ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എം.പിമാരും മുൻ എം.പിമാരുമായി 51 പേർ അന്വേഷണം നേരിടുന്നതായി ഇ.ഡി സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ സിറ്റിങ് എം.പിമാർ എത്രയുണ്ടെന്ന് പ്രത്യേകം പരാമർശിച്ചിട്ടില്ല. നിയമസഭ അംഗങ്ങളും ലെജിസ്ലേറ്റിവ് കൗൺസിൽ അംഗങ്ങളുമായി 71 പേർക്കെതിരെ ആരോപണം നിലനിൽക്കുന്നുണ്ട്.
എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയെ അമിക്കസ് ക്യൂറിയായി നിയമിച്ചതായും ഇ.ഡി കോടതിയെ അറിയിച്ചു. എം.എൽ.എമാർക്കും എം.പിമാർക്കും എതിരെ സി.ബി.ഐ എടുത്ത 121 കേസുകൾ തീർപ്പു കൽപിക്കാനുണ്ടെന്നാണ് റിപ്പോർട്ട്.
നിയമനിർമാതാക്കൾക്കെതിരെ സി.ബി.ഐയും മറ്റ് ഏജൻസികളും എടുക്കുന്ന കേസുകളിൽ വേഗത്തിലുള്ള അന്വേഷണവും വിചാരണയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി കാലാകാലങ്ങളിൽ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്.
എം.പിമാർക്കും എം.എൽ.എമാർക്കും എതിരെ അഞ്ചു വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസുകളുടെ വിശദാംശങ്ങളും അവ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നടപടികളെക്കുറിച്ചും വിവരം നൽകാൻ എല്ലാ ഹൈകോടതികളോടും സുപ്രീംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.