അസമിലും ഏകീകൃത സിവിൽ കോഡിന് രാഷ്ട്രപതിയുടെ അംഗീകാരം; ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ മൂന്നാമത്തെ സംസ്ഥാനം

ന്യൂഡൽഹി: അസം നിയമസഭ പാസാക്കിയ ഏകീകൃത സിവിൽ കോഡ് ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. ഇതോടെ ഏകീകൃത സിവിൽ കോഡ് നിയമമാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി അസം മാറി. നേരത്തെ ഉത്തരാഖണ്ഡും ഗുജറാത്തും ഏകീകൃത സിവിൽ കോഡ് നിയമം പാസാക്കിയിരുന്നു.

 മെയ് 27നാണ് അസം നിയമസഭ യു.സി.സി ബിൽ പാസാക്കിയത്. അഞ്ച് മണിക്കൂറിലേറെ നീണ്ട ചർച്ചകൾക്കും ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധങ്ങൾക്കും ശേഷമാണ് ശബ്ദവോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. ഉത്തരാഖണ്ഡിനെയും ഗുജറാത്തിനെയും പോലെ അസമിലും വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊതുവായ നിയമവ്യവസ്ഥ കൊണ്ടുവരികയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. 

അസമിലെ യു.സി.സി പ്രകാരം വിവാഹങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. വിവാഹം നടന്നതിന് ശേഷം സാധാരണയായി 60 ദിവസത്തിനകം രജിസ്ട്രേഷൻ നടത്തണമെന്നാണ് വ്യവസ്ഥ. വിവാഹമോചനവും കോടതി ഉത്തരവിന് ശേഷം രജിസ്റ്റർ ചെയ്യേണ്ടതാണ്. ക്രൂരത, ഉപേക്ഷിക്കൽ, പരസ്പര സമ്മതം തുടങ്ങിയവ വിവാഹമോചനത്തിനുള്ള ഏകീകൃത കാരണങ്ങളായി നിയമം പരിഗണിക്കും. 

ഒരാൾക്ക് നിലവിൽ മറ്റൊരു വിവാഹബന്ധം നിലനിൽക്കുമ്പോൾ പുതിയ വിവാഹം കഴിക്കുന്നതിനും നിയമം വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. ബലപ്രയോഗം, നിർബന്ധം, വഞ്ചന തുടങ്ങിയവയിലൂടെ വിവാഹത്തിന് സമ്മതം നേടിയെടുക്കുന്നതും നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. കൂടാതെ ബാലവിവാഹത്തിനും ബഹുഭാര്യത്വത്തിനുമെതിരെ കർശന വ്യവസ്ഥകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

അസമിലെ യു.സി.സിയിൽ ഏറെ ചർച്ചയായ മറ്റൊരു വ്യവസ്ഥ ലിവ്-ഇൻ ബന്ധങ്ങളുടെ രജിസ്ട്രേഷനാണ്. സംസ്ഥാനത്ത് താമസിക്കുന്നവർ ലിവ്-ഇൻ ബന്ധത്തിലാണെങ്കിൽ അത് രജിസ്റ്റർ ചെയ്യണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഒരു മാസത്തിലധികം രജിസ്ട്രേഷൻ കൂടാതെ ഇത്തരമൊരു ബന്ധത്തിൽ തുടരുന്നവർക്ക് പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷാ വ്യവസ്ഥകളുണ്ട്. 

ലിവ്-ഇൻ ബന്ധം അവസാനിക്കുമ്പോഴും അതിന്റെ വിവരം ബന്ധപ്പെട്ട സബ് രജിസ്ട്രാറെ അറിയിക്കണം. പങ്കാളി ഉപേക്ഷിച്ചാൽ സ്ത്രീക്ക് ജീവനാംശം ആവശ്യപ്പെടാനുള്ള അവകാശവും നിയമം നൽകുന്നു. ഇത്തരം ബന്ധത്തിൽ ജനിക്കുന്ന കുട്ടിയെ നിയമപരമായ കുട്ടിയായി കണക്കാക്കുകയും പിതാവിന്റെ സ്വത്തിൽ അവകാശം നൽകുകയും ചെയ്യും. 

അസമിൽ ബിൽ പാസാക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷം വ്യാപകമായ വിമർശനമാണ് ഉന്നയിച്ചത്. വിവാഹം, ബാലവിവാഹം, ബഹുഭാര്യത്വം, സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നിലവിൽ തന്നെ വിവിധ നിയമങ്ങൾ നിലവിലുള്ളതിനാൽ പുതിയ നിയമത്തിന്റെ ആവശ്യകത എന്താണെന്നായിരുന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ചോദ്യം. 

കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് വസീദ് അലി ചൗധരി ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ, നിലവിലുള്ള നിയമങ്ങൾക്കു പുറമെ യു.സി.സി കൊണ്ടുവരുന്നതിന്റെ ആവശ്യകത ചോദ്യം ചെയ്തു. ലിവ്-ഇൻ ബന്ധങ്ങളുടെ നിർബന്ധിത രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വ്യവസ്ഥകളിലും പ്രതിപക്ഷ അംഗങ്ങൾ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. 

അതേസമയം, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള സർക്കാർ, വിവാഹം, വിവാഹമോചനം, ബഹുഭാര്യത്വം, സ്വത്തവകാശം, ലിവ്-ഇൻ ബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ ഏകീകൃത നിയമചട്ടക്കൂട് കൊണ്ടുവരുന്നതിലൂടെ സ്ത്രീകളുടെ അവകാശങ്ങളും നിയമപരമായ സംരക്ഷണവും ശക്തിപ്പെടുത്താനാണ് നിയമമെന്ന് അവകാശപ്പെട്ടു.

Tags:    
News Summary - After Uttarakhand, Gujarat and Assam UCC Bills cleared by President Murmu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.