പെട്രോളിയം ലൈസൻസ് വ്യവസ്ഥകളുടെ ലംഘനം ക്രിമിനൽ കുറ്റമല്ലാതാക്കാൻ നീക്കം
ന്യൂഡൽഹി: പെട്രോളിയം ലൈസൻസ് വ്യവസ്ഥകൾ ലംഘിക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കാൻ കേന്ദ്ര സർക്കാർ നീക്കം. നിയന്ത്രണവുമായി ബന്ധപ്പെട്ട ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിഴ മാത്രം ചുമത്താനാണ് നിർദേശം. എന്നാൽ, പൊതുസുരക്ഷ, നിർണായക അടിസ്ഥാനസൗകര്യങ്ങൾ, അനധികൃത പെട്രോളിയം വിതരണ പ്രവർത്തനങ്ങൾ തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് നിലവിലുള്ള ക്രിമിനൽ ശിക്ഷകൾ നിലനിർത്തുകയോ കൂടുതൽ കർശനമാക്കുകയോ ചെയ്യും.
പെട്രോളിയം ആക്ട്, 1934 ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിർദേശങ്ങളിലാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പൊതുജനങ്ങളിൽനിന്നും വ്യവസായ മേഖലയിൽനിന്നും കരടിന്മേൽ അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. ലൈസൻസിന്റെ നിബന്ധനകൾ ലംഘിച്ചാൽ ക്രിമിനൽ കേസ് എടുക്കുന്നതിനുപകരം അഡ്മിനിസ്ട്രേറ്റിവ് നടപടിയിലൂടെ സിവിൽ പിഴ ചുമത്താനാണ് നിർദേശം.
ആദ്യ ലംഘനത്തിന് പരമാവധി 2.5 കോടി രൂപ പിഴയും തുടർന്നുള്ള ലംഘനത്തിന് പരമാവധി അഞ്ചുകോടി രൂപയും പിഴ ചുമത്തും. ലൈസൻസില്ലാതെ പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണം നടത്തിയാൽ മൂന്നു വർഷം വരെ തടവും 25 കോടി രൂപ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. തുടർച്ചയായി നിയമലംഘനം നടത്തിയാൽ ഓരോ ദിവസത്തിനും 10 ലക്ഷം രൂപ വരെ അധിക പിഴ ചുമത്താനും നിർദേശമുണ്ട്. വ്യാജ വിവരങ്ങളോ ആൾമാറാട്ടമോ ഉപയോഗിച്ച് പെട്രോളിയം ലൈസൻസ് നേടിയാൽ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാം.
പെട്രോളിയം സ്ഥാപനങ്ങൾക്ക് കേടുപാടുണ്ടാക്കുക, പെട്രോൾ മോഷ്ടിക്കുക, വ്യക്തികളുടെ സുരക്ഷ അപകടത്തിലാക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ആദ്യ തവണ അഞ്ചുവർഷം വരെ തടവ്, അല്ലെങ്കിൽ 15 കോടി രൂപവരെ പിഴയാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ഏഴു വർഷം വരെ തടവ്, അല്ലെങ്കിൽ 25 കോടി രൂപ വരെ പിഴ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.