ഷാഫി സഅദി കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചപ്പോൾ

കർണാടക വഖഫ് ബോർഡ്: ഷാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചു

ബംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സഅദി ഉൾപ്പെടെ നാലുപേരുടെ നോമിനേഷൻ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ വഖഫ് ബോർഡ് നിലവിൽ വരുന്നത് വരെ ഇവർ തന്നെ തുടരും. ഷാഫി സഅദിയോടൊപ്പം ബി.ജെ.പി സർക്കാർ വഖഫ് ബോർഡിലേക്ക് നാമനിർദേശം ചെയ്ത മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫിസർ സെഹറ നസീം എന്നിവരുടെ അംഗത്വമാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നത്. നോമിനേഷൻ റദ്ദാക്കുന്നതറിഞ്ഞ് കഴിഞ്ഞ ദിവസം ഷാഫി സഅദി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ചെന്നുകണ്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ നോമിനേഷൻ റദ്ദാക്കിയത് പിൻവലിച്ചിരിക്കുന്നത്.

ബി.ജെ.പിയുമായി സജീവ ബന്ധം നിലനിർത്തുന്ന ഷാഫി സഅദി, 2021 ന​വം​ബ​ർ 17നാണ് ​വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വിജയിച്ചത്. ഷാഫി സഅദിയുടെ ജയം തങ്ങളുടെ ജയമായി അന്ന് ബി.ജെ.പി ആഘോഷിച്ചിരുന്നു. കോൺഗ്രസ് പിന്തുണയുണ്ടായിരുന്ന ആസിഫ് അലി ഷെയ്ക്ക് ഹുസൈനെയാണ് അന്ന് ഷാഫി സഅദി പരാജയപ്പെടുത്തിയിരുന്നത്. ക​ർ​ണാ​ട​ക മു​സ്‍ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായിരുന്ന ഷാഫി സഅദി, 2010ലും 2016ലും എസ്.എസ്.എഫ് കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇതിനിടെ, പുതിയ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​റി​ൽ മു​സ്‍ലിം​ക​ൾ​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദ​വിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും ന​ൽ​ക​ണ​മെ​ന്ന് കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഷാഫി സഅദി ആവശ്യപ്പെട്ടിരുന്നു. ഷാഫി സഅദിയുടെ പ്രസ്താവനയിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് വിജയം നേടിയതിന്റെ ആപല്‍ക്കരമായ സ്വഭാവം വെളിപ്പെട്ടിരിക്കുന്നു​വെന്നാണ് ഇതേക്കുറിച്ച് ‘ജന്മഭൂമി’ മുഖപ്രസംഗം എഴുതിയത്. ഷാ​ഫി സ​അ​ദി​യു​ടെ പ്ര​സ്താ​വ​ന വ്യ​ക്തി​പ​ര​മാ​ണെ​ന്നും മു​സ്‍ലിം സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത​ല്ലെ​ന്നുമാണ് 22 മു​സ്‍ലിം സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ർ​ണാ​ട​ക മു​സ്‍ലിം മു​ത്ത​ഹി​ദ മ​ഹ​സ് ക​ൺ​വീ​ന​ർ മ​സൂ​ദ് അ​ബ്ദു​ൽ​ഖാ​ദ​ർ അന്ന് ‘മാ​ധ്യ​മ’​ത്തോ​ട് പറഞ്ഞത്.

Tags:    
News Summary - Shafi Saadi's nomination cancellation issue in karnataka waqf board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.