അഹമ്മദാബാദ്: ഗുജറാത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ വിദ്യാർഥികളടക്കമുള്ളവരുമായി കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ബുധനാഴ്ചയെത്തും. ചൊവ്വാഴ്ച പുലർച്ച 12.30ന് രാജ്കോട്ടിൽനിന്ന് പുറപ്പെടുന്ന രാജ്കോട്ട്- തിരുവനന്തപുരം ശ്രമിക് എക്സ്പ്രസ് ബുധനാഴ്ച വൈകീട്ട് 6.25ന് തിരുവനന്തപുരത്തെത്തും. ചൊവ്വാഴ്ച പുലർച്ചെ 4.25ന് അഹമ്മദാബാദ്, രാവിലെ 6.30ന് വഡോദര, രാവിലെ 8.40ന് സൂറത്ത് എന്നിവിടങ്ങളിൽനിന്ന് മലയാളികളുമായി യാത്ര തിരിക്കുന്ന ട്രെയിൻ ബുധനാഴ്ച രാവിലെ 11.15 ന് കോഴിക്കോടെത്തും. ഉച്ചക്ക്-2.05ന് ആലുവയിലെത്തുന്ന ട്രെയിനിന് പിന്നീട് തിരുവനന്തപുരത്ത് മാത്രമേ സ്റ്റോപ് ഉള്ളൂ.
നേരത്തെ പലകാരണങ്ങളാൽ മൂന്നു തവണ ഇൗ ട്രെയിനിെൻറ യാത്ര റദ്ദാക്കിയിരുന്നു. റെഡ്സോൺ ആയ അഹമ്മദാബാദ് ഒഴിവാക്കി ട്രെയിൻ സർവിസ് നടത്താൻ ശ്രമിച്ചതും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ശനിയാഴ്ച പുറപ്പെടാനിരുന്ന ട്രെയിൻ അവസാന നിമിഷം ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ പ്രഖ്യാപിച്ച ട്രെയിനിന് വാപിയിലും സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാൽ, പുതിയ ട്രെയിനിന് അഹമ്മദാബാദ് സ്റ്റോപ്പ് ഉൾപ്പെടുത്തിയപ്പോൾ വാപി സ്റ്റേഷൻ ഒഴിവാക്കി.
ഗുജറാത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി 1200 ഒാളം പേരാണ് യാത്ര തിരിക്കുന്നത്. വിദ്യാർഥികൾ, കുഞ്ഞുങ്ങൾ, വയോധികർ, ഗർഭിണികൾ തുടങ്ങിയവർക്കാണ് ആദ്യ ട്രെയിനിൽ മുൻഗണന നൽകിയത്. അഹമ്മദാബാദിൽനിന്ന് രജിസ്റ്റർ ചെയ്ത 1572 പേരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 204 പേർക്കാണ് യാത്രക്ക് അനുവാദം നൽകിയത്. വിവിധ കാരണങ്ങളാൽ ലോക്ക്ഡൗണിൽ കുടുങ്ങിയ നിരവധി പേർ ഇനിയും കേരളത്തിലേക്ക് മടങ്ങാനുണ്ട്. വൈകാതെ മറ്റൊരു ട്രെയിൻ കൂടി ഗുജറാത്തിൽ നിന്ന് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ.
കോവിഡ് 19 കേസുകൾ കൂടിവരുന്ന ഗുജറാത്തിൽ രോഗബാധയും മരണവും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് അഹമ്മദാബാദ് നഗരത്തിലാണ്. 14,000ത്തിലേറെ കോവിഡ് കേസുകളുള്ള സംസ്ഥാനത്ത് ദിനേന 250 ലേറെ കേസുകളാണ് അഹമ്മദാബാദിൽ മാത്രം സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിതരായി രണ്ടു മലയാളികളും അഹമ്മദാബാദ് സിവിൽ ആശുപത്രിയൽ മരണപ്പെട്ടിരുന്നു. മേയ് ഏഴിന് ആലപ്പുഴ കാവാലം സ്വദേശി മോഹനൻ പിള്ള, മേയ് 21ന് പാലക്കാട് ചിറ്റിലഞ്ചേരി നീലച്ചിറ വീട്ടിൽ മോഹനകുമാരൻ എന്നിവരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.