മകന്റെ സിനിമയുടെ പോസ്റ്റർ അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച് വിജയ്; റോഡ് ഷോയിൽ വൈകാരിക നിമിഷങ്ങൾ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് തന്റെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത 'സിഗ്മ' എന്ന ചിത്രത്തിന് നൽകിയ പിന്തുണയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മധുരാന്തകത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റോഡ്ഷോക്കിടെയാണ് ഏവരും നെഞ്ചിലേറ്റിയ ആ വൈകാരിക നിമിഷം അരങ്ങേറിയത്. വഴിയിലുടനീളം തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരു പ്രവർത്തകൻ നൽകിയ 'സിഗ്മ' എന്ന ചിത്രത്തിന്റെ ഫ്രെയിം ചെയ്ത ഫോട്ടോ വിജയ് വാങ്ങി. തുടർന്ന് ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും അത് തലയ്‌ക്കു മുകളിലേക്ക് ഉയർത്തിപ്പിടിച്ച് ആരാധകർക്കായി കാണിച്ചു.
തന്റെ തിരക്കുപിടിച്ച രാഷ്‌ട്രീയ പ്രവർത്തനങ്ങൾ കാരണം ചിത്രത്തിന്റെ ആദ്യദിന ആദ്യ ഷോക്ക് എത്തുവാൻ വിജയിക്ക് സാധിച്ചിരുന്നില്ല. രാവിലെ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് അദ്ദേഹം പ്രചാരണത്തിനായി മധുരാന്തകത്തേക്ക് തിരിഞ്ഞത്. എങ്കിലും ഒരു പിതാവെന്ന നിലയിൽ മകന്റെ വലിയ നേട്ടത്തിൽ പങ്കുചേരാനും അവനെ പ്രോത്സാഹിപ്പിക്കാനും വിജയ് സമയം കണ്ടെത്തിയത് ആരാധകരുടെ മനം കവർന്നു.
വിജയ് റോഡ്ഷോയിലായിരുന്നപ്പോൾ ചെന്നൈയിലെ കമല സിനിമാസിൽ നടന്ന ആദ്യ ഷോ കാണാൻ സഞ്ജയ്‌യുടെ അമ്മ സംഗീത സ്വർണ്ണലിംഗവും സഹോദരി ദിവ്യ സാഷയും തിയറ്ററിൽ എത്തിയിരുന്നു. 'സിഗ്മ' എന്ന് പതിപ്പിച്ച കറുത്ത ടീ-ഷർട്ട് ധരിച്ചാണ് ദിവ്യ തന്റെ സഹോദരന് പിന്തുണ അറിയിച്ചത്. ചടങ്ങിനെത്തിയ മാധ്യമപ്രവർത്തകരെയും പാപ്പരാസികളെയും പുഞ്ചിരിയോടെ അഭിവാദ്യം ചെയ്ത സംഗീതയും കുടുംബാംഗങ്ങളും സഞ്ജയ്ക്കൊനൊപ്പം ചിത്രം കാണുന്നതിന്റെ സന്തോഷം പങ്കുവെച്ചു.
സന്ദീപ് കിഷൻ നായകനായി എത്തിയ 'സിഗ്മ' എന്ന ഈ ആക്ഷൻ-അഡ്വഞ്ചർ മോഷണചിത്രത്തിലൂടെയാണ് 26-കാരനായ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറുന്നത്. ഒരു വൻ മോഷണ സംഘത്തിന്റെ കുരുക്കിൽപ്പെടുന്ന ഗുരു എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. സിനിമ കണ്ടതിന് ശേഷം തന്റെ അച്ഛൻ ഏറെ അഭിമാനിക്കുമെന്നും അതിനായി അദ്ദേഹം സിനിമ കാണുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സഞ്ജയ് വ്യക്തമാക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.