ലഖ്നോ: പ്രണയിക്കുന്നവർ അങ്ങോട്ടും ഇങ്ങോട്ടും ആഗ്രഹങ്ങൾ നിറവേറ്റനായി പല കാര്യങ്ങളും ചെയ്യുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ, വ്യത്യസ്തമായ ഒരു ആഗ്രഹം നിറവേറ്റലാണ് ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ നടന്നത്. കാമുകന്റെ ആഗ്രഹങ്ങൾ നിറവേറ്റാനായി മോഷ്ടാവായ കാമുകിയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
വീട്ടുജോലി ചെയ്ത് ജീവിക്കുന്നയാളാണ് ആരിവ. പല വീടുകളിലും ശുചീകരണവും മറ്റുമാണ് ജോലി. ഒരു വീട്ടിൽ നിന്നും അവൾക്ക് പ്രതിമാസം 800 രൂപ കിട്ടും. ആരിവയുടെ കാമുകനാണ് അരുൺ. ഇരുവരുടെയും പ്രണയം നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ തന്‍റെ പ്രിയതമന്‍റെ ആഗ്രഹങ്ങൾ നിറവേറ്റാൻ ഈ ജോലി മാത്രം മതിയാവില്ലെന്ന് അവൾക്ക് തോന്നി.
അരുണിന് സ്വന്തമായി ഒരു ബൈക്ക് വേണമെന്നാണ് ആഗ്രഹം. ഇത് അറിഞ്ഞ ആരിവ താൻ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് മോഷണം നടത്താൻ തീരുമാനിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും ആരിവ മോഷ്ടിച്ചു. ഏകദേശം 1.25 ലക്ഷം രൂപ വിലവരുന്ന ഒരു ബൈക്ക് ആരിവ അരുണിനായി സമ്മാനിച്ചു. ശേഷിച്ച സ്വർണവും പണവും അവൾ അരുണിന്റെ വീട്ടിൽ സൂക്ഷിച്ചു. ഇരുവരും ഈ പണവും സ്വർണവും ഉപയോഗിച്ച് സ്വപ്നങ്ങൾക്കായി ജീവിക്കാൻ തുടങ്ങി.
ആരിവ ജോലി ചെയ്യുന്ന ഷാഹിദ് സഗീർ എന്നയാളുടെ വീട്ടിൽ നിന്ന് പല തവണയായി പണം കാണാതാവുന്നുണ്ടായിരുന്നെങ്കിലും വീട്ടുകാർ അതിനെ അത്ര ഗൗരവമായി എടുത്തിരുന്നില്ല. വീട്ടിലുള്ള ആരോ ആവശ്യത്തിന് ചിലവഴിക്കുന്നതായാണ് ഗൃഹനാഥൻ കരുതിയത്. എന്നാൽ, ഒരുതവണ കെട്ടുകണക്കിന് പണവും സ്വർണവും കാണാതായതോടെ പൊലീസിൽ പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതിന് പിന്നിൽ ആരിവയാണെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് ആരിവയും അരുണിന്‍റെയും വീട്ടിൽ നിന്ന് പണവും സ്വർണവും പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.