കർണാടക ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക് കേന്ദ്ര മന്ത്രി ശോഭ കാറന്ത്ലാജെയെ പരിഗണിക്കുന്നു

മംഗളൂരു: ദക്ഷിണ കന്നട എം.പി നളിൻ കുമാർ കട്ടീൽ വഹിക്കുന്ന ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് വനിതയെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്ര മന്ത്രി ശോഭ കാറന്ത്ലാജെയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നീക്കം. ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ സ്വദേശിനിയും ഉഡുപ്പി-ചിക്കമംഗളൂരു എം.പിയുമാണ് ഇവർ.

ദക്ഷിണ കന്നട ജില്ലയിലെ കട്ടീൽ സ്വദേശിയായ നളിൻ കുമാറിന് പ്രസിഡന്റ് പദവിയിൽ കാലാവധി കഴിഞ്ഞും തുടർച്ച നൽകാനുള്ള റിക്കാർഡല്ല പാർട്ടിയിലുള്ളത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കനത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്റ് പദവി ഒഴിയാൻ സന്നദ്ധനായതാണ് കട്ടീലിന്റെ അവസ്ഥ. സ്വന്തം ജില്ലയിലെ പാർട്ടി സിറ്റിംഗ് സീറ്റായ പുത്തൂർ മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കുകയും ബി.ജെ.പി മൂന്നാം സ്ഥാനത്ത് തള്ളപ്പെടുകയും ചെയ്തതിന് പിന്നാലെ കട്ടീലിന്റെ ഫോട്ടോ പോസ്റ്ററിൽ അനുയായികൾ ചെരിപ്പുമാല ചാർത്തിയിരുന്നു.

സ്കൂൾ വിദ്യാഭ്യാസത്തിൽ പഠനം നിറുത്തിയ കട്ടീലിന്റെ പകരക്കാരിയാവുന്ന ശോഭക്ക് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം, എം.എസ്.ഡബ്ല്യു എന്നിവയുണ്ട്. കടുത്ത മുസ്‌ലിം വിരുദ്ധ നിലപാടുകളിലൂടെ അവർ അണികൾക്ക് ഏറെ പ്രിയങ്കരിയാണ്.

ആർ.എസ്.എസ് ശാഖയിൽ ബാല്യത്തിൽ ചിട്ടപ്പെടുത്തിയ ശൈലി അമ്പത്തിയഞ്ചാം വയസ്സിലും തുടരുന്നു. മുഖ്യമന്ത്രിയും പാർട്ടി കർണാടക അധ്യക്ഷനുമായിരുന്ന ബി.എസ്.യദ്യൂരപ്പയുടെ മനസാക്ഷി സൂക്ഷിപ്പുകാരി എന്ന ഖ്യാതി നേടിയ ശോഭ അദ്ദേഹം കെ.ജെ.പി രൂപവത്കരിച്ചപ്പോൾ അതിൽ ചേർന്നിരുന്നു. കർണാടക ഗ്രാമവികസന മന്ത്രിയായിരിക്കെ ശ്രദ്ധനേടി.

വനിതകളുടെ ക്ഷേമത്തിൽ ഊന്നിയുള്ള കോൺഗ്രസ് ഭരണത്തിൽ ശോഭ കാറന്ത്ലാജെ പാർട്ടി നയിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിരീക്ഷണം. പുരുഷന്മാരിൽ കൊള്ളാവുന്ന നേതാക്കൾ ഇല്ലെന്നതാണ് അലട്ടുന്ന പ്രശ്നം. ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവിയുടെ പേര് ഉയർന്നുവരുന്നുണ്ടെങ്കിലും രണ്ട് കാരണങ്ങളാൽ സാധ്യത അകലെയാണ്.

കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.യദ്യൂരപ്പയെ കണ്ണീരു കുടിപ്പിച്ചതാണ് ഒന്ന്. ആ ഗ്രൂപ്പുകളിയിൽ സ്വന്തം സീറ്റിൽ തോൽക്കുകയും ചിക്കമംഗളൂരു ജില്ല കോൺഗ്രസിന് തൂത്തുവാരാൻ വഴിയൊരുക്കുകയും ചെയ്തതാണ് മറ്റൊന്ന്.

Tags:    
News Summary - Shobha Karandlaje may be named Karnataka BJP chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.