മുംബൈ: മഹാരാഷ്ട്രയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനെതിരെ കടുത്ത പ്രതിഷേധവുമായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി). മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന കോൺഗ്രസിന്‍റെ പ്രഖ്യാപനം ആത്മഹത്യാപരമാണെന്നും ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ശിവസേന മുഖപത്രമായ 'സാമ്ന'യിലൂടെയാണ് ഉദ്ധവ് താക്കറെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. "ഗുണ്ടാസംഘം, ആൾക്കൂട്ട ഭരണം, അമിതമായ പണ ഉപയോഗം, പോലീസ് സേന എന്നിവയിലൂടെ മഹാരാഷ്ട്രയിൽ നിന്ന് മുംബൈയെ വേർപെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് സംവിധാനത്തെ ഹൈജാക്ക് ചെയ്യാനുള്ള ബി.ജെ.പി പദ്ധതി തടയാൻ ഐക്യം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മറാത്തി എന്ന വികാരത്തിനെതിരെ പ്രവർത്തിക്കുന്നവരോട് മഹാരാഷ്ട്ര ക്ഷമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
"ബി.ജെ.പിയും അതിന്റെ 'ബാക്ക്ബെഞ്ചർമാരും' തെരഞ്ഞെടുപ്പിൽ കളികൾ കളിക്കുന്നതെങ്ങനെയെന്ന് ബീഹാർ തെരഞ്ഞെടുപ്പിലൂടെ വീണ്ടും കാണിച്ചുതന്നിരിക്കുന്നു. അത്തരമൊരു സമയത്ത്, പ്രത്യയശാസ്ത്രം മാറ്റിവെച്ച് ഒന്നിച്ചുനിന്ന് പോരാടുക എന്നതാണ് ഏക മാർഗം. സംസ്കാരത്തെക്കുറിച്ചും പ്രത്യയശാസ്ത്രത്തെക്കുറിച്ചുമെല്ലാം പിന്നീട് ചർച്ച ചെയ്യാം. ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി ഇതിനോടകം പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ആ പാഠം പഠിപ്പിക്കാൻ കഴിയൂ," ഉദ്ധവ് താക്കറെ ക്യാമ്പ് പറഞ്ഞു.
ബി.എം.സി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ചാൽ വോട്ടുകൾ ഭിന്നിക്കുമെന്ന് സാമ്ന എഡിറ്റോറിയൽ മുന്നറിയിപ്പ് നൽകുന്നു. ഉത്തരേന്ത്യൻ, മുസ്ലീം വോട്ടർമാർ അകന്നുപോകുമെന്നാണ് കോൺഗ്രസിന്‍റെ ഭയം.
"മുംബൈയിലെ മുസ്ലീങ്ങളെയും വടക്കേ ഇന്ത്യക്കാരെയും കുറിച്ച് കോൺഗ്രസ് വിഷമിക്കേണ്ടതില്ല. മറാത്തികളായ അവർ നമ്മുടെ പക്ഷത്ത് ഉറച്ചുനിൽക്കും. നമ്മൾ അവർക്ക് ആത്മവിശ്വാസം നൽകേണ്ടതുണ്ട്. ബി.ജെ.പിയുടെ ഭരണത്തിൽ ഇവർ ബുദ്ധിമുട്ടുകയാണ്. മുംബൈയുടെ ചില ഭാഗങ്ങളിൽ കുടിയിറക്കപ്പെടുന്നവരിൽ ഹിന്ദി സംസാരിക്കുന്നവരും മുസ്ലീങ്ങളുമുണ്ട്. അവർ ബി.ജെ.പിയുടെ പല്ലക്ക് ചുമക്കുമെന്നാണോ കരുതുന്നത്? തീർച്ചയായും ഇല്ല,"
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുസ്ലീം സമൂഹം മഹാ വികാസ് അഘാഡിക്ക് വോട്ട് ചെയ്തുവെന്നും താക്കറെ ക്യാമ്പ് കോൺഗ്രസിനെ ഓർമ്മിപ്പിച്ചു.
"കൊറോണ കാലത്ത് ജാതിയോ മതമോ നോക്കാതെ ഉദ്ധവ് താക്കറെ നൽകിയ സഹായം മുസ്ലീങ്ങൾ ശിവസേനക്ക് വോട്ട് ചെയ്യാൻ കാരണമായി. കോൺഗ്രസ് എത്ര ഭയപ്പെട്ടാലും, മഹാ വികാസ് അഘാഡിയും ശിവസേനയും വീണ്ടും ആ മുസ്ലീം വോട്ടുകൾ നേടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," എന്ന് എഡിറ്റോറിയലിൽ പറയുന്നു.
ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനം എടുത്തതിനാൽ വടക്കേ ഇന്ത്യക്കാരും ഹിന്ദി സംസാരിക്കുന്ന വോട്ടർമാരും മുസ്ലീങ്ങളും കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന അവരുടെ ആഗ്രഹം നടക്കുമെന്ന് തങ്ങൾ കരുതുന്നില്ലെന്നും സാമ്നയുടെ എഡിറ്റോറിയലിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.