മുദ്ദസിര്‍ അഹമ്മദ് ശൈഖിന്റെ മാതാവ് ശമീമ അക്തറും പിതാവും റിട്ട. പൊലീസുകാരനായ മുഹമ്മദ് മഖ്സൂദും
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൽ നിന്ന് മരണാനന്തരബഹുമതിയായി ശൗര്യചക്ര സ്വീകരിക്കുന്നു. മുദ്ദസിര്‍ അഹമ്മദ് ശൈഖ് (രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രം)
ശ്രീനഗര്‍: ഭീകരരുമായി ഏറ്റുമുട്ടി രാജ്യത്തിനായി വീരമൃത്യുവരിച്ച പൊലീസുകാരന്റെ ഉമ്മയും ജമ്മു കശ്മീര്‍ അധികൃതര്‍ പാകിസ്താനിലേക്ക് നാടുകടത്തുന്നവരുടെ പട്ടികയിൽ. 2022 മേയിൽ ഭീകരരെ ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ച കോൺസ്റ്റബിള്‍ മുദ്ദസിര്‍ അഹമ്മദ് ശൈഖിന്റെ മാതാവ് ശമീമ അക്തറിനെയാണ് നാടുകടത്തുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
വിദേശ ഭീകരരുടെ സംഘത്തെ പിടികൂടിയ ജമ്മു കശ്മീർ പൊലീസിലെ രഹസ്യാന്വേഷണ സംഘാംഗമായിരുന്നു മുദ്ദസിര്‍. പാക് പൗരത്വമുള്ളവരും പുനരധിവാസ പദ്ധതിപ്രകാരം കീഴടങ്ങിയവരുമായ മുന്‍ ഭീകരരുടെ ബന്ധുക്കളുമടക്കം 60 പേരുടെ പട്ടികയിലാണ് മരണാനന്തരബഹുമതിയായി 2023ൽ രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ച കോൺസ്റ്റബിളിന്റെ മാതാവിനെയും ഉൾപ്പെടുത്തിയത്.
ജമ്മു കശ്മീരിലെ വിവിധ ജില്ലകളിൽ നിന്ന് ഇവരെ പിടികൂടി വാഗാ അതിർത്തിയിൽ പാകിസ്താൻ അധികൃതർക്ക് കൈമാറാനായിരുന്നു തീരുമാനം. എന്നാൽ, കടുത്ത വിമർശനം ഉയർന്നതോടെ ശമീമ അക്തറിനെ പിന്നീട് തിരിച്ചയച്ചതായി ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ശമീമയും ഭര്‍ത്താവും റിട്ട. പൊലീസുകാരനായ മുഹമ്മദ് മഖ്സൂദുമാണ് മുദ്ദസിര്‍ അഹമ്മദ് ശൈഖിനുള്ള ശൗര്യചക്ര പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിൽ നിന്ന് ഏറ്റുവാങ്ങിയത്. ഇതിന്റെ ഫോട്ടോയും വിഡിയോയും രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ, യൂട്യൂബ് അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. മുദ്ദസിറിന്റെ വീട്ടിൽ മരണാനന്തരം ആദരമർപ്പിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷായും ലെഫ്റ്റനന്റ് ഗവർണറും അടക്കമുള്ളവര്‍ എത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ആദരസൂചകമായി ബാരാമുള്ള ടൗൺ സ്ക്വയറിന് ഷഹീദ് മുദ്ദസിര്‍ ചൗക്ക് എന്ന് പേരും നൽകി.
പാക് അധിനിവേശ കശ്മീരിൽനിന്ന് 20ാം വയസ്സിലാണ് ശമീമ ഇന്ത്യയിലെത്തിയത്. 65കാരിയായ ഇവർ 45 വര്‍ഷമായി ഇന്ത്യയിൽ സ്ഥിരതാമസക്കാരിയാണ്. ശമീമയെ നാടകടുത്തരുതെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ബന്ധുക്കള്‍ അഭ്യര്‍ഥിച്ചിരുന്നു. ‘ശമീമ അക്തര്‍ പാക് അധിനിവേശ കശ്മീരിൽനിന്നാണ്. അത് നമ്മുടെ ഭൂമിയാണ്. പാകിസ്താനികളെ മാത്രമാണ് നാടുകടത്തേണ്ടത്’ -സഹോദരൻ മുഹമ്മദ് യൂനസ് പറഞ്ഞു.
ശ്രീനഗറിൽനിന്നുള്ള 36 പേരെയും ബാരാമുള്ള, കുപ്‍വാര എന്നിവിടങ്ങളിൽ നിന്ന് ഒമ്പതുപേരെ വീതവും ബുദ്ഗാമിലെ നാല് പേരെയും ഷോപ്പിയാനിലെ രണ്ടുപേരെയുമാണ് നാടുകടത്തുന്നത്. സി.ആർ.പി.എഫ് ജവാന്റെ ഭാര്യയും പട്ടികയില്‍ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.