ബംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിന് മുമ്പ് പിൻഗാമിക്കും കോൺഗ്രസിനും തലവേദന സൃഷ്ടിക്കുന്ന തീരുമാനവുമായി സിദ്ധരാമയ്യ. വിവാദമായ പിന്നോക്ക വിഭാഗ കമീഷന്റെ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേ (ജാതി സെൻസസ്) റിപ്പോർട്ട് ബുധനാഴ്ച ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. 2025 നവംബർ മുതൽ തീരുമാനമാകാതിരുന്ന ജാതി സെൻസസ് റിപ്പോർട്ടിനാണ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് സിദ്ധരാമയ്യയുടെ അംഗീകാരം.
കർണാടകയിലെ മുൻനിര പിന്നോക്ക വിഭാഗ നേതാവെന്ന പ്രതിച്ഛായയിൽ ഉറച്ചു നിന്നുകൊണ്ടുതന്നെയാണ് സിദ്ധരാമയ്യ പദവി ഒഴിയാൻ ശ്രമിക്കുന്നതെന്നാണ് നിരീക്ഷണം. റിപ്പോർട്ട് അംഗീകരിച്ചതിലൂടെ അതിന്റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യേണ്ട ചുമതല പൂർണ്ണമായും പുതിയ മുഖ്യമന്ത്രിക്കായിരിക്കും.
വ്യാഴാഴ്ചയാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. ഡി.കെ. ശിവകുമാറാണ് പിൻഗാമിയായി എത്തുക. കോൺഗ്രസ് ഹൈകമാൻഡ് നിർദേശത്തെ തുടർന്നായിരുന്നു സിദ്ധരാമയ്യയുടെ രാജി.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രണ്ട് ജാതി സർവേകളാണ് കർണാടക നടത്തിയത്. രണ്ടും സിദ്ധരാമയ്യയുടെ നേതൃത്വത്തിലായിരുന്നു. സിദ്ധരാമയ്യയുടെ ആദ്യ ടേമിൽ എച്ച്. കാന്തരാജിന്റെ നേതൃത്വത്തിൽ 2017ലാണ് ആദ്യ ജാതി സർവേ പൂർത്തിയാക്കിയത്. എന്നാൽ രാഷ്ട്രീയ എതിർപ്പുകൾ, ലിംഗായത്ത്, വൊക്കലിഗ തുടങ്ങിയ ജാതി വിഭാഗങ്ങളുടെ എതിർപ്പ്, മറ്റ് സാങ്കേതിക പ്രശ്നങ്ങൾ എന്നിവ കാരണം വർഷങ്ങളോളം അത് നടപ്പാക്കിയില്ല. സർവേയിലെ കണ്ടെത്തലുകൾ തിരിച്ചടിയാകുമെന്ന് ഭയന്ന് തുടർന്നുവന്ന സർക്കാരുകളും റിപ്പോർട്ട് അംഗീകരിക്കാൻ വിസമ്മതിച്ചു. 2023ൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തിയ ശേഷം സിദ്ധരാമയ്യ 2025ൽ റിപ്പോർട്ട് അംഗീകരിക്കാൻ തീരുമാനിച്ചു. എന്നാൽ, 10 വർഷം പഴക്കമുള്ളതായതിനാൽ 2025 മേയിൽ പുതിയ ജാതി സർവേ പ്രഖ്യാപിക്കുകയായിരുന്നു.
ജാതി സെൻസസ് റിപ്പോർട്ട് സിദ്ധരാമയ്യക്ക് അനുകൂലമാകുമെങ്കിലും ഡി.കെ. ശിവകുമാറിന് തലവേദനയാണ് സൃഷ്ടിക്കുക. കർണാടകയിലെ ജനസംഖ്യയുടെ ഏകദേശം 69.6 ശതമാനം പിന്നാക്ക വിഭാഗങ്ങളും ഒ.ബി.സി സമൂഹങ്ങളുമാണ്. അതേസമയം ലിംഗായത്ത്, വൊക്കലിഗ സമൂഹങ്ങളുടെ ജനസംഖ്യാ വിഹിതം യഥാക്രമം 11ശതമാനവും 10 മുതൽ 12 ശതമാനവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഈ സംഖ്യകൾ സംവരണം, ക്ഷേമ വിഹിതം, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവ പരിഷ്കരിക്കുന്നതിനുള്ള പുതിയ ആവശ്യങ്ങൾക്ക് കാരണമായേക്കാം. കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഈ പ്രശ്നത്തെയാണ് പ്രധാനമായും അഭീമുഖീകരിക്കേണ്ടിവരിക.
കർണാടകയിലെ കോൺഗ്രസിന്റെ ഏറ്റവും പ്രമുഖനായ വൊക്കലിഗ നേതാവാണ് ഡി.കെ. ശിവകുമാർ. റിപ്പോർട്ട് അവതരിപ്പിക്കുകയോ നടപ്പിലാക്കുകയോ ചെയ്താൽ വൊക്കലിഗ, ലിംഗായത്ത് ഗ്രൂപ്പുകളിൽ നിന്ന് ഡി.കെ. ശിവകുമാറിന് തിരിച്ചടി നേരിടേണ്ടിവരും. റിപ്പോർട്ട് പ്രകാരം പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യാ വിഹിതം ഉയരും. നിലവിലെ പ്രബല വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുകയും ചെയ്യും. നടപ്പിലാക്കിയാൽ വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളെ കോൺഗ്രസിന് പിണക്കേണ്ടി വരും.എന്നാൽ, റിപ്പോർട്ട് നടപ്പാക്കുന്നത് വൈകിയാൽ വർഷങ്ങളായി സിദ്ധരാമയ്യ കോൺഗ്രസിനായി ഉറപ്പിച്ച അടിത്തറ അകലും. കർണാടക കോൺഗ്രസിന് മേലുള്ള തന്റെ സ്വാധീനം അവഗണിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് നൽകുന്ന മുന്നറിയിപ്പ് കൂടിയാണ് സിദ്ധരാമയ്യയുടെ തീരുമാനം.
അതേസമയം, കർണാടക ജാതി സെൻസസ് ഡി.കെ.എസിന് മാത്രമല്ല രാഹുൽ ഗാന്ധിക്കും പ്രശ്നങ്ങൾ സൃഷ്ടിക്കും. റിപ്പോർട്ട് നടപ്പിലാക്കിയില്ലെങ്കിൽ ദേശീയതലത്തിലും കോൺഗ്രസിന് തിരിച്ചടിയാകും. മുൻകാലങ്ങളിൽ രാഹുൽ ഗാന്ധി ജാതി സെൻസസിനായി വാദിച്ചിരുന്നു. മാത്രമല്ല, കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൊന്നാക്കി മാറ്റുകയും ചെയ്തിരുന്നു. ദേശീയതലത്തിലും കർണാടകയിലും സ്വീകരിക്കുന്ന നിലപാടുകൾ ഉയർത്തിക്കാട്ടി ബി.ജെ.പി ഇതിനെ പ്രചാരണ ആയുധമാക്കും.
സിദ്ധരാമയ്യ രാജിവെക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കുറുബ സമുദായത്തിലെ അംഗങ്ങൾ കർണാടകയിലെ റായ്ച്ചൂരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധക്കാർ കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ മുദ്രാവാക്യം വിളിക്കുകയും രാഹുൽ ഗാന്ധിയുടെ ഫോട്ടോകൾ കത്തിക്കുകയും ചെയ്തു. കർണാടകയിലെ അധികാര മാറ്റത്തിന് പാർട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തിയായിരുന്നു പ്രതിഷേധം.
അതേസമയം, കോൺഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്ത രാജ്യസഭ സീറ്റ് ഏറ്റെടുക്കാൻ സിദ്ധരാമയ്യക്ക് താൽപര്യമില്ലെന്നാണ് വിവരം. അതുകൊണ്ടുതന്നെ കർണാടക രാഷ്ട്രീയത്തിൽ തുടരാനാണ് സിദ്ധരാമയ്യയുടെ തീരുമാനമെന്ന് ഏറ്റവും പുതിയ നടപടിയായ ജാതി സർവേ റിപ്പോർട്ട് അംഗീകരിച്ചതിലൂടെ കരുതേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.