ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയേകിക്കൊണ്ട് അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തതിന് അയോഗ്യരാക്കപ്പെട്ട ആറ് കോൺഗ്രസ് എം.എൽ.എമാരും മൂന്ന് സ്വതന്ത്ര എം.എൽ.എമാരുമാണ് ബി.ജെ.പിയിൽ ചേർന്നത്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്‍റെ സാന്നിധ്യത്തിൽ ഇവർ ബി.ജെ.പി അംഗത്വമെടുത്തു.
കോൺഗ്രസ് വിമത എം.എൽ.എമാരായ സുധീർ ശർമ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലകാൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ ഭൂട്ടോ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. പാർട്ടി വിപ്പ് ലംഘിച്ച് ബി.ജെ.പിക്ക് വോട്ട് ചെയ്തതിന് പിന്നാലെ ഫെബ്രുവരി 29ന് ഇവരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. ഇതിന് പിന്നാലെ ഇവരുടെ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്വതന്ത്ര എം.എൽ.എമാരായ ആശിഷ് ശർമ, ഹോഷിയാർ സിങ്, കെ.എൽ. താക്കൂർ എന്നിവരും ബി.ജെ.പിയിലെത്തി. ഇവർ വെള്ളിയാഴ്ച രാജി സമർപ്പിച്ചിരുന്നു. ഇവരുടെ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തും.
ഹിമാചൽ പ്രദേശ് സർക്കാറിനെ താഴെയിറക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്ന് കോൺഗ്രസ് നിരന്തരം ആരോപിച്ചിരുന്നു. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 അംഗങ്ങളാണുണ്ടായിരുന്നത്. കൂറുമാറിയ ആറ് പേരെ അയോഗ്യരാക്കിയതോടെ ഇത് 34 ആയി താഴ്ന്നിരുന്നു. ആറ് ഒഴിവുകൾ വന്നതോടെ കേവല ഭൂരിപക്ഷത്തിന് 32 സീറ്റ് മതി. 25 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.