തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള സർവീസുകൾ വ്യാപകമായി റദ്ദാക്കുന്ന എയർ ഇന്ത്യ നടപടിയിൽ ആശങ്കയുമായി തിരുവനന്തപുരം എം.പി ശശി തരൂർ. അടുത്ത ഏതാനം മാസത്തേക്ക് വ്യാപകമായി എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കുന്നുണ്ട്. ഇക്കാര്യത്തിൽ എയർ ഇന്ത്യ ചെയർമാൻ കാംബെൽ വിൽസണെ വിളിച്ച് തരൂർ ആശങ്ക അറിയിച്ചു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണർ വിമാനത്താവളങ്ങളിൽ നിന്നുള്ള പല സർവീസുകളും ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ വിമാനത്തിൽ സഞ്ചരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കുന്നത് ഗൾഫിൽ നിന്നുള്ള പ്രവാസികളെ ഉൾപ്പടെ ഗുരുതരമായി ബാധിക്കും. വിദ്യാർഥികൾക്കും വിനോദസഞ്ചാരികൾക്കുമെല്ലാം അത് തിരിച്ചടിയുണ്ടാക്കുമെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏക ബിസിനസ് ക്ലാസ് വിമാനത്തിൽ നിന്നും ഉയർന്ന ക്ലാസ് ഒഴിവാക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തിനെതിരെയും തരൂർ രംഗത്തെത്തി. ഈയൊരു സാഹചര്യത്തിൽ ഇൻഡിഗോ, ആകാശ തുടങ്ങിയ വിമാനകമ്പനികളെ ആശ്രയിക്കാൻ ആളുകൾ നിർബന്ധിതരാകുമെന്നും ശശി തരൂർ പറഞ്ഞു.
നേരത്തെ കുവൈറ്റിൽ നിന്നും കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയിരുന്നു. ഇത് ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്തിരുന്നു. ശൈത്യകാല ഷെഡ്യൂൾ നിലവിൽ വരുമ്പോൾ കൂടുതൽ വിമാനങ്ങൾ കമ്പനി റദ്ദാക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇതിനിടയിലാണ് പ്രതിഷേധവുമായി ശശി തരൂർ എം.പി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.