ബി.ജെ.പിക്കാരൻ മുഖത്ത് മൂത്രമൊഴിച്ചയാളുടെ കാൽ കഴുകി മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി VIDEO

ഭോപാൽ: ബി.ജെ.പി നേതാവിന്‍റെ അടുത്ത അനുയായി മുഖത്ത് മൂത്രമൊഴിച്ച ഗോത്രവർഗക്കാരനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് കാൽ കഴുകി മാപ്പ് പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ബി.ജെ.പിക്കാരന്‍റെ ക്രൂരപ്രവൃത്തിയിൽ രോഷം കടുത്തതോടെയാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം.

ആ ദൃശ്യങ്ങൾ കണ്ടപ്പോൾ എനിക്ക് വേദന തോന്നി. ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു -മുഖ്യമന്ത്രി പറഞ്ഞു. ജോലിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അന്വേഷിച്ച മുഖ്യമന്ത്രി, പാദങ്ങൾ കഴുകി നെറ്റിയിൽ തിലകം ചാർത്തി ഹാരമണിയിക്കുകയായിരുന്നു. കൂടാതെ ഉപഹാരങ്ങളും നൽകി. നിങ്ങൾ ഇപ്പോൾ എന്‍റെ സുഹൃത്താണ്, സർക്കാറിന്‍റെ ക്ഷേമ പദ്ധതികളെല്ലാം ലഭിക്കുന്നില്ലേ -എന്ന് അന്വേഷിക്കുകയും ചെയ്തു.

നേരത്തെ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെയാണ് ജനരോഷം ഉയർന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളടക്കം ബി.ജെ.പിക്കെതിരെ രംഗത്തെത്തി. ബി.ജെ.പി അധികാരത്തിലെത്തിയതോടെ രാജ്യത്ത് ദലിതർക്കും ഗോത്രവർഗക്കാർക്കുമെതിരായ ആക്രമണങ്ങൾ ഉയരുകയാണെന്ന് കുറ്റപ്പെടുത്തി രാഹുൽ ഗാന്ധിയടക്കം രംഗത്തെത്തിയിരുന്നു.

മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തെരുവോരത്ത് ഇരിക്കുന്ന ഗോത്രവർഗക്കാരന്റെ തലയിലും മുഖത്തും സിഗരറ്റ് വലിച്ചുകൊണ്ട് ബി.ജെ.പി എം.എൽ.എ കേദാർനാഥ് ശുക്ലയുടെ അടുത്ത സഹായിയായ പർവേശ് ശുക്ല മൂത്രമൊഴിക്കുകയായിരുന്നു. പ്രതിഷേധം ഉയർന്നപ്പോൾ മാത്രമാണ് പർവേശ് ശുക്ല അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇയാളുടെ വീടിന്റെ ഭാഗങ്ങൾ പൊളിച്ചു നീക്കിയിരുന്നു.

Tags:    
News Summary - Shivraj Singh Chouhan washes feet of tribal man who was urinated on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.