ബി.ജെ.പിയിൽനിന്ന് രാജിവെച്ച് ഷെഹ്സാദ് പൂനാവാലെ; വ്യക്തിപരമായ സാഹചര്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കാരണമായെന്ന് വിശദീകരണം

ന്യൂഡൽഹി: ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലെ പാർട്ടിയുടെ എല്ലാ പദവികളിൽനിന്നും പ്രാഥമിക അംഗത്വത്തിൽനിന്നും തിങ്കളാഴ്ച രാജിവെച്ചു. സാമ്പത്തികവും വ്യക്തിപരവുമായ സാഹചര്യങ്ങളാണ് രാജിക്ക് കാരണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കൂടാതെ, ചില വ്യക്തികളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ രാജിയിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചതായും ഷെഹ്സാദ് പൂനാ​വാലെ പറഞ്ഞു.

ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറിയതായി ഷെഹ്സാദ് പൂനാവാലെ അറിയിച്ചു. പാർട്ടിയുടെ ദേശീയ വക്താവ് ചുമതലയിൽനിന്നും സജീവ പ്രാഥമിക അംഗത്വത്തിൽനിന്നും തന്നെ ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ബി.ജെ.പിയുടെ സംഘടനാ പുനഃസംഘടന പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഷെഹ്‌സാദ് പൂനാവാലെ വീണ്ടും രാജിയുമായി വന്നിരിക്കുന്നത്.

ജൂലൈ 30ന് തന്നെ രാജിക്കത്ത് നൽകിയിരുന്നെങ്കിലും ബി.ജെ.പി നേതൃത്വം അത് സ്വീകരിച്ചിരുന്നില്ല. തീരുമാനം പുനഃപരിശോധിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതായി ഷെഹ്സാദ് പൂനാവാലെ പറഞ്ഞു. എന്നാൽ ഏറെ ആലോചനക്ക് ശേഷവും രാജി തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്ക് ഇഷ്ടപ്പെട്ട പാർട്ടിയോടും എനിക്ക് ഇഷ്ടപ്പെട്ട ഒരു ദേശീയ വക്താവ് സ്ഥാനത്തോടും കടമയോടും ഞാൻ വിട പറയുന്നു’ -ഷെഹ്സാദ് പൂനാവാലെ രാജി പ്രഖ്യാപിച്ച് സമൂഹമാധ്യമത്തിൽ കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളിലെ ചില സംഭവങ്ങളും ചില വ്യക്തികളുടെ നടപടികളും നേരത്തെയെടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ തന്നെ പ്രേരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

സജീവ രാഷ്ട്രീയത്തിൽനിന്ന് മാറി സ്വകാര്യ മേഖലയിലേക്ക് പ്രവേശിക്കാനാണ് ഷെഹ്സാദ് പൂനാവാലെയുടെ തീരുമാനം. അതേസമയം ബി.ജെ.പിയുടെ ആശയങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഇന്ത്യാ ദർശനത്തോടുള്ള പിന്തുണയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, ജെ.പി. നദ്ദ, ബി.എൽ. സന്തോഷ് തുടങ്ങിയ മുതിർന്ന നേതാക്കൾ നൽകിയ പിന്തുണക്കും ഷെഹ്സാദ് പൂനാവാലെ നന്ദി അറിയിച്ചു.

ജൂലൈ അവസാനം ഷെഹ്സാദ് പൂനാവാലെ സമൂഹമാധ്യമമായ എക്‌സിലെ ബയോയിൽനിന്ന് ‘ബി.ജെ.പി ദേശീയ വക്താവ്’ എന്നത് നീക്കം ചെയ്തിരുന്നു. 38കാരനായ ഷെഹ്സാദ് പൂനാവാലെ അഭിഭാഷകനായാണ് രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കുന്നതിനെ എതിർത്ത് ദേശീയ ശ്രദ്ധ നേടി. പിന്നീട് ബി.ജെ.പിയിൽ ചേർന്ന ഷെഹ്സാദ് പൂനാവാലെ പാർട്ടിയുടെ പ്രധാന ദേശീയ വക്താക്കളിൽ ഒരാളായി മാറി. 2021ൽ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ ഡൽഹി ബി.ജെ.പിയുടെ ഐ.ടി, സോഷ്യൽ മീഡിയ വിഭാഗത്തിന്റെ ചുമതലയും അദ്ദേഹത്തിന് നൽകിയിരുന്നു.

Tags:    
News Summary - Shehzad Poonawalla Quits BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.