ന്യൂഡൽഹി: കൊച്ചിയില്‍ കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടായ ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാനും മത്സ്യത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക പഠിക്കാനും വിദഗ്ധ സമിതിയെ നിയമിക്കണമെന്നും കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എം.പി കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജന്‍ സിങിന് കത്തു നല്‍കി.
അപകടരമായ ചരക്കുകള്‍ ഉള്‍പ്പെടുന്ന 640 ലധികം കണ്ടെയ്‌നറുകളും കപ്പലില്‍ നിന്നുള്ള എണ്ണ ചോര്‍ച്ചയും കടലില്‍ പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ മത്സ്യ വിഭവങ്ങള്‍ ഭക്ഷ്യ യോഗ്യമാണോ എന്നത് സംബന്ധിച്ച് പൊതു സമൂഹത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് സമുദ്ര ജലത്തിന്റെയും മത്സ്യത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തി മത്സ്യം ഭക്ഷ്യയോഗ്യമാണോ എന്നത് സ്ഥിരീകരിക്കണമെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
കാലാവസ്ഥ വ്യതിയാനം, മത്സ്യലഭ്യത തുടങ്ങി നിരവധി വെല്ലുവിളികള്‍ നേരിടുന്ന മത്സ്യ ബന്ധന മേഖലയില്‍ കപ്പല്‍ അപകടം സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. ട്രോളിങ് നിരോധന കാലയളവിലാണ് പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത്. ജൂണ്‍ മുതല്‍ ആറു മാസം മാത്രമാണ് പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് പ്രതീക്ഷയുടെ കാലം. സ്ഥിരീകരിക്കാതെയുള്ള മത്സ്യത്തിന്റെ സുരക്ഷ സംബന്ധിച്ച തെറ്റായ പ്രചരണം ഇവരുടെ പ്രതീക്ഷയെ മങ്ങലേല്‍പ്പിക്കുന്ന സാഹചര്യമാണെന്നും ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടി അടിയന്തരമായി ഉണ്ടാകണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.