പാറ്റ്ന: ബിഹാറിലെ ജനങ്ങൾക്ക് ലഡാക്കിലെ പ്രശസ്തമായ സിന്ധു നദീതീരത്തേക്ക് തീർത്ഥാടനം നടത്തുന്നതിനായി ആളൊന്നിന് ₹20,000 വരെ സാമ്പത്തിക സഹായം നൽകാൻ ബിഹാർ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ക്യാബിനറ്റ് യോഗത്തിലാണ് 'സിന്ധു ദർശൻ തീർത്ഥാടന ധനസഹായ ഗ്രാന്റ് പദ്ധതി 2026'-ന് ഔദ്യോഗിക അംഗീകാരം നൽകിയത്.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ സിന്ധു നദി സന്ദർശിക്കാൻ കൂടുതൽ സാധാരണക്കാർക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ച ഈ നിർദ്ദേശത്തിനൊപ്പം മറ്റ് 28 സുപ്രധാന തീരുമാനങ്ങൾക്കും ക്യാബിനറ്റ് അനുമതി നൽകിയിട്ടുണ്ട്.
തീർത്ഥാടകർക്ക് അവരുടെ ആകെ യാത്രാച്ചെലവിന്റെ 50 ശതമാനം അല്ലെങ്കിൽ പരമാവധി ₹20,000 (ഇതിൽ ഏതാണോ കുറവ്) സംസ്ഥാന സർക്കാർ തിരികെ നൽകും. ഈ ധനസഹായം മുൻകൂറായി ലഭിക്കുന്നതല്ല. തീർത്ഥാടകർ സ്വന്തം ചെലവിൽ ലഡാക്കിലെ സിന്ധു ദർശൻ യാത്ര പൂർത്തിയാക്കിയ ശേഷം യഥാർത്ഥ യാത്രാ ബില്ലുകൾ സഹിതം നിശ്ചിത മാനദണ്ഡപ്രകാരം അപേക്ഷ സമർപ്പിക്കുമ്പോൾ മാത്രമേ തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവുകയുളളു.
ലഡാക്കിലേക്കുള്ള പൊതുവായ വിനോദസഞ്ചാര യാത്രകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സാംസ്കാരിക-ആത്മീയ പ്രാധാന്യമുള്ള സിന്ധു ദർശൻ തീർത്ഥാടനത്തിന് പോകുന്നവർക്ക് മാത്രമായിരിക്കും ഈ സബ്‌സിഡി. അപേക്ഷകർ നിർബന്ധമായും ബിഹാറിലെ സ്ഥിരതാമസക്കാരായ പൗരന്മാരായിരിക്കണം. അപേക്ഷിക്കുന്ന വ്യക്തിക്ക് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം. ഈ പദ്ധതി പ്രകാരം ഒരു വർഷം പരമാവധി 100 തീർത്ഥാടകർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
ലഡാക്ക് പദ്ധതിക്ക് പുറമെ, ബിഹാറിലെ ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി 'ഹെലി ടൂറിസം' പദ്ധതിക്കും ക്യാബിനറ്റ് അനുമതി നൽകി. ഇതനുസരിച്ച് തലസ്ഥാനമായ പാറ്റ്നയിൽ നിന്ന് രാജ്ഗിർ (₹4,000), കൈമൂർ (₹6,000), വാൽമീകിനഗർ (₹5,000) തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഹെലികോപ്റ്റർ സർവിസുകൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.