ക്ലോക്ക് കൈവിട്ട പവാറിന് ഇനി 'കൊമ്പുവിളി'; പുതിയ തെരഞ്ഞെടുപ്പ് ചിഹ്നമായി

മുംബൈ: മഹാരാഷ്ട്രയിൽ പോരാട്ടമുഖം തുറന്ന് സ്വന്തം പാർട്ടിയുടെ പുതിയ പേരും ചിഹ്നവും ജനങ്ങൾക്ക് മുമ്പിൽ പ്രഖ്യാപിച്ച് ശരദ് പവാർ. ‘എൻ.സി.പി-ശരദ്ചന്ദ്ര പവാർ’ എന്ന പേര് പവാർ പക്ഷത്തിന് കമീഷൻ നേരത്തെ അനുവദിച്ചിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞദിവസമാണ് ‘കാഹളം മുഴക്കുന്ന മനുഷ്യൻ’ ചിഹ്നമായി അനുവദിച്ചത്.

വിമത നീക്കം നടത്തി ബി.ജെ.പി സഖ്യത്തിൽ ചേർന്ന അജിത് പവാറിന്റേതാണ് യഥാർഥ എൻ.സി.പിയെന്ന് തെരഞ്ഞടുപ്പ് കമീഷൻ വിധിച്ചിരുന്നു. യുവനേതാക്കളെ മുന്നിൽനിർത്തി പുതുതായി പാർട്ടി പടുത്തുയർത്തുമെന്ന് പവാർ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ശനിയാഴ്ച പാർട്ടിയുടെ പുതിയ പേരും ചിഹ്നവും ജനങ്ങൾക്കുമുമ്പിൽ പ്രഖ്യാപിച്ചത്.


പ്രഖ്യാപനത്തിന് മറാത്ത ചക്രവർത്തി ശിവജിയുടെ റായിഗഢിലെ കോട്ട തെരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. മറാത്തികളിലും മറാത്താ രാഷ്ട്രീയത്തിലും ഏറെ സ്വാധീനമുള്ളതാണ് റായിഗഢ് കോട്ട. 1674ൽ ശിവജി അധികാരമേറ്റത് ഈ കോട്ടയിൽവെച്ചാണ്. പുതിയ ചിഹ്നമായ ‘കാഹളം മുഴക്കുന്ന മനുഷ്യനും’ മറാത്തീ സംസ്കാരവുമായും ശിവജിയുടെ കൊട്ടാരവുമായും ബന്ധമുണ്ട്. പ്രധാനികളെ വരവേൽക്കുന്നത് കാഹളംമുഴക്കിയാണ്. 83കാരനായ പവാറിനെ മഞ്ചലിലേറ്റിയാണ് കോട്ടയിലെത്തിച്ചത്.

‘ജനകീയ സർക്കാർ സ്ഥാപിക്കാൻ സമരം അനിവാര്യമാണ്. അതിനാൽ ‘കാഹള’ ചിഹ്നത്തെ ശക്തിപ്പെടുത്തണം. ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാറിനുവേണ്ടിയുള്ള പുതിയ പോരാട്ടം തുടങ്ങാനുള്ള പ്രചോദനമാണിത്’ -ശരദ് പവാർ പറഞ്ഞു.

 

കഴിഞ്ഞ വർഷം ജൂലൈയിലാണ് ശരദ് പവാറിന്‍റെ അനന്തരവൻ കൂടിയായ അജിത് പവാർ എൻ.സി.പിയെ പിളർത്തി ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ നേടിയത്. തുടർന്ന്, ശിവസേന- ഏക്നാഥ് ഷിൻഡെ വിഭാഗത്തോടും ബി.ജെ.പിയോടും സഖ്യം ചേർന്ന് മഹാരാഷ്ട്ര മന്ത്രിസഭയുടെ ഭാഗമാകുകയും ചെയ്തിരുന്നു.

തങ്ങളാണ് യഥാർഥ എൻ.സി.പി.യെന്ന് അവകാശപ്പെട്ട് ഇരുവിഭാഗവും തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയായിരുന്നു. തുടർന്ന്, നിയമസഭയിലെ ഭൂരിഭാഗം പാർട്ടി എം.എൽ.എമാരും അജിത്തിനോടൊപ്പം നിൽക്കുന്നത് കണക്കിലെടുത്താണ് പാർട്ടി പേരും ചിഹ്നമായ ക്ലോക്കും അദ്ദേഹത്തിന് നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനമെടുത്തത്. ശരദ് പവാർ വിഭാഗത്തിന് കനത്ത തിരിച്ചടിയായിരുന്നു ഈ തീരുമാനം.

പാർട്ടി പേരും ചിഹ്നവും നഷ്ടമായതിന് പിന്നാലെ ശരദ് പവാർ വിഭാഗത്തിന് മഹാരാഷ്ട്ര നിയമസഭയിലും തിരിച്ചടിയേറ്റിരുന്നു. അജിത് പവാർ വിഭാഗം എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം സ്പീക്കർ രാഹുൽ നർവേകർ തള്ളുകയായിരുന്നു. അജിത് പവാർ വിഭാഗത്തെ യഥാർഥ എൻ.സി.പിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി. അയോഗ്യരാക്കണമെന്ന് പരസ്പരം ആവശ്യപ്പെട്ടുകൊണ്ട് ഇരുപക്ഷവും പരാതി നൽകിയിരുന്നു. ഇതിൽ വാദം കേട്ട ശേഷമാണ് ഇരുപക്ഷത്തിന്‍റെയും പരാതികൾ സ്പീക്കർ തള്ളിയത്. 

Tags:    
News Summary - Sharad Pawar unveils symbol of his NCP group at Raigad fort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.