പ്രശ്നങ്ങൾ മേശക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്യാം; യുദ്ധം പരിഹാരമല്ല, മേഖലയിൽ സമാധാനമുണ്ടാകണം -പാക് പ്രധാനമന്ത്രി

ഇസ്‍ലാമാബാദ്: മേശക്ക് ചുറ്റുമിരുന്ന് ഇന്ത്യക്കും പാകിസ്താനുമിടയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള സന്നദ്ധത പാക് പ്രധാനമന്ത്രി അറിയിച്ചു. പാകിസ്താനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ഷഹബാസ് ശരീഫിന്റെ പ്രതികരണം.

കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ പരിഹാരമാകാതെ മേഖലയിൽ സമാധാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശാശ്വതസമാധാനം കൈവരിച്ചാൽ തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടാമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാൽ, സ്വയംപ്രതിരോധത്തിനുള്ള അവകാശം പാകിസ്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കൃത്യമായ സമയത്ത് ഞങ്ങൾ എന്താണെന്ന് ലോകത്തിന് കാണിച്ച് നൽകും. പാകിസ്താൻ ഇപ്പോൾ പ്രൊബേഷനിലാണ്. അവരുടെ പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്. അല്ലെങ്കിൽ ശക്തമായ ശിക്ഷ അവർക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ ജലമന്ത്രാലയം കേന്ദ്രത്തിന് കത്തയച്ചു. നദീജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 1960ൽ ലോകബാങ്കിന്‍റെ മധ്യസ്ഥതയിൽ രൂപവത്കരിച്ച കരാറിൽനിന്ന് ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പിന്മാറിയത്. ഭീകരതക്കെതിരെ പാകിസ്താൻ ശക്തമായ നിലപാട് സ്വീകരിക്കുന്നതുവരെ കരാർ മരവിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

ഇന്ത്യയുടെ തീരുമാനം പാകിസ്താനിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പാക് ജലമന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു. കരാർ പ്രകാരം സത്ലജ്, ബിയാസ്, രവി എന്നീ കിഴക്കൻ നദികളിലെ ജലം ഇന്ത്യക്കും സിന്ധു, ഝലം, ചിനാബ് എന്നീ പടിഞ്ഞാറൻ നദികളിലെ ജലം പാകിസ്നും ഉപയോഗിക്കാം. എന്നാൽ ഭീകരാക്രമണത്തിനു പിന്നാലെ. ഘട്ടംഘട്ടമായി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് പൂർണമായും തടയുമെന്നാണ് ജൽശക്തി മന്ത്രി സി.ആർ. പാട്ടീൽ പറഞ്ഞത്. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴും നദീജല കരാറിൽ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.

Tags:    
News Summary - Shehbaz Sharif says India, Pakistan should settle outstanding issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.