സി.ജെ.പി വേദിയിൽ നസീറുദ്ദീൻ ഷായും വിശാൽ ദാദ്‌ലാനിയും 

‘നിനക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, പോരാട്ടം തുടരുക’: സി.ജെ.പി പ്രതിഷേധ വേദിയിൽ അഭീജിത് ദീപ്കെയെ ചേർത്തുപിടിച്ച് നസീറുദ്ദീൻ ഷാ

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) മുംബൈയിലെ ശിവാജി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം വൻ ജനശ്രദ്ധ നേടുന്നു. ബോളിവുഡ് താരം നസീറുദ്ദീൻ ഷാ, സംഗീത സംവിധായകനും ഗായകനുമായ വിശാൽ ദാദ്‌ലാനി, നടി ഷബാന ആസ്മി തുടങ്ങിയ പ്രമുഖ ചലച്ചിത്ര സാംസ്കാരിക പ്രവർത്തകർ പ്രതിഷേധത്തിന് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചു.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും ഉത്തരവുകളിലും തിരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ 14ലധികം തവണ എതിർപ്പുകൾ രേഖപ്പെടുത്തിയിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാർ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി രംഗത്തെത്തിയത്.

ക്രമസമാധാന പ്രശ്നങ്ങളും ഗതാഗതക്കുരുക്കും ചൂണ്ടിക്കാണിച്ച്  ഒക്ടോബർ 2ന് പ്ലാൻ ചെയ്തിരുന്ന പരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് വിലക്കുകൾ ലംഘിച്ചുകൊണ്ട് 'ജയിൽ ഭരോ ആന്ദോളനുമായി' മുന്നോട്ട് പോകാൻ സി.ജെ.പി നേതാവ് അഭീജിത് ദീപ്കെ തീരുമാനിക്കുകയായിരുന്നു.

പ്രതിഷേധ വേദിയിൽ എത്തിയ നസീറുദ്ദീൻ ഷാ, സി.ജെ.പി നേതാവ് അഭീജിത് ദീപ്കെയെ കെട്ടിപ്പിടിച്ച് തന്റെ പൂർണ്ണ പിന്തുണ അറിയിച്ചു. ‘നിനക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നാണ് നസീറുദ്ദീൻ ഷാ അഭീജിത് ദീപ്കെയോട് പറഞ്ഞത്. രാജ്യത്തെയോ യുവാക്കളിലാണ് എന്റെ പ്രതീക്ഷ, അവരോടൊപ്പം ഒരു വലിയ കൂട്ടം ആളുകളുണ്ട്, ഈ പോരാട്ടം തുടരുക നസീറുദ്ദീൻ ഷാ പറഞ്ഞു. 

‘ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ് സർ. നിങ്ങൾ ഇവിടെ വരുമെന്ന് ഞാൻ കരുതിയില്ല. ഇത് വലിയ ബഹുമതിയാണ്. എന്റെ സ്വപ്ന നിമിഷമാണിത്’ എന്നായിരുന്നു ദീപ്കെയുടെ മറുപടി. 

രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ഇത്തരം പോരാട്ടങ്ങൾ അനിവാര്യമാണെന്ന് സംഗീതജ്ഞൻ വിശാൽ ദാദ്‌ലാനി വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നത് വരെ പ്രതിഷേധം തുടരുമെന്നും, ഗ്യാനേഷ് കുമാർ രാജി വെച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സി.ജെ.പി നേതൃത്വം അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Celebrities Join CJP Resignation Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.