ഷിംല: സഞ്ജൗലിയിലെ മസ്ജിദ് പൂർണമായും പൊളിച്ചു നീക്കാൻ ഷിംല മുനിസിപ്പൽ കോർപറേഷൻ കമീഷണർ കോടതിയുടെ ഉത്തരവ്. ചട്ടങ്ങൾ ലഘിച്ചാണ് മസ്ജിദ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കെട്ടിട നിർമാണ പെർമിറ്റ്, നിരാക്ഷേപ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളില്ലാതെയാണ് നിർമാണം നടത്തിയതെന്നും മുനിസിപ്പൽ കമീഷണർ ഭൂപേന്ദ്ര ആത്രി പറഞ്ഞു. രേഖകൾ ഹാജരാക്കാൻ വഖഫ് ബോർഡും പള്ളി കമ്മിറ്റിയും പരാജയപ്പെട്ടെന്ന് കമീഷണർ ആരോപിച്ചു.
അഞ്ച് നിലയുള്ള മസ്ജിദിന്റെ മൂന്നു നിലകൾ പൊളിച്ചു നീക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഉത്തരവിട്ടിരുന്നു. ബാക്കിയുള്ളവയുടെ രേഖകൾ ഹാജരാക്കാനും വഖഫ് ബോർഡിന് നിർദേശം നൽകിയിരുന്നു. ഈ രണ്ടു നിലകളും കൂടി പൊളിച്ചുമാറ്റാനാണ് പുതിയ ഉത്തരവ്. വഖഫ് ബോർഡും സഞ്ജൗലി മസ്ജിദ് കമ്മിറ്റിയുമാണ് പൊളിക്കൽ നടപടികൾ നടത്തേണ്ടത്. എന്നാൽ, സമയപരിധി നിശ്ചയിച്ചിട്ടില്ല.
ഷിംല ഹൈകോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്. 1947 നുമുമ്പ് പള്ളി നിലവിലുണ്ടായിരുന്നുവെന്നും പഴയ പള്ളി പൊളിച്ചാണ് നിലവിലെ പള്ളി നിർമിച്ചതെന്നും വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കോടതി അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് കോടതി വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. നിർമാണത്തിന്റെ സ്വഭാവം സംബന്ധിച്ചാണ് വിധി. 2010 മുതൽ മുനിസിപ്പൽ കോർപറേഷൻ കമീഷണർ കോടതിയിൽ മസ്ജിദ് സംബന്ധിച്ച കേസ് നിലവിലുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നാണ് കേസ് വീണ്ടും ചൂടുപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.