ജമ്മു: തെക്കൻ കശ്മീരിൽ മൂന്നു ദിവസത്തിനിടെ രണ്ട് ഓപറേഷനുകളിലായി ആറ് തീവ്രവാദികളെ വധിച്ചതായി പൊലീസ് ഇൻസ്പെക്ടർ ജനറൽ വി.കെ. ബിർദി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച ഷോപിയാനിലെ കെല്ലർ മേഖലയിലും വ്യാഴാഴ്ച പുൽവാമ ത്രാലിലെ നാദർ പ്രദേശത്തുമാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു ഓപറേഷനിലുമായി മൂന്നുവീതം തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. നിരവധി ആക്രമണങ്ങളിൽ പങ്കെടുത്ത ഷാഹിദ് കുട്ടായ് എന്ന തീവ്രവാദിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഡാനിഷ് റിസോർട്ടിൽ നടന്ന ആക്രമണത്തിലും മേയിൽ ഷോപിയാനിലെ ഹീർപോറയിൽ സർപഞ്ചിനെതിരെ നടന്ന ആക്രമണത്തിലും ഉൾപ്പെട്ടയാളാണ് കുട്ടായ്. റിസോർട്ട് ആക്രമണത്തിൽ രണ്ട് ജർമൻ വിനോദസഞ്ചാരികൾക്കും ഒരു ഡ്രൈവർക്കും പരിക്കേറ്റിരുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിലും ഇയാൾ പങ്കാളിയായിരുന്നു.
പ്രദേശത്തെ ജനങ്ങളുടെ പിന്തുണയും സഹകരണവുമാണ് ഓപറേഷൻ പൂർത്തിയാക്കാൻ സഹായകമായതെന്നും അദ്ദേഹം പറഞ്ഞു. പുൽവാമ ജില്ലയിലെ വിക്ടർ ഫോഴ്സിന്റെ ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ വിക്ടർ ഫോഴ്സ് കമാൻഡിങ് ജനറൽ ഓഫിസർ മേജർ ജനറൽ ധനഞ്ജയ് ജോഷി, സി.ആർ.പി.എഫ് ഇൻസ്പെക്ടർ ജനറൽ മിതേഷ് ജെയിൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.