ കാണാതായെന്നും റിപ്പോർട്ടുണ്ടായിരുന്നു. മുസഫർപുരിലെ ശ്മശാനത്തിൽ നിന്നാണ് പ്രതി കുഴിച്ചിട്ടതെന്ന് സംശയിക്കുന്ന 15കാരിയുടെ അസ്തികൂടം ലഭിച്ചത്.
ദേശീയ മാനസികാരോഗ്യ കേന്ദ്രം (നിംഹാൻസ്) വിദഗ്ധരുടെ സഹായത്തോടെ അഭയകേന്ദ്രത്തിൽ താമസിച്ചിരുന്ന അന്തേവാസികളുമായി സംസാരിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇനിയും സമയം വേണമെന്നും സുപ്രീംകോടതി ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, എസ്. അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെ അന്വേഷണസംഘം ബോധിപ്പിച്ചു.
മുസഫർപൂരിലെ അഭയന്ദ്രേത്തിൽ 40 അേന്തവാസികളാണ് അധികൃതരുടെ ലൈംഗിക പീഡനത്തിന് ഇരായായത്. അന്തേവാസകളിൽ ചിലരെ പീഡനം ചെറുത്തതിെൻറ പേരിൽ മർദിച്ച് കൊന്ന് കുഴിച്ചുമൂടിയിരുന്നെന്ന് പീഡനത്തിനിരയായവർ മൊഴി നൽകിയിരുന്നു. അഭയകേന്ദ്രത്തിെൻറ മുറ്റത്താണ് കുഴിച്ചിട്ടതെന്ന് പറഞ്ഞ് പെൺകുട്ടികൾ കാണിച്ചുകൊടുത്ത സ്ഥലത്ത് പ്രദേശിക പൊലീസ് കുഴിച്ചു നോക്കിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രിജേഷ് താക്കൂറാണ് സംഭവത്തിൽ ഒന്നാം പ്രതി. ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ സാമൂഹിക നീതി വിഭാഗം അസിസ്റ്റൻറ് ഡയറക്ടർ റോസി റാണി, സ്റ്റാഫംഗങ്ങളായ ഗുഡ്ഡു, വിജയ്, സന്തോഷ് എന്നിവരെയും കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിരുന്നു. താക്കൂറിെൻറ 20 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ഇയാളുടെ പേരിലുള്ള സ്വത്തുക്കളുടെ കൈമാറ്റം തടയുകയും ചെയ്തിരുന്നു.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസ് അഭയകേന്ദ്രം അന്തേവാസികളുമായി നടത്തിയ അഭിമുഖത്തോടെയാണ് ലൈംഗിക പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ജൂലൈ 26നാണ് സർക്കാർ സി.ബി.െഎ അന്വേഷണം പ്രഖ്യാപിച്ചത്. ആഗസ്തിൽ കേസുമായി ബന്ധപ്പെട്ട് സാമൂഹിക നീതി വകുപ്പ് മന്ത്രി മഞ്ജു ശർമ രാജിവെച്ചിരുന്നു. മഞ്ജു ശർമയുടെ ഭർത്താവ് കേസിലെ പ്രതി ബ്രിജേഷ് താക്കൂറുമായി ജനുവരി മുതൽ ജൂൺ വരെ കാലയളവിൽ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.