പ്രതീകാത്മക ചി​ത്രം

തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം: കേരളത്തിൽ ആശങ്കയുടെ കാർമേഘമോ? അറിയാം വിശദാംശങ്ങൾ

തിരുവനന്തപുരം: കേരളമടക്കം തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്.ഐ.ആര്‍) നടപ്പാക്കാനുള്ള നടപടികൾക്ക്​ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ആരംഭം കുറിച്ചിരിക്കെ രാഷ്ട്രീയ പാർട്ടികൾക്കടക്കം ആശങ്ക. തദ്ദേശതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്.ഐ.ആർ അതുവരെ നീട്ടി വെക്കണമെന്ന് കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ നിർദേശിച്ചിരുന്നു. എന്നാൽ, ഇക്കാര്യം പരിഗണിച്ചില്ല.

നിലവിലെ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകുമോ എന്നതാണ്​ ആശങ്ക. ഇത്​ അംഗീകരിക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ പൗരന്റെ അവകാശമായ വോട്ടവകാശം നിഷേധിക്കുന്നതാണിതെന്നാണ്​ പ്രതിപക്ഷം ആരോപിക്കുന്നത്​. സി.പി.എമ്മിനും സമാന ആശങ്കയാണുള്ളത്. പ്രയോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കേരളത്തെ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തുനല്‍കിയിരുന്നു. അതിന് ഒരു വിലയും തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയില്ല. നിലവിലെ വോട്ടര്‍പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കി അര്‍ഹരെ ഉള്‍പ്പെടുത്തണമെന്നാണ്​ പ്രധാന ആവശ്യം. എന്നാല്‍ അതിന് വിരുദ്ധമായി 2002ലെ വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കി എസ്.ഐ.ആര്‍ നടത്താനാണ്​ തീരുമാനം. 2002 മുതല്‍ 2004 വരെ തയാറാക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ്‌ തീവ്രപരിഷ്‌കരണം.

എസ്‌.ഐ.ആറിൽ കേരളത്തിൽ നല്ലൊരുശതമാനം ആളുകൾക്കും രേഖകൾ ഹാജരാക്കേണ്ടി വരില്ല. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച്​ പ്രവർത്തനങ്ങൾ നടത്തും. കൂടുതൽ ബി.എൽ.ഒമാരെ നിയമിക്കാൻ എല്ലാ ജില്ലകളിലെയും കലക്ടർമാരുടെ യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരും. രാഷ്ട്രീയ പാർട്ടി നേതാക്കളുമായി യോഗം നടത്തും. മൂന്ന് തവണയെങ്കിലും ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കും.
-രത്തൻ ഖേൽക്കർ (മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ)

നിലവിലുള്ള പട്ടികക്ക്​ പകരം പഴയപട്ടിക അടിസ്ഥാനമാക്കുന്നത്‌ നിയമവിരുദ്ധമാണ്‌. എസ്‌.ഐ.ആറിനെതിരെ സുപ്രീംകോടതിയിലുള്ള ഹരജിയില്‍ അന്തിമവിധിയായിട്ടില്ല. 1950ലെ ജനപ്രാതിനിധ്യ നിയമവും, 1960ലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ ചട്ടവും അനുസരിച്ച്‌ നിലവിലുള്ള വോട്ടര്‍പ്പട്ടികയാണ്‌ പുതുക്കലിന്‌ അടിസ്ഥാന രേഖയാകേണ്ടത്‌. എന്നാല്‍, പഴയപട്ടിക അടിസ്ഥാന രേഖയാക്കുന്നതിലൂടെ, കേരളത്തില്‍ 50 ലക്ഷത്തിലേറെ വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന്‌ പുറത്താക്കപ്പെടാമെന്നാണ്​ ചൂണ്ടിക്കാണിക്കപ്പെടുന്നത്​. മരിച്ചവരുടെയും ഇരട്ട വോട്ടുള്ളവരുടെയും പേരുകള്‍ക്കൊപ്പം കുടിയേറിയവര്‍, വിദേശികള്‍ എന്നിവരുടെ പേരുകളും നീക്കും. കേരളത്തൽ അത്തരം സംഭവങ്ങൾ വിരളമെന്നാണ്​ തെരഞ്ഞെടുപ്പ്​ കമീഷൻ പറയുന്നത്​.  

ഓർക്കേണ്ട തിയതികൾ

  • പ്രിൻറ് എടുക്കൽ, പരിശീലനം: ഒക്ടോബർ 28 മുതൽ നവംബർ മൂന്ന് വരെ
  • വീടു വീടാന്തരം അപേക്ഷ ഫോറം നൽകൽ: നവംബർ നാല് മുതൽ ഡിസംബർ നാല് വരെ
  • എസ്.ഐ.ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം: ഡിസംബർ ഒമ്പത്
  • ആവലാതികളും ആക്ഷേപങ്ങളും: ഡിസംബർ ഒമ്പത് മുതൽ ജനുവരി എട്ടു വരെ
  • പരാതികളിൽ നോട്ടീസ്, ഹിയറിങ്, പരിശോധന: ഡിസംബർ ഒമ്പത് മുതൽ ജനുവരി 31 വരെ
  • എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം: 2026 ഫെബ്രുവരി ഏഴ്

2002 വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർ ചെ​യ്യേണ്ടത്

കേരളത്തിൽ 2002 വോട്ടർപട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെ പേരോ ഇല്ലാത്തവരെ ജനന തിയതിയുടെ അടിസ്ഥാനത്തിൽ മൂന്നായി തരം തിരിച്ച കമീഷൻ​ അവർക്ക് വോട്ടവകാശം ലഭിക്കാൻ സമർപ്പിക്കേണ്ട രേഖകൾ വ്യക്തമാക്കിയിട്ടുണ്ട്.

  • 1987 ജൂലൈ ഒന്നിന് മുമ്പ് ജനിച്ചവർ: സ്വന്തം ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ സമർപ്പിക്കണം.
  • 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനുമിടയിൽ ജനിച്ചവർ: സ്വന്തം ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ മാതാവിന്റെയോ പിതാവിന്റെയോ ഏതെങ്കിലുമൊരാളുടെ ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.
  • 2004 ഡിസംബർ രണ്ടിന് ശേഷം ജനിച്ചവർ: സ്വന്തം ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖ കൂടാതെ രക്ഷിതാക്കളിൽ മാതാവിന്റെയും പിതാവിന്റെയും ജനന തിയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖയും സമർപ്പിക്കണം. വോട്ടറുടെ രക്ഷിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരൻ അല്ലെങ്കിൽ ജനന സമയത്തുള്ള രക്ഷിതാവിന്റെ വിസയുടെയും പാസ്​പോർട്ടിന്റെയും പകർപ്പ് നൽകണം.

പേരുള്ളവരും അപേക്ഷ നൽകണം

2002 വോട്ടർ പട്ടികയിൽ സ്വന്തം പേരുള്ളവരും മാതാപിതാക്കളുടെ പേരുള്ളവരും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകണം. എന്നാൽ അവർ അപേക്ഷക്കൊപ്പം പൗരത്വം തെളിയിക്കുന്നതിനുള്ള 12 രേഖകളിൽ ഒന്നും സമർപ്പിക്കേണ്ടതില്ല. കമീഷൻ പ്രസിദ്ധീകരിച്ച 2002ലെ വോട്ടർപട്ടികയിൽ പേരുള്ളതിന്റെ രേഖ നൽകിയാൽ മതി.


Tags:    
News Summary - SIR in Kerala; must know facts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.