പാർലമെന്റിലേക്കുള്ള മാർച്ചിനിടെ പൊലീസ് പ്രതിഷേധക്കാരെ നേരിടുന്നു (ഫയൽ ചിത്രം)
ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിൽ എൻ.ഐ.എ അന്വേഷണം വേണമെന്ന ഹരജി ഇന്ന് പരിഗണിക്കാമെന്ന് ഡൽഹി ഹൈകോടതി. നേരത്തേ, ഇതുസംബന്ധിച്ച മറ്റൊരു ഹരജിയിൽ കേന്ദ്ര സർക്കാറിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചിരുന്നു. ഇതിന് നാലാഴ്ചക്കകം മറുപടി നൽകാനാണ് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചത്.
അഖില ഭാരത് ഹിന്ദു മഹാസഭ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാളാണ്, ഈ വിഷയത്തിൽ പുതിയ ഹർജിയുമായി ഹൈകോടതിയെ സമീപിച്ചത്. ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ ബരുൺ സിൻഹ, പ്രതിഷേധത്തിന്റെ പേരിൽ ഡൽഹിയിലെ സാധാരണ ജനജീവിതത്തിന് തടസ്സമുണ്ടാക്കിയെന്നും റോഡ് ഉപരോധം മൂലം നഗരവാസികൾ ബുദ്ധിമുട്ടിയെന്നും കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത കോടതി, ‘ശരി, നാളെ പരിഗണിക്കാം’ എന്ന് അറിയിക്കുകയായിരുന്നു.
കോക്രോച്ച് ജനത പാർട്ടി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും എൻ.ഐ.ഐക്ക് (ദേശീയ അന്വേഷണ ഏജൻസി) കൈമാറാൻ കോടതി നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പ്രതിഷേധത്തിനിടെ നടന്നതായി ആരോപിക്കപ്പെടുന്ന അക്രമം, പൊതുമുതൽ-സ്വകാര്യ സ്വത്ത് നശിപ്പിക്കൽ, അടിയന്തര സേവനങ്ങൾ തടസ്സപ്പെടുത്തൽ, പൊതുഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങൾക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കാൻ നിർദേശം നൽകണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടിട്ടുണ്ട്.
പ്രതിഷേധവുമായി ബന്ധപ്പെട്ട ജൂലൈ 22ന് കോടതി ഹരജി പരിഗണിച്ചപ്പോൾ, സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും വിഡിയോ തെളിവുകളും കൃത്യമായി സൂക്ഷിക്കാൻ പൊലീസിന് നിർദേശം നൽകിയിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ പൊലീസ് അനാവശ്യവും ക്രൂരവുമായ ബലപ്രയോഗം നടത്തിയെന്ന് ഹരജിക്കാർക്കു വേണ്ടി ഹാജരായ അഡ്വ. എൻ. ഹരിഹരൻ, അഡ്വ. വികാസ് സിങ്, അഡ്വ. ഗോപാൽ ശങ്കരനാരായണൻ എന്നിവർ വാദിച്ചപ്പോഴാണ്, തെളിവുകൾ സൂക്ഷിക്കണമെന്ന് കോടതി നിർദേശിച്ചത്. ആണിതറച്ച ലാത്തികൾ, ഇലക്ട്രിക് ബാറ്റണുകൾ എന്നിവ ഉപയോഗിച്ച് പൊലീസ് ആക്രമണം നടത്തിയെന്നും വനിത പ്രതിഷേധക്കാർക്കുനേരെ ലൈംഗികാതിക്രമങ്ങൾ ഉണ്ടായെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ഹരജികൾ പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നായിരുന്നു, ഡൽഹി പൊലീസിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ വാദം. പ്രതിഷേധക്കാർ അക്രമാസക്തരായെന്നും കല്ലെറിഞ്ഞെന്നും രാജു വാദിച്ചു.
നേരത്തേ, പൊലീസ് അതിക്രമം നടത്തിയെന്ന പരാതികളിൽ അടിയന്തരമായി ഇടപെടാൻ സുപ്രീംകോടതിയും ഡൽഹി ഹൈകോടതിയും വിസമ്മതിച്ചിരുന്നു. ‘ഞങ്ങളുടെയും നിങ്ങളുടെയും സമയം കളയരുത്, ‘ഞങ്ങൾക്ക് യാതൊരു വിഡിയോയും കാണേണ്ടതില്ല...’ എന്നാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കിയത്. പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിന്റെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അത് പരിശോധിക്കണമെന്നും ഹരജിക്കാരൻ അഭ്യർഥിച്ചിട്ടും കോടതി നിരസിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളുടെ മൗലികാവകാശങ്ങൾ ലംഘിച്ചതിൽ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കണമെന്നും, വിഷയത്തിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഡൽഹി ഹൈകോടതിയാകട്ടെ, ഹരജി അടിയന്തരമായി എടുക്കാൻ തയാറാകാതെ പിറ്റേദിവസം പരിഗണിക്കാനായി മാറ്റിവെച്ചു. എല്ലാ കാര്യങ്ങളിലേക്കും കോടതിയെ വലിച്ചിഴയ്ക്കരുത് എന്ന് പരാമർശവും ഹൈകോടതിയിൽ നിന്നുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.