ദഫ്‌ലി ഉറാവോ കുടുംബത്തോടൊപ്പം
ഏഴ് വർഷം മുമ്പ് ‘മരിച്ചു’, മൃതദേഹം സംസ്കരിച്ചു; ഒടുവിൽ വീട്ടിലെത്തിയ യുവതിയെ കണ്ട് ഞെട്ടി കുടുംബം
ലോഹർദഗ: കാണാതായതിനെ തുടർന്ന് മരിച്ചെന്ന് കരുതിയ യുവതി വർഷങ്ങൾക്ക് അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തി. ജാർഖണ്ഡിലെ ലോഹർദഗ പട്ടണത്തിലെ 45കാരിയായ ദഫ്‌ലി ഉറാവോ എന്ന യുവതിയാണ് വർഷങ്ങൾക്കുശേഷം ജീവനോടെ കുടുംബത്തിന് മുന്നിലെത്തിയത്. ദഫ്‌ലിയുടേതെന്ന് ഉറപ്പിച്ച് കിട്ടിയ മൃതദേഹം കൈപറ്റി അന്ത്യകർമങ്ങൾ വരെ നടത്തിയിരുന്നു കുടുംബം.
ഏഴ് വർഷം മുമ്പാണ് ദഫ്‌ലിയെ കാണാതാവുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ തിരിച്ചറിയാനാകാത്ത നിലയിൽ കണ്ടെത്തിയ ഒരു മൃതദേഹത്തിന്റെ വസ്ത്രങ്ങളടക്കമുള്ള അടയാളങ്ങൾ സമാനമാണെന്ന് കണ്ടതോടെ കുടുംബം അത് ദഫ്‌ലിയുടേതാണെന്ന് കരുതുകയായിരുന്നു. എന്നാൽ, മൃതദേഹം കുടുംബത്തെ കാണിച്ചിരുന്നില്ലെന്നാണ് ബന്ധുക്കളുടെ വെളിപ്പെടുത്തൽ.
ഏറെ നാളായി കിടന്നതിനാൽ മൃതദേഹം ജീർണിച്ച നിലയിലാണെന്നും കണ്ടെത്തിയ സ്ഥലത്തുതന്നെ സംസ്കരിച്ചെന്നും പൊലീസ് അറിയിച്ചതായും കുടുംബം പറയുന്നു. വസ്ത്രങ്ങളുടെ സാമ്യം മാത്രം അടിസ്ഥാനമാക്കി ദഫ്‌ലി മരിച്ചതായി വിശ്വസിച്ച കുടുംബം പിന്നീട് അന്ത്യകർമങ്ങൾ നടത്തി. വർഷങ്ങളായി ദഫ്‌ലി മരിച്ചെന്ന വിശ്വാസത്തിൽ കഴിയുകയായിരുന്ന കുടുംബത്തിനാണ് അപ്രതീക്ഷിതമായി അവൾ ജീവനോടെ തിരിച്ചെത്തിയത്.
ഈ വർഷം തുടക്കത്തിലാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. ഒഡിഷയിലെ ഖുർദയിൽ തെരുവിൽ അലഞ്ഞുതിരിഞ്ഞിരുന്ന ദഫ്‌ലി ‘മിഷൻ ആശ്ര’യുടെ ഭാഗമായി മുംബൈയിലെ ശ്രദ്ദ റിഹാബിലിറ്റേഷൻ ഫൗണ്ടേഷന്റെ കേന്ദ്രത്തിലെത്തുകയായിരുന്നു. തെരുവിൽ കഴിയുന്ന നിരാലംബരും മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരുമായ ആളുകളെ കണ്ടെത്തി ചികിത്സയും പുനരധിവാസവും നൽകുന്ന സംഘടനയാണ് ഫൗണ്ടേഷൻ.
ചികിത്സയ്ക്കിടെ ദഫ്‌ലി തന്റെ വിലാസം ലോഹർദഗയിലെ കുട്ടുമാണെന്ന് വെളിപ്പെടുത്തി. തുടർന്ന് സംഘടന നടത്തിയ അന്വേഷണത്തിൽ കുടുംബത്തെ കണ്ടെത്തുകയായിരുന്നു. വിവരങ്ങൾ സ്ഥിരീകരിച്ചശേഷം ദഫ്‌ലിയെ ഒരു സംഘം ലോഹർദഗയിലെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ ദഫ്‌ലിയെ സഹോദരനും അമ്മയും ഉടൻ തിരിച്ചറിഞ്ഞു. ഏഴ് വർഷമായി മരിച്ചെന്ന് കരുതിയിരുന്ന കുടുംബാംഗം ജീവനോടെ മുന്നിലെത്തിയതിന്റെ ഞെട്ടലിനും സന്തോഷത്തിനും അതിരില്ലായിരുന്നു. ദഫ്‌ലിയുടെ അപ്രതീക്ഷിതമായ തിരിച്ചുവരവിൽ വിശ്വസിക്കാൻ കഴിയാത്ത നിലയിൽ തന്നെയാണ് ഇപ്പോഴും കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.