ശിവസേന അധികാരത്തിനുവേണ്ടി പിറന്നതല്ല, അധികാരം പിറന്നത് ശിവസേനക്കുവേണ്ടി -സഞ്ജയ് റാവത്ത്

മുംബൈ: 'ശിവസേന അധികാരത്തിനുവേണ്ടി പിറന്നതല്ല, അധികാരം പിറന്നത് ശിവസേനക്കുവേണ്ടിയാണ്..ഇതായിരുന്നു ബാൽതാക്കറെയുടെ ഉപദേശം..കരുത്തോടെ പ്രവർത്തിച്ച് അധികാരത്തിലേക്ക് ഞങ്ങൾ തിരിച്ചുവരും'-  മുഖ്യമന്ത്രി പദവിയിൽനിന്ന് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ രാജിസമർപ്പിച്ച് മണിക്കൂറുകൾക്കകം ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത് പ്രതികരിച്ചു. അധികാരത്തിന്റെ പിറകെ ഓടുന്നവരല്ല ശിവസേനയെന്നും റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ പത്തുദിവസമായി തുടരുന്ന 'മഹാ'രാഷ്ട്രീയ നാടകത്തിന് അന്ത്യം കുറിച്ച് ബുധനാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിക്കത്ത് ഗവർണർ ഭഗത് സിങ് കോശിയാരിക്ക് സമർപ്പിച്ചത്. മുംബൈ രാജ്ഭവനിൽ എത്തിയായിരുന്നു രാജി സമർപ്പണം. ഗവർണർ രാജിക്കത്ത് സ്വീകരിക്കുകയും ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതുവരെ മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

വ്യാഴാഴ്ച വിശ്വാസവോട്ട് തേടാൻ ഗവർണർ ഭഗത് സിങ് കോശിയാരി നൽകിയ നിർദേശം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ശിവസേന അധ്യക്ഷൻ കൂടിയായ ഉദ്ധവ് താക്കറെ രാജിവെച്ചത്. 38 വിമത എം.എൽ.എമാർ നിലപാട് കടുപ്പിച്ചതോടെ വിശ്വാസവോട്ടിൽ പരാജയം ഉറപ്പായിരുന്നു. സുപ്രീംകോടതി വിധിക്ക് പിന്നാലെ രാത്രി 9.30ന് ഫേസ്ബുക്കിലൂടെയാണ് ഉദ്ധവ് രാജിപ്രഖ്യാപനം നടത്തിയത്.

സ്വതന്ത്രരും ചെറുപാർട്ടികളും ഉൾപ്പെടെ 169 പേരുടെ പിന്തുണയിൽ നിലവിൽവന്ന ഉദ്ധവ് സർക്കാറിന്റെ അംഗബലം വിമതനീക്കത്തോടെ 111ലേക്ക് താഴ്ന്നിരുന്നു. 145 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്വതന്ത്രരടക്കം 50 പേരാണ് വിമതപക്ഷത്തുള്ളത്. നിലവിൽ സ്വതന്ത്രരടക്കം 114 പേരാണ് ബി.ജെ.പിയുടെ അംഗബലം. വിമതരും എം.എൻ.എസും പിന്തുണക്കുന്നതോടെ അത് 165 ആയി ഉയരും. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ് ചെയ്തേക്കും. ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന.

രണ്ടുവർഷവും 213 ദിവസവും നീണ്ട മഹാവികാസ് അഘാഡി ഭരണത്തിനാണ് ബുധനാഴ്ച രാത്രി അന്ത്യമായത്. മുന്നണിയിലെ പ്രമുഖ കക്ഷികളായ കോൺഗ്രസിനും എൻ.സി.പിക്കും നന്ദി പറഞ്ഞ ഉദ്ധവ്, വിമതർക്കെതിരെ ആഞ്ഞടിച്ചു. സെക്രട്ടേറിയറ്റിലെ എല്ലാവർക്കും നന്ദി പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

Tags:    
News Summary - Shiv Sena is not born for power, says Sanjay Raut after Uddhav quits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.