മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, എൻ.സി.പി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം
മുംബൈ: നാടകീയ നീക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റ ഏക്നാഥ് ഷിൻഡെയും എൻ.സി.പി നേതാവ് ശരത് പവാറും കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകൾ. ഇന്നലെ അർധരാത്രി ആണ് ഷിൻഡെ പവാറിനെ കാണാൻ എത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തന്നെ കാണാനെത്തിയ ഷിൻഡെക്ക് ആശംസ അറിയിക്കാനും പവാർ മറന്നില്ല. ഇരുവരും തമ്മിൽ കുറച്ചുനേരം ചർച്ച നടത്തുകയും ചെയ്തു. മറ്റൊരു നേതാവും ഷിൻഡെക്കൊപ്പമുണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം വ്യാജ ഫോട്ടോകളിൽ വിശ്വസിക്കരുതെന്ന് പറഞ്ഞ് ഇതിനു മറുപടിയായി ഷിൻഡെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ''എൻ.സി.പി നേതാവ് ശരത് പവാറിനെ സന്ദർശിച്ചു എന്ന തരത്തിൽ ഫോട്ടോയും വാർത്തയും പ്രചരിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ വൈറലാണീ ഫോട്ടോ. എന്നാൽ അങ്ങനെയൊരു സന്ദർശനം നടന്നിട്ടില്ല. ഇത്തരം വ്യാജവാർത്തകൾ വിശ്വസിക്കരുത്''-എന്നായിരുന്നു ഷിൻഡെയുടെ ട്വീറ്റ്. 2021 ൽ ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണിതെന്നാണ് കരുതുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ തിങ്കളാഴ്ച നിയമസഭയിൽ ഷിൻഡെ വിശ്വാസം നേടിയിരുന്നു. ഷിൻഡെ സർക്കാർ ഉടൻ വീഴുമെന്നും മഹാരാഷ്ട്രയിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും നേരത്തേ ശരത് പവാർ പ്രസ്താവിച്ചിരുന്നു. ഷിൻഡെ സർക്കാർ വിശ്വാസവോട്ട് നേടിയതിനു ശേഷവും പവാർ ഇത് ആവർത്തിച്ചു. ആറുമാസത്തിനകം ഷിൻഡെ സർക്കാർ വീഴുമെന്നായിരുന്നു പവാറിന്റെ പ്രവചനം. ഇതിനു പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതായി വാർത്ത വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.