ഹൈദരാബാദ്: കോൺഗ്രസ് ഹൈദരാബാദിൽ സംഘടിപ്പിക്കുന്ന പ്രവർത്തക സമിതിക്കിടെ വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ റെഡ്ഢിയുടെ സഹോദരിയുമായ വൈ.എസ് ശർമിളയുടെ കോൺഗ്രസ് പ്രവേശം ഉണ്ടാവില്ലെന്ന് സൂചന.
കോൺഗ്രസ് പ്രവർത്തക സമിതിയുടെ സമാപനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിജയഭേരി റാലിക്ക് ശർമിള എത്തുമെന്ന വാർത്തകളുണ്ടായിരുന്നുവെങ്കിലും സാധ്യതയില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു. കോൺഗ്രസ് നേതാവും അവിഭക്ത ആന്ധ്രപ്രദേശിന്റെ മുൻ മുഖ്യമന്ത്രി വൈ.എസ്.ആർ രാജശേഖര റെഡ്ഢിയുടെ മകളുമായ ശർമിളയുടെ പാർട്ടി കോൺഗ്രസിൽ ലയിക്കാൻ ഏറക്കുറെ ധാരണയായിട്ടുണ്ടെങ്കിലും ഹൈദരാബാദ് പ്രവർത്തക സമിതിക്കിടെ നടക്കില്ലെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.
പ്രവർത്തക സമിതിയോട് അനുബന്ധിച്ച് കോൺഗ്രസ് പ്രഖ്യാപിക്കുന്ന ആറ് ഉറപ്പുകൾക്ക് പുറമെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരായ കുറ്റപത്രവും പുറത്തുവിടും. ഇവയുമായി തെലങ്കാനയിലെ 115 നിയമസഭാ മണ്ഡലങ്ങളിലും പ്രവർത്തകർ ജനങ്ങൾക്കിടയിലേക്കിറങ്ങി ചെല്ലും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് മുതിർന്ന നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തെലങ്കാനയിലെ എട്ടു ജില്ലകളിലൂടെ കടന്നുപോയിരുന്നു. രാഹുലിന്റെ യാത്ര കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതുപോലെ തെലങ്കാനയിലും സംഭവിക്കുമെന്നും ജയ്റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.