നവ്​ജോത്​ സിങ്​ സിദ്ദു, അമരീന്ദർ എന്നിവർക്കൊപ്പം പരഗത്​ സിങ്​ (ഇടത്ത്​)

'അമരീന്ദറിന്‍റെ പാർട്ടി പഞ്ചാബികൾക്ക്​ വേണ്ടിയല്ല'; ക്യാപ്​റ്റനെ ആക്രമിച്ച്​ പഞ്ചാബ്​ മന്ത്രിമാർ

അമൃത്​സർ: കോൺഗ്രസിൽ നിന്ന്​ രാജിവെച്ച്​ പുതിയ രാഷ്​ട്രീയ പാർട്ടി രൂപീകരിച്ചതിന്​ പിന്നാലെ പഞ്ചാബ്​ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ വിമർശനവുമായി മന്ത്രിമാരായ പരഗത്​ സിങ്ങും അമരീന്ദർ സിങ്​ വാറിങ്ങും.

'പഞ്ചാബ്​ ലോക്​ കോൺഗ്രസ്' എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയ ക്യാപ്​റ്റൻ രാജിക്കത്തിൽ കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹരീഷ റാവത്ത്​ എന്നിവരെ വിമർശിച്ചിരുന്നു.​ ഇതിന്​ പിന്നാലെയാണ്​ മുൻ മുഖ്യമന്ത്രിക്കെതിരെ​ പി.സി.സി അധ്യക്ഷൻ നവ്​ജോത്​ സിങ്​ സിദ്ദുവിന്‍റെ അടുപ്പക്കാരായ മന്ത്രിമാർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്​.

'എന്തൊരു വിരോധാഭാസം അമരീന്ദർ സിങ്ങിന്‍റെ പുതിയ പാർട്ടി പഞ്ചാബികൾക്കല്ല. തീർച്ചയായും 'കോൺഗ്രസ്' അല്ല, ജനങ്ങൾക്ക്​ വേണ്ടിയുമല്ല' -പരഗത് ട്വീറ്റ്​ ചെയ്​തു. രാഹുൽ ഗാന്ധി, സിദ്ദു, കോൺഗ്രസ്​ പാർട്ടി എന്നിവരെ ടാഗ്​ ചെയ്​തായിരുന്നു ട്വീറ്റ്​.

പാകിസ്​താൻ പ്രധാനമന്ത്രിയെയും സൈനിക തലവനെയും പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷൻ നവ്​ജോത്​ സിങ്​ സിദ്ദു ആലിംഖനം ചെയ്യുന്നതാണ്​ കോൺഗ്രസ്​ വിടാനുള്ള കാരണമായി രാജിക്കത്തിൽ പറഞ്ഞ അമരീന്ദറിന്​ വാറിങ്​ ട്വിറ്ററിലൂടെ മറുപടി നൽകുന്നുണ്ട്​.

കർഷക വിരുദ്ധരായ ബി.ജെ.പിയുമായി സീറ്റ്​ പങ്കിടാൻ നീക്കം നടത്തുന്ന അമരീന്ദറിന്​ മുൻ പാക്​ പ്രധാനമന്ത്രി നവാസ്​ ശരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളാണ്​ അദ്ദേഹം പങ്കുവെക്കുന്നത്​.

സോണിയക്കയച്ച രാജിക്കത്തിൽ കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അമരീന്ദർ രൂക്ഷമായി വിമർശിക്കുന്നുണ്ട്​. രാഹുലും പ്രിയങ്കയും 'അസ്ഥിരനായ വ്യക്തി'യും പാകിസ്​താൻ ഭരണകൂടത്തിന്‍റെ സഹായിയുമായ നവജോത് സിങ്​ സിദ്ദുവിനെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സോണിയ എല്ലാറ്റിനും നേരെ കണ്ണടച്ചിരിക്കുകയാണെന്നും അമരീന്ദർ കുറ്റപ്പെടുത്തി.

സെപ്​റ്റംബറിലാണ്​ പി.സി.സി അധ്യക്ഷനായ സിദ്ദുവുമായി മാസങ്ങൾ നീണ്ട അധികാര വടംവലിക്കൊടുവിൽ അമരീന്ദർ മുഖ്യമന്ത്രി സ്​ഥാനം രാജിവെച്ചത്​. ക്യാപ്​റ്റനെ നീക്കണമെന്ന്​ ഭൂരിഭാഗം എം.എൽ.എമാരും ഹൈക്കമാൻഡിനോട്​ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി സ്​ഥാനം നഷ്​ടമായതിന്​ പിന്നാലെ പാർട്ടി നേതൃത്വത്തോട്​ ഇടഞ്ഞ അമരീന്ദർ ആഭ്യന്തര മന്ത്രി അമിത്​ ഷാ, അജിത്​ ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അമരീന്ദർ ബി.ജെ.പിയിലേക്ക്​ പോകുകയാണെന്നും കേന്ദ്ര കൃഷി മന്ത്രിയാകുമെന്നും അഭ്യുഹങ്ങൾ പരന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ നിഷേധിച്ച അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കുകയാണെന്നും അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി കൈകോർക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Sidhu aides Pargat, Warring attacks Amarinder singh and Punjab Lok Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.