റോഡ് വീതി കൂട്ടാൻ സ്ഥലമില്ല; ഗതാഗതം സുഗമമാക്കാൻ കേബിൾ കാർ പദ്ധതിക്ക് തുടക്കമിട്ട് സിക്കിം സർക്കാർ

ഗാംഗ്ടോക്ക്: തലസ്ഥാനമായ ഗാംഗ്ടോക്കിൽ ദുരിതമയമായ പൊതുഗതാഗതത്തിന് ബദൽ മാർഗമായി കേബിൾ കാറുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ട് സിക്കിം സർക്കാർ. നിലവിലുള്ള റോഡുകളിൽ വർധിച്ചുവരുന്ന തിരക്കും അവ വീതി കൂട്ടാനുള്ള സ്ഥലമില്ലായ്മയും കണക്കിലെടുത്താണ് ഈ നീക്കം.

ഗാംഗ്‌ടോക്കിൽ കൂടുതൽ റോപ്പ്‌വേകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനായി മുഖ്യമന്ത്രി പ്രേം സിങ് തമാംഗ് അടുത്തിടെ ഉന്നതതല യോഗം വിളിച്ചതായി വൃത്തങ്ങൾ അറിയിച്ചു. യോഗത്തിൽ നഗരവികസന വകുപ്പ് ഉദ്യോഗസ്ഥർ, പ്രധാന പങ്കാളികൾ, താൽപര്യമുള്ള നിക്ഷേപകർ എന്നിവർ പങ്കെടുത്തു.

ഗതാഗതക്കുരുക്ക് കുറക്കുന്നതിനും വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനും സുസ്ഥിര നഗര ഗതാഗതത്തിന് പരിഹാരങ്ങൾ നൽകുന്നതിനുമുള്ള ദീർഘ വീക്ഷണ​ത്തോടെയുള്ള ചുവടുവെപ്പാണ് റോപ്‌വേ പദ്ധതിയെന് മുഖ്യമന്ത്രി പറഞ്ഞു.

ഗാംഗ്‌ടോക്കിന്റെ വർധിച്ചുവരുന്ന ട്രാഫിക് ലോഡും റോഡിനായുള്ള പരിമിതമായ അടിസ്ഥാന സൗകര്യവും മൂലം ചലനാത്മകത വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക ഉപജീവനമാർഗങ്ങളെ പിന്തുണക്കുന്നതിനും ഈ സംരംഭം നിർണായകമാവുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2025ൽ സിക്കിമിന്റെ സംസ്ഥാന പദവിയുടെ 50ാം വർഷത്തിന്റെ സ്മരണക്കായി സംസ്ഥാന സർക്കാർ ഈ സംരംഭത്തിന് ‘സുവർണ്ണ ജൂബിലി കേബിൾ കാർ’ പദ്ധതി എന്ന് പേരിട്ടു. ട്രാഫിക് സ്വഭാവ വിവരങ്ങളും അടിസ്ഥാനപരമായ വിലയിരുത്തലുകളും പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ പച്ചക്കൊടി കാട്ടിയതായും അവർ പറഞ്ഞു.

സിക്കിം തലസ്ഥാനത്ത് ഒരു റോപ്‌വേ ഗതാഗത സംവിധാനമുണ്ടെങ്കിലും വിശാലമായ കവറേജിനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. ഡാർജിലിങ് എം.പി രാജു ബിസ്ത കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കണ്ട് ഡാർജലിങ് കുന്നുകളിൽ കൂടുതൽ റോപ്പ് വേകൾ നിർമിക്കാൻ അഭ്യർഥിച്ചു.

‘പർവ്വത്മാല’ പ്രോജക്ടുകൾക്ക് കീഴിൽ തങ്ങളുടെ പ്രദേശത്ത് റോപ്പ് വേകൾ നിർമിക്കുന്നതിന് അഭ്യർത്ഥന നൽകിയതായും ഇത് മേഖലയിലെ വിദൂര പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുകയും താമസക്കാർക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുമെന്നും ബിസ്ത പറഞ്ഞു. ബ്രിട്ടീഷുകാർ ഡാർജിലിങ് കുന്നുകൾക്ക് കുറുകെ കുറച്ച് റോപ്പ് വേ സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു. പരിമിതമായ റോഡ് ഇൻഫ്രാസ്ട്രക്ചർ കണക്കിലെടുത്ത് ആധുനിക പാസഞ്ചർ റോപ്പ് വേ സംവിധാനം സ്ഥാപിക്കുന്നതിനാണ് ഇപ്പോൾ ഊന്നൽ.


Tags:    
News Summary - Sikkim government launches cable car project to ease traffic in Gangtok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.