ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെതിരെ കർഷകർ ഗതാഗത സ്തംഭിപ്പിക്കൽ സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ സ്റ്റേഷനുകൾ അടച്ചിട്ടു. മൂന്ന് മണിക്കൂറാണ് കർഷകരുടെ ഗതാഗതം സ്തംഭിപ്പിക്കൽ (ചക്ക ജാം) സമരം.
മണ്ഡി ഹൗസ്, ഐ.ടി.ഒ, ഡൽഹി ഗേറ്റ്, വിശ്വവിദ്യാലയ, ലാൽ കിലാ, ജമാ മസ്ജിദ്, ജൻപത്, സെൻട്രൽ സെക്രട്ടറിയറ്റ്, ഖാൻ മാർക്കറ്റ്, നെഹ്റു പാലസ് എന്നീ സ്റ്റേഷനുകളാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി അടച്ചിട്ടത്.
റോഡ് സ്തംഭിപ്പിക്കൽ സമരത്തെ തുടർന്ന് കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഗാസിപൂർ അതിർത്തിയിൽ കൂടുതൽ കണ്ണീർ വാതക വാഹനങ്ങൾ വിന്യസിച്ചു. റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ കൂടുതൽ അക്രമ സംഭവങ്ങൾ അരങ്ങേറിയ ചെങ്കോട്ടയിലും സുരക്ഷ ശക്തമാക്കി.
മൂന്നുമണിക്കൂർ സംസ്ഥാന ദേശീയ പാതകൾ മാത്രമാണ് കർഷകർ സ്തംഭിപ്പിക്കുക. ആംബുലൻസുകൾ, സ്കൂൾ ബസുകൾ തുടങ്ങിയവ തടയില്ലെന്നും സമരം പൂർണമായും സമാധാനപരമായിരിക്കുമെന്നും കർഷക സംഘടനകൾ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.