ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ച തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണിയോട് അഞ്ചു സീറ്റ് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. ഞായറാഴ്ച ചെന്നൈ അണ്ണാ അറിവാലയത്തിൽ ടി.ആർ. ബാലുവിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ തെരഞ്ഞെടുപ്പ് സമിതിയുമായി നടത്തിയ സീറ്റ് വിഭജന ചർച്ചയിൽ അഞ്ചു സീറ്റെന്ന ആവശ്യമാണ് മുസ്ലിംലീഗ് ദേശീയ അധ്യക്ഷൻ പ്രഫ. കെ.എം. ഖാദർ മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം മുന്നോട്ടുവെച്ചത്.
ഇത്തവണ കൂടുതൽ സഖ്യകക്ഷികളുള്ളതിനാൽ രണ്ട് സീറ്റാണ് ഡി.എം.കെ വാഗ്ദാനം ചെയ്തത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളിൽ മത്സരിച്ചുവെങ്കിലും ഒരിടത്തും ജയിക്കാനായിരുന്നില്ല. ചിദംബരം, കടയനല്ലൂർ, വാണിയമ്പാടി സീറ്റുകളായിരുന്നു അത്. നാലെങ്കിലും നിർബന്ധമാണെന്നാണ് ലീഗ് നിലപാട്. തുടർന്ന് തീരുമാനമറിയിക്കാമെന്ന് പറഞ്ഞ് ചർച്ച അവസാനിച്ചു.
അതേസമയം, സീറ്റ് എത്രയായാലും സഖ്യത്തിൽ തുടരുമെന്ന് യോഗശേഷം ഖാദർ മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, ഡി.എം.കെ ആസ്ഥാനത്തിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കവെ ലീഗ് ദേശീയ അധ്യക്ഷൻ കൂടിയായ ഖാദർ മൊയ്തീൻ കുഴഞ്ഞുവീഴുകയുണ്ടായി. ഉടൻതന്നെ പ്രവർത്തകരും മറ്റും ചേർന്ന് അദ്ദേഹത്തെ താങ്ങി, പ്രാഥമിക ചികിത്സ നൽകി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ലീഗ് കേന്ദ്രങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.