പിറന്നാൾ ആഘോഷം: 251 കിലോമീറ്റർ വേഗത്തിലെത്തിയ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം, മലയാളി യുവതി മരിച്ചു

മുംബൈ: പിറന്നാൾ ആഘോഷത്തിനിടെ ആഡംബര കാർ നിയന്ത്രണം വിട്ട് മലയാളി യുവതി മരിച്ചു. കോട്ടയം സ്വദേശിയും ബാന്ദ്ര നിവാസിയുമായ റബേക്ക ജേക്കബ് (24), സുഹൃത്ത് യോഗേഷ് കിഷൻ (24) എന്നിവരാണ് മരിച്ചത്. ബദ്‌ലാപുരിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന അങ്കദ് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച പുലർച്ചെ 2.30ഓടെ ബദ്‌ലാപുരിനടുത്തുള്ള ഈരഞ്ജാദിലാണ് സംഭവം. നിർമാണം നടക്കുന്ന മുംബൈ-ഡൽഹി എക്സ്പ്രസ് വേയിൽ ബദ്‌ലാപുരിന് സമീപം നിയന്ത്രണം വിട്ട ബി.എം.ഡബ്ല്യു കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ടുപേരും തൽക്ഷണം മരണപ്പെടുകയായിരുന്നു.

ശനിയാഴ്ച രാത്രി സുഹൃത്തുക്കൾ ബദ്‌ലാപുർ വെസ്റ്റിൽ ഒത്തുകൂടി റബേക്കയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. ഇതിനുശേഷം അങ്കദിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യു കാറിൽ പുറത്തിറങ്ങുകയായിരുന്നു. പൊതുജനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതിയില്ലാത്ത, നിർമാണം നടക്കുന്ന എക്സ്പ്രസ് വേയുടെ ഭാഗത്തുകൂടിയാണ് ഇവർ വണ്ടിയോടിച്ചത്. 10 വരി പാതയായതിനാൽ കാർ വേഗതയിലാണ് ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

മണിക്കൂറിൽ 251 കിലോമീറ്റർ വേഗത്തിലാണ് കാർ സഞ്ചരിച്ചത്. റോഡിലെ സിമന്റ് ബാരിക്കേഡുകളോ ഡിവൈഡറോ വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് സെൻട്രൽ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ റോഡിൽ പലതവണ മറിഞ്ഞുവെന്നും വാഹനം പൂർണമായും തകർന്ന നിലയിലാണെന്നും പൊലീസ് പറഞ്ഞു. മുംബൈ-വഡോദര ഹൈവേയിൽ ടിറ്റ്‌വാല ഭാഗത്തുനിന്ന് ബദ്‌ലാപുരിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

'പുലർച്ചെ നടക്കാനിറങ്ങിയപ്പോൾ കാർ അതിവേഗത്തിൽ ഞങ്ങളെ കടന്നുപോയെന്നും മൂന്നാമത്തെ റൗണ്ടിൽ വലിയൊരു സ്ഫോടന ശബ്ദം കേട്ടുവെന്നും നോക്കിയപ്പോൾ കാർ പൂർണമായും തകർന്നുവെന്നും' ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു. കാർ ഓടിച്ചിരുന്നത് അങ്കദ് ആണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിന്റെ സൺറൂഫ് തുറന്നിട്ട നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലിരുന്നവർ 500 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. ശരീരഭാഗങ്ങൾ റോഡിന്റെ പല ഭാഗങ്ങളിലായി 100 മീറ്റർ ദൂരത്ത് ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. കാറിന്റെ എഞ്ചിൻ ഇടി നടന്ന സ്ഥലത്തുനിന്നും 30 മീറ്റർ അകലെയാണ് തെറിച്ചുവീണിട്ടുള്ളത്. സംഭവത്തിൽ ബദ്‌ലാപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാന്ദ്ര വെസ്റ്റ് പാലി ഹിൽ റോഡ് 21 ആബാർ അപ്പാർട്മെന്റ്സിൽ ബാബു ജേക്കബിന്റെയും ഗേളിയുടെയും മകളാണ് മരണപ്പെട്ട റബേക്ക. സഹോദരി: റേച്ചൽ.

Tags:    
News Summary - Birthday celebration: Malayali woman dies after car hits divider at 251 kmph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.