ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകൾക്ക് പിന്നാലെ അഞ്ച് കിലോ സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചു. അഞ്ച് കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 261 രൂപയാണ് കൂട്ടിയത്. അന്തർസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകുന്നതാണ് ഈ വിലവർധന. നേരത്തെ വിപണിയിൽ അഞ്ച് കിലോ സിലിണ്ടറുകൾക്ക് ക്ഷാമം നേരിട്ടിരുന്നു. സർക്കാർ ഇടപെട്ട് സിലിണ്ടർ ലഭ്യത ഉറപ്പാക്കുന്നതിനിടെയാണ് വൻ വിലവർധന നടപ്പിലാക്കിയത്.
വാണിജ്യ സിലിണ്ടറുകളുടെ (19 കിലോ) വിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് 993 രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായും മുംബൈയിൽ 3,024 രൂപയായും ഉയർന്നു.
ഫെബ്രുവരിക്ക് ശേഷം മൂന്നാം തവണയാണ് ഇത് വില കൂടുന്നത്. മാർച്ചിൽ 144 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ വലിയ വില വർധന. വാണിജ്യ സിലിണ്ടറുകളുടെ വില ഉയർന്നതോടെ റസ്റ്റോറന്റുകളിലും ബേക്കറികളിലും ഭക്ഷണസാധനങ്ങൾക്ക് വില വർധിക്കാൻ ഇടയാക്കും.
അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. പെട്രോൾ, ഡീസൽ വിലയും വിമാന ഇന്ധന നിരക്കും തൽക്കാലം ഉയർത്തിയിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.