ശശി തരൂർ

​'നമ്മുടെ രാജ്യത്തിന് എന്തോ ഒരു കുഴപ്പമുണ്ട്'; ബംഗളൂരുവും കരൂരും ആവർത്തിക്കുന്നതിനെ കുറിച്ച് ശശി തരൂർ

തമിഴ്നാട്ടിലെ കരൂരിൽ നടനും ടി.വി.കെ നേതാവുമായ വിജയ് യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേർ ദാരുണമായി മരിച്ച സംഭവത്തിൽ അഗാധ ദുഃഖം പ്രകടിപ്പിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയാണ് അത്തരം ദുരന്തങ്ങൾ തുറന്നുകാട്ടുന്നതെന്ന് ശശി തരൂർ എം.പി പറഞ്ഞു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുന്ന് ഹൃദയഭേദകമാണ്. ബംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11പേരാണ് മരിച്ചത്. അതിനു ശേഷമാണ് കരൂർ ദുരന്തം സംഭവിക്കുന്നത്.

ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനും ജനങ്ങളുടെ സുരക്ഷക്കുമായി സംസ്ഥാന സർക്കാറുകളും കേന്ദ്ര സർക്കാറും ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.

''വളരെ ദുരന്തപൂർണവും വേദനിപ്പിക്കുന്നതുമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ നമ്മുടെ രാജ്യത്തിന് എന്തോ കുഴപ്പമുണ്ട്. എല്ലാവർഷവും ഇതുപോലെ ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. ബംഗളൂരുവിലെ ദുരന്തം ആരും മറന്നിട്ടുണ്ടാകില്ല. ഇത്തരം ദുരന്തങ്ങളിൽ കുഞ്ഞുങ്ങളും സ്ത്രീകളും മരണപ്പെടുന്നു എന്ന് കേൾക്കുമ്പോൾ നമ്മുടെ ഹൃദയം തകർന്നുപോകും'' ശശി തരൂർ പറഞ്ഞു.

​''എന്നെ സംബന്ധിച്ച്, സാധാരണക്കാരെ സംരക്ഷിക്കുന്നതിന് ദേശീയതലത്തിൽ ഒരു വ്യവസ്ഥാപിത നയമെന്ന നിലയിൽ നമുക്ക് എന്തുചെയ്യാൻ കഴിയും എന്നതാണ് വാദം. ഒരു സിനിമാതാരമാകുന്ന രാഷ്ട്രീയക്കാരനെ കേൾക്കാനോ, നമ്മുടെ ക്രിക്കറ്റ് താരങ്ങളെ കാണാനോ ആണ് ആളുകൾ ആവേശത്തോടെ അവിടെയൊക്കെ പോകുന്നത്. ചില നിയമങ്ങളും മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും നിലവിലുണ്ട് എന്നതാണ് അടിസ്ഥാന കാര്യം.

ഏതു സാഹചര്യത്തിലായാലും ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ശക്തമായ നിയമങ്ങളും നടപടികളും സംസ്ഥാന സർക്കാറുകളും കേന്ദ്രസർക്കാറുകളും കൊണ്ടുവരണം എന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്. അങ്ങനെയല്ലാതെ ഇത്തരം ദുരന്തങ്ങളിൽ പെട്ട് പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടമാകുന്നത് തടയാൻ സാധിക്കില്ല​''-ശശി തരൂർ പറഞ്ഞു.

കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന കൂറ്റൻ റാലിക്കിടെ ശനിയാഴ്ച രാത്രി 7.30ഓടെയാണ് തമിഴ്നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത ചൂടും തിക്കുംതിരക്കും കാരണം ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. മരണസംഖ്യ 40 ആയി വർധിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 10 ലക്ഷം രൂപയും വിജയ് 20 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Shashi Tharoor recalls Bengaluru stampede in Karur crowd crush

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.