ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ നേതൃമാറ്റ ചർച്ച പുരോഗമിക്കുന്നുവെന്ന അഭ്യൂഹം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. സ്ഥാനമൊഴിയാൻ ഹൈകമാൻഡ് ആവശ്യപ്പെട്ട റിപ്പോർട്ട് തള്ളിയ സിദ്ധരാമയ്യ, അഞ്ച് വർഷ കാലയളവിൽ പൂർണമായും താൻ മുഖ്യമന്ത്രി കസേരയിലുണ്ടാകുമെന്ന് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
“അഞ്ച് വർഷം ഞാൻ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യം വ്യക്തമാക്കുകയാണ്. ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിയാകണമെന്ന് താൽപര്യമുണ്ടാകും. എന്നാൽ ആ കസേര ഇപ്പോൾ ഒഴിവില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് എന്നോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട തരത്തിലുള്ള അഭ്യൂഹങ്ങൾ തെറ്റാണ്” -സിദ്ധരാമയ്യ പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സർക്കാർ രണ്ടര വർഷം പിന്നിടുന്ന വേളയിൽ മുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹം ശക്തമാകുന്ന വേളയിലാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.
സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തുമെന്ന റിപ്പോർട്ട് വന്നതോടെയാണ് നേതൃമാറ്റമെന്ന അഭ്യൂഹം വീണ്ടുമുയർന്നത്. എന്നാൽ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് തികച്ചും ഔദ്യോഗികപരമാണ് തങ്ങളുടെ സന്ദർശനമെന്ന് സിദ്ധരാമയ്യയും ശിവകുമാറും പ്രതികരിച്ചു.
നവംബറിൽ സർക്കാർ ഭരണം രണ്ടര വർഷം പൂർത്തിയാവും. നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദവിക്കായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ചരടുവലിച്ചിരുന്നു. ഒടുവിൽ ഹൈകമാൻഡിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ശിവകുമാർ പിടി അയച്ചത്. ഇരുവർക്കും രണ്ടരവർഷം വീതം മുഖ്യമന്ത്രിപദമെന്ന ഫോർമുല രൂപപ്പെടുത്തിയിരുന്നതായാണ് വിവരം. സിദ്ധരാമയ്യയുടെ കാലാവധി രണ്ടുവർഷം പിന്നിട്ടതോടെ ഡി.കെ വിഭാഗം മുഖ്യമന്ത്രിമാറ്റം സംബന്ധിച്ച ചർച്ച സജീവമാക്കുകയായിരുന്നു.
കോൺഗ്രസ് സർക്കാർ ഉറച്ച പാറപോലെ അഞ്ചുവർഷം പൂർത്തിയാക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച് സിദ്ധരാമയ്യയുടെ പ്രതികരണം. തീരുമാനങ്ങളെല്ലാം ഹൈകമാൻഡിന്റേതാണെന്നായിരുന്നു ശിവകുമാർ വ്യക്തമാക്കിയത്. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട രാമനഗരയിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ ഇഖ്ബാൽ ഹുസൈന് കെ.പി.സി.സി അധ്യക്ഷനായ ശിവകുമാർതന്നെ കാരണം കാണിക്കൽ നോട്ടീസും നൽകി. സർക്കാറിനെതിരെ കോൺഗ്രസ് എം.എൽ.എമാരായ രാജു കാഗെ, ബി.ആർ പാട്ടീൽ, ബേലൂർ ഗോപാലകൃഷ്ണ എന്നിവരും രംഗത്തെത്തിയിരുന്നു.
സിദ്ധരാമയ്യയുടെ വലംകൈയായ ഭവനമന്ത്രി സമീർ അഹമ്മദ് ഖാനെ മാറ്റണമെന്ന ആവശ്യം പാട്ടീലും ഗോപാലകൃഷ്ണയും ഉയർത്തിയിട്ടുണ്ട്. സെപ്റ്റംബറോടെ സർക്കാറിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് സഹകരണ മന്ത്രി കെ.എൻ. രാജണ്ണയും പ്രസ്താവന നടത്തിയിരുന്നു. മന്ത്രിസഭ പുനഃസംഘാടനത്തിനു പുറമെ ഒഴിഞ്ഞുകിടക്കുന്ന 22 ബോർഡ്, കോർപറേഷനുകളിൽ ചെയർമാൻ പദവിയിലും നാല് എം.എൽ.സിമാരെ നിശ്ചയിക്കുന്നതിലും തീരുമാനമാകാനുള്ളതും ഡൽഹിയിലെ ചർച്ചയിലെ പ്രധാന വിഷയങ്ങളാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.