പാക്​ പ്രധാനമന്ത്രി മൂത്ത സഹോദരനെന്ന്​ സിദ്ദു; മക്കളെ അതിർത്തിയിലേക്ക്​ വിടാൻ ഗംഭീർ

പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തനിക്ക്​ ഏറ്റവും മുതിർന്ന സഹോദരനാണെന്ന്​ പറഞ്ഞതിന്​ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിനെതിരെ ഉറഞ്ഞുതുള്ളി ഗൗതം ഗംഭീർ എംപി. സഹോദരനെ അത്രക്ക്​ ഇഷ്​ടമാണെങ്കിൽ സ്വന്തം മക്കളെ പാകിസ്​താൻ അതിർത്തിയിലേക്ക്​ അയക്കാൻ ഗംഭീർ സിദ്ദുവിനെ വെല്ലുവിളിച്ചു.

പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 'മൂത്ത സഹോദരൻ' എന്നു വിളിച്ച പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിനെതിരെയാണ്​ രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ എംപി രംഗത്തെത്തിയത്​. 'മകനെയോ മകളെയോ അതിർത്തിയിലേക്ക്​ വിട്​. എന്നിട്ട്​ തീവ്രവാദ രാഷ്​ട്രത്തിന്‍റെ തലവനെ മുതിർന്ന സഹോദരൻ എന്ന്​ വിളിക്ക്​' -ഗംഭീർ പറയുന്നു. ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുംമുൻപ് സിദ്ദുവിന്‍റെ മക്കളെ അതിർത്തിയിലേക്കു വിടണമെന്നാണ്​ ഗംഭീർ പ്രതികരിച്ചത്​.

പാകിസ്​താന്‍ സ്പോൺസർ‌ ചെയ്യുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യ 70 വർഷമായി പോരാടുകയാണ്. 'ഭീകരരുടെ രാജ്യത്തിന്‍റെ' പ്രധാനമന്ത്രിയെ സിദ്ദു മൂത്ത സഹോദരനെന്നു വിളിക്കുന്നതു നാണക്കേടാണെന്നും ഗംഭീർ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ പാകിസ്​താനി ഭീകരർ കശ്മീരിൽ‌ നാൽപതിലേറെ സാധാരണക്കാരേയും സൈനികരെയും കൊലപ്പെടുത്തിയത് സിദ്ദുവിന് ഓർമയുണ്ടോയെന്നും ഗംഭീർ ചോദിച്ചു. കർതാർപുർ സിഖ്​ തീർത്ഥാടന കേന്ദ്രം സന്ദർശിച്ച സിദ്ദു ഇമ്രാൻ ഖാനെ 'ബഡാ ഭായ്' എന്ന് വിളിച്ചതിനെതിരെ ബി.ജെ.പി രൂക്ഷമായി പ്രതികരിച്ച്​ രംഗത്തെത്തിയിരുന്നു. പാകിസ്​താനിലെ കർതാർപുർ സാഹിബ് ഗുരുദ്വാര സന്ദർശിച്ച ശേഷമാണ് സിദ്ദു പാക്ക് പ്രധാനമന്ത്രിയെ പുകഴ്ത്തിയത്. 'ഇമ്രാൻ ഖാൻ‌ എന്‍റെ മൂത്ത സഹോദരനാണ്. ഞാൻ ആദരിക്കപ്പെട്ടു. അദ്ദേഹം ഞങ്ങള്‍ക്കു വളരെയേറെ സ്നേഹം നൽകി എന്നാണ്​ സിദ്ദു പറഞ്ഞത്​. പാക്​ സൈനിക മേധാവി ജനറൽ ബജ്‍വയെ പുകഴ്ത്തി സംസാരിച്ചതിനും സിദ്ദു വിവാദത്തിലായിട്ടുണ്ട്​. അതേസമയം, പാകിസ്​താനിൽ പോയി അവിടുത്തെ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച ബി.ജെ.പി തങ്ങളെ രാജ്യ സ്​നേഹം പഠിപ്പിക്കണ്ട എന്നാണ്​ സിദ്ദുവിനെ പിന്തുണക്കുന്നവരുടെ നിലപാട്​. 

Tags:    
News Summary - Send Your Children To Border -Gautam Gambhir Attacks Navjot Sidhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.