ഷിൻസോ ആബെ; ഇന്ത്യയുടെ ആത്മമിത്രം

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് സുപരിചിതനായ ആഗോള നേതാവായിരുന്നു ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ജപ്പാൻ-ഇന്ത്യ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആത്മമിത്രത്തെയാണ് ഇന്ത്യക്ക് നഷ്ടമായത്. 2021ൽ പത്മവിഭൂഷൺ സമ്മാനിച്ചുകൊണ്ടാണ് ഷിൻസോ ആബെയോടുള്ള സ്നേഹബന്ധത്തെ രാജ്യം അടിവരയിട്ടത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിലൂടെയും പിന്നീട് നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷവും ഷിൻസോ ആബെ ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമായി തുടർന്നു.

ഏറ്റവും കൂടുതലായി ആശ്രയിക്കാനാകുന്ന സുഹൃത്തുക്കളിലൊരാളാണ് മോദിയെന്നാണ് ആബെ പറഞ്ഞിട്ടുള്ളത്. ആത്മസുഹൃത്തിനെയാണ് നഷ്ടമായതെന്നാണ് നരേന്ദ്ര മോദി അനുശോചിച്ചത്. 2006ൽ ഏറെ വെല്ലുവിളികൾക്കിടെയും വർഷത്തിലൊരിക്കലുള്ള പ്രധാനമന്ത്രിമാരുടെ ഉച്ചകോടി ആരംഭിച്ചുകൊണ്ട് മൻമോഹൻ സിങ്ങും ഷിൻസോ ആബെയും ചേർന്ന് ഇരുരാജ്യങ്ങളുടെയും ബന്ധം ആഗോളതലത്തിലേക്ക് ഉയർത്തി. 2007ൽ ഇന്ത്യൻ പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധനചെയ്യുന്ന ആദ്യത്തെ ജപ്പാൻ പ്രധാനമന്ത്രിയായി ഷിൻസോ ആബെ.

1957ൽ ഡൽഹിയിൽ ആബെയുടെ മാതാവിന്‍റെ മുത്തച്ഛനും ജപ്പാൻ പ്രധാനമന്ത്രിയുമായിരുന്ന നുബുസ്കെ കിഷിയുമായി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ആബെ അന്ന് പാർലമെന്‍റിൽ ഓർത്തെടുത്തു. 2014 ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി. പിന്നീട് നടന്ന വാർഷിക ഉച്ചകോടികളിലൂടെ മോദിയും ആബെയും തമ്മിലുള്ള സൗഹൃദവും ശക്തമായി. ഇരുവർക്കുമിടയിലെ സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധവും ശക്തമാകുന്നതിന് നിർണായകമായി. 2017ലെ ഇന്ത്യ സന്ദർശനത്തിനിടെ അഹ്മദാബാദ് സന്ദർശിച്ച ആബെ ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ തറക്കല്ലിടലിനും സാക്ഷ്യം വഹിച്ചു. 2015ൽ വാരാണസിയിൽ നരേന്ദ്ര മോദിക്കൊപ്പം ഗംഗാ ആരതി നടത്തുന്നതിന്‍റെയും കുർത്ത പൈജാമയും ധരിച്ച് സബർമതി ആശ്രമത്തിലേക്ക് പോകുന്നതിനിടെ മോദിക്കൊപ്പം റോഡ് ഷോയിലും പങ്കെടുത്തതിന്‍റെയും സബർമതി നദിക്കരികെ ഇരുവരുമിരിക്കുന്നതിന്‍റെയും ചിത്രങ്ങൾ, ആബെക്ക് ഇന്ത്യയോടുള്ള സ്നേഹത്തിന്‍റെ പ്രതീകങ്ങളാണ്. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ആബെ ജപ്പാൻ-ഇന്ത്യ ബന്ധത്തിലെ മായാത്ത കണ്ണിയായി എല്ലാകാലത്തും ഓർമിക്കപ്പെടും.

Tags:    
News Summary - Shinzo Abe; India's best friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.