ശശി തരൂർ
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പല തവണ കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായി സംസാരിച്ചതോടെയാണ് ശശി തരൂര്‍ എം.പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത് ലഭിച്ചത്. ഡല്‍ഹിയില്‍ ബുധനാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൂടിയായ തരൂർ കൂടി പങ്കെടുത്ത മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ കോൺഗ്രസ് വിരുദ്ധ നിലപാടുകളും ചര്‍ച്ചയായത്.
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ശശി തരൂർ പ്രതികരിച്ചുകൊണ്ടിരിക്കുന്നത് മുതിർന്ന നേതാക്കളിലൊരാൾ യോഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നപ്പോൾ, അത് ശരിയല്ലെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തരൂരിനോട് പറഞ്ഞുവെന്നാണ് വിവരം. തന്റെ അഭിപ്രായം വ്യക്തിപരമാണെന്ന് പറഞ്ഞൊഴിയാൻ തരൂർ നോക്കിയെങ്കിലും യോഗം അംഗീകരിച്ചില്ല. വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സമയമല്ല ഇതെന്നും പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണമെന്നും നേതൃത്വം തരൂരിനോട് നിര്‍ദേശിച്ചു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകള്‍ വ്യക്തിപരമായി നടത്തരുതെന്നും തരൂരിനോട് ആവശ്യപ്പെട്ടു.
കുറെ നാളുകളായി കോൺഗ്രസ് നിലപാടിനെതിരെ നിരന്തരം പ്രസ്താവനയിറക്കുന്ന തരൂർ, ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പലതവണ കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞു. 1971ല്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയപ്പോൾ 1971ലെ സാഹചര്യമല്ല 2025ലേതെന്നും ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും പറഞ്ഞ് തരൂർ അതിനെ തള്ളി. അമേരിക്കൻ പ്രസിഡന്റിന്റെ മധ്യസ്ഥത കോൺഗ്രസ് ചോദ്യംചെയ്തപ്പോൾ അത് മധ്യസ്ഥമല്ലെന്ന് പറഞ്ഞ് അതിനെ ലഘൂകരിച്ചു. ഏറ്റവുമൊടുവിൽ പ്രത്യേക പാർലമെന്റ് സമ്മേളനം കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ അത് വേണ്ടെന്നായി തരൂർ.
ശശി തരൂർ പറയുന്നതൊന്നും കോൺഗ്രസ് പാർട്ടിയുടെ നിലപാടല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. മിക്ക വിഷയങ്ങളിലും കോൺഗ്രസ് നിലപാടിന് നേർവിപരീതമായും നരേന്ദ്ര മോദിക്ക് അനുകൂലമായും പ്രസ്താവനയിറക്കുന്ന ശശി തരൂർ ഏറ്റവുമൊടുവിൽ പ്രത്യേക പാർലമെന്റ് സമ്മേളനം നടത്തണമെന്ന കോൺഗ്രസ് ആവശ്യം തള്ളിയതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജയറാം രമേശ്. തരൂർ പറയുന്നത് പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമാണെന്നും ജയറാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.