ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് കേന്ദ്ര സർക്കാറിന് വിവിധ സിഖ് സംഘടനകളുടെ മുന്നറിയിപ്പ്.
ഏക സിവിൽ കോഡ് രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതക്കും എതിരാണെന്നും ശിരോമണി അകാലിദൾ നേതാക്കളും വിവിധ സിഖ് സംഘടന പ്രതിനിധികളും പറഞ്ഞു. ഏക സിവിൽ കോഡ് പരിധിയിൽ സിഖ് സമുദായത്തെ ഉൾപ്പെടുത്തുന്നതിനെതിരെ ശക്തമായി പോരാടുമെന്നും ന്യൂഡൽഹിയിലെ അകാലിദൾ ഓഫിസിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംഘടന പ്രതിനിധികൾ അറിയിച്ചു. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, ബി.ജെ.പി നേതാക്കളായ ഹർദീപ് പുരി ഉൾപ്പെടെയുള്ള നേതാക്കൾ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ മുൻ സഖ്യകക്ഷിയായിരുന്നു അകാലിദൾ. എന്നാൽ, വിവാദ കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച് പാർട്ടി ബി.ജെ.പി സഖ്യം വിടുകയായിരുന്നു. ഡൽഹിയിലെ ശിരോമണി അകാലിദൾ അധ്യക്ഷൻ പരംജിത്ത് സിങ് സർന, ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി (ഡി.എസ്.ജി.എം.സി) മുൻ അധ്യക്ഷന്മാരായ ജി.കെ. മൻജീത് സിങ്, ഹർവീന്ദർ സിങ് സർന തുടങ്ങിയവരാണ് വാർത്തസമ്മേളനത്തിൽ പങ്കെടുത്തത്.
ഏക സിവിൽ കോഡ് അംഗീകരിക്കാനാകില്ലെന്നും സിഖുകാരുടെ വിശ്വാസത്തിന് എതിരാണെന്നും നേതാക്കൾ വ്യക്തമാക്കി. ഏക സിവിൽ കോഡിനെതിരെ വിശാല സഖ്യം രൂപവത്കരിക്കുന്നതിന് മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെ നേതാക്കളെ പങ്കെടുപ്പിച്ച് സംയുക്ത യോഗം നടത്തുമെന്നും അവർ വ്യക്തമാക്കി. അതേസമയം, ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്രിവാളിന്‍റെ നിലപാടിന് വിരുദ്ധമായി ഏക സിവിൽ കോഡിനെ എതിർക്കുന്ന നിലപാടാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.